ഐപിഎല്‍: അടുത്ത സീസണില്‍ ഇവര്‍ തെറിക്കും!! ടീമുകള്‍ക്കു പുതിയ ക്യാപ്റ്റന്‍മാര്‍, സാധ്യതകള്‍ ഇങ്ങനെ..

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനകം ചില താരങ്ങളുടെ കൂടുമാറ്റമെല്ലാം ഐപിഎല്ലുമായി ബന്ധപ്പെട്ടു കണ്ടു കഴിയുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ഫ്രാഞ്ചൈസികള്‍ പുതിയ മുഖവുമായിട്ടായിരിക്കും അടുത്ത സീസണില്‍ ഇറങ്ങാന്‍ സാധ്യത. ടീമിനെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായി ചില ഫ്രാഞ്ചൈസികള്‍ ക്യാപ്റ്റനെ മാറ്റാനും സാധ്യതയേറെയാണ്. പുതിയ സീസണില്‍ നായകനെ മാറ്റിയേക്കാവുന്ന ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്
പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഐപിഎല്ലായിരുന്നു കഴിഞ്ഞ തവണത്തേത്. പ്ലേഓഫ് വരെയെത്തി തരക്കേടില്ലാത്ത പ്രകടനവും അവര്‍ക്കു നടത്താനായിരുന്നു. ക്യാപ്റ്റന്‍സിയേക്കാളുപരി ചില താരങ്ങളുടെ വണ്‍മാന്‍ ഷോയാണ് രാജസ്ഥാന് കരുത്തായത്. അജിങ്ക്യ രഹാനെയായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍. പക്ഷെ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല സ്വന്തം പ്രകടനത്തിലും രഹാനെ നിരാശപ്പെടുത്തി.
അടുത്ത സീസണില്‍ രഹാനെയ്ക്കു പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരമായ ജോസ് ബട്‌ലറെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയേക്കും. കഴിഞ്ഞ തവണ ബട്‌ലറുടെ ചില തീപ്പൊരി ഇന്നിങ്‌സുകളാണ് രാജസ്ഥാനെ പ്ലേഓഫ് വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായത്. അടുത്ത സീസണിലും ടീമിന്റെ തുറുപ്പുചീട്ട് അദ്ദേഹം തന്നെയാവും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
വന്‍ താരനിരയുണ്ടായിട്ടും കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്ത്യന്‍ സ്പിന്നറായ ആര്‍ അശ്വിനായിരുന്നു ടീമിനെ നയിച്ചത്. സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ താരത്തിന്റെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ടീം തോല്‍വികളിലേക്കു കൂപ്പുകുത്തിയതോടെ അശ്വിനും ക്രൂശിക്കപ്പെട്ടു. താരമെന്ന നിലയില്‍ അശ്വിന്‍ ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു.
അടുത്ത സീസണില്‍ അശ്വിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കിയേക്കുമെന്നാണ് സൂചന. ഒരുപക്ഷെ പ്ലെയിങ് ഇലവനില്‍പ്പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനായി ഒട്ടേറെ റണ്‍സ് വാരിക്കൂട്ടിയ ലോകേഷ് രാഹുലിന് പുതിയ നായകനായി നറുക്ക് വീണേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ഡല്‍ഹി ഡെയര്‍ഡവിള്‍സ്
ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മോശം റെക്കോര്‍ഡുള്ള ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സും അടുത്ത സീസണില്‍ ക്യാപ്റ്റനെ മാറ്റിയേക്കും. കഴിഞ്ഞ സീസണിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ ഗൗതം ഗംഭീറായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ടീമിന് തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ടതോടെ നായകസ്ഥാനമൊഴിഞ്ഞ ഗംഭീര്‍ സ്വയം പ്ലെയിങ് ഇലവനില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതാരം ശ്രേയസ് അയ്യരാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത്. ശ്രേയസ്സിനു കീഴില്‍ മോശമല്ലാത്ത പ്രകടനവും ഡല്‍ഹി നടത്തിയിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ ശ്രേയസിന്റെ പല തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ശ്രേയസിനു പകരം ടീമില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഡല്‍ഹി നായകസ്ഥാനമേല്‍പ്പിക്കാനുള്ള സാധ്യതയേറെയാണ്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച അനുഭവസമ്പത്തും ധവാനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications