IPL 2020: മുംബൈക്കെതിരായ മത്സര ശേഷം നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല- കെ എല്‍ രാഹുല്‍
ദുബായ്: എഴുതിത്തള്ളിയവരുടെ മുന്നിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. തുടര്‍ തോല്‍വികളോടെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പഞ്ചാബ് അവസാന മൂന്ന് മത്സരവും വിജയിച്ച് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് പഞ്ചാബ്. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ സൂപ്പര്‍ ടീമുകളെ തകര്‍ത്താണ് പഞ്ചാബിന്റെ മടങ്ങിവരവെന്നതാണ് ശ്രദ്ധേയം. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം സൂപ്പര്‍ ഓവറിലെ ജയമാണ് പഞ്ചാബിന് തിരിച്ചുവരവിന് കരുത്ത് നല്‍കിയത്. ഇപ്പോഴിതാ മുംബൈക്കെതിരായ സൂപ്പര്‍ ഓവര്‍ വിജയത്തിന് ശേഷം രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. ഡല്‍ഹിക്കെതിരായ മത്സര ശേഷമാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

'പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീമുകളെയാണ് അവസാന മത്സരങ്ങളില്‍ പഞ്ചാബ് പരാജയപ്പെടുത്തിയത്. മുംബൈക്കെതിരായ രണ്ടാം സൂപ്പര്‍ ഓവറിലെ വിജയത്തിന് ശേഷം എനിക്ക് നന്നായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ ഓവറിലേക്ക് നീളാതെ മത്സരം അവസാനിപ്പിക്കാന്‍ ശ്രമിക്കണമായിരുന്നു. ഈ മത്സരം എന്നെ ശാന്തനായി ഇരിക്കാന്‍ പഠിപ്പിച്ചു. അവസാന ജയങ്ങള്‍ വളരെയധികം ആത്മവിശ്വാസം നല്‍കുന്നു'- രാഹുല്‍ പറഞ്ഞു.

തകര്‍പ്പന്‍ ടീമുണ്ടായിട്ടും തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ കെ എല്‍ രാഹുലിനെതിരേ വളരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ ഓറഞ്ച് ക്യാപ് നേടാന്‍ ശ്രമിക്കുകയാണെന്നും ജയം ലക്ഷ്യം വെക്കുന്നില്ലെന്നും വരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളില്‍ ശക്തരായ ടീമുകളെ തകര്‍ത്ത് രാഹുല്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ ബാറ്റിങ് തന്നെയാണ് പഞ്ചാബിന്റെ നട്ടെല്ല്. ഒരു സെഞ്ച്വറിയടക്കം 10 മത്സരത്തില്‍ നിന്ന് 540 റണ്‍സടിച്ച രാഹുലാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ശിഖര്‍ ധവാന്റെ (106*) സെഞ്ച്വറിക്കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് ഒരോവര്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. നിക്കോളാസ് പുരാന്‍ (28 പന്തില്‍ 53), ഗ്ലെന്‍ മാക്‌സ് വെല്‍ (24 പന്തില്‍ 32), ക്രിസ് ഗെയ്ല്‍ (13 പന്തില്‍ 29) എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹിക്കെതിരായ മത്സരത്തെക്കുറിച്ച് രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'ആറ് ബാറ്റ്‌സ്മാനും ഒരു ഓള്‍റൗണ്ടറുമായി കളിക്കാനിറങ്ങുമ്പോള്‍ ടോപ് നാലിലെ താരങ്ങള്‍ത്തന്നെ കളി തീര്‍ക്കാന്‍ ശ്രമിക്കണം. അതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അവസാന മത്സരത്തിന് ശേഷം ഷമിയുടെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. അര്‍ഷദീപ് ആറ് യോര്‍ക്കറുകളാണ് ഡല്‍ഹിക്കെതിരേ എറിഞ്ഞത്. നെറ്റ്‌സില്‍ മാക്‌സ് വെല്‍ മനോഹരമായാണ് ബാറ്റ് ചെയ്തത്. ടീമിന്റെ സംതുലിതാവസ്ഥയ്ക്ക് അവന്‍ വേണം. ഒരിക്കലും പുറത്തിരുത്തില്ല'- രാഹുല്‍ പറഞ്ഞു. 24ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications