
ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഓസ്‌ട്രേലിയ)
മഞ്ഞ ജഴ്‌സി ധരിക്കുന്നതു കൊണ്ടു മാത്രമല്ല ക്രിക്കറ്റിലെ മുടിചൂടാമന്നര്‍മാരായ ഓസ്‌ട്രേലിയന്‍ ടീമുമായി ഏറെ സാമ്യമുള്ള ടീമാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്. 2010, 11 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ചെന്നൈ ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്‍മാരാവുന്ന ആദ്യ ടീമായി ചെന്നൈ ഇതോടെ മാറിയിരുന്നു.
1999ലെ ലോകകപ്പ് വിജയത്തിനു ശേഷം ഓസ്‌ട്രേലിയയും പിന്നീട് ക്രിക്കറ്റ് ലോകം ഭരിക്കുന്നതാണ് കണ്ടത്. പിന്നീട് തുടര്‍ച്ചയായി രണ്ടു തവണ ഓസീസ് ലോകകിരീടത്തില്‍ മുത്തമിട്ടു.
കളിയുടെ കാര്യത്തിലും ചെന്നൈയും ഓസീസും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ജയത്തിന് വേണ്ടി അവസാനവട്ടം വരെ പോരാടുന്നവരാണ് ഇരുടീമും. മാത്രമല്ല രണ്ടു മികച്ച ക്യാപ്റ്റന്‍മാരെയും ഇരുടീമുകള്‍ക്കും ലഭിച്ചു. എംഎസ് ധോണി ഇപ്പോഴും ചെന്നൈയെ നയിക്കുമ്പോള്‍ ഓസീസിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് കളി മതിയാക്കി കളംവിട്ടു.

മുംബൈ ഇന്ത്യന്‍സ് (ഇന്ത്യ)
ചെന്നൈ ഐപിഎല്ലിലെ ഓസ്‌ട്രേലിയയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ദേശീയ ടീമാണ്. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പോലെ ചെന്നൈ-മുംബൈ പോരാട്ടങ്ങളും തീപാറാറുണ്ട്. ഇന്ത്യയെപ്പോലെ തന്നെ ശക്തമായ ബാറ്റിങ് നിരയാണ് മുംബൈയുടെ കരുത്ത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ കളിച്ച ഏക ടീം കൂടിയാണ് മുംബൈ എന്നോര്‍ക്കണം.
ഇന്ത്യയെപ്പോലെ എല്ലാ സീസണുകളിലും കിരീടഫേവറിറ്റുകളിലൊന്നാണ് മുംബൈ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിന്റെ മേധാവിത്വം തകര്‍ത്ത് ഇന്ത്യ വന്നതു പോലെ തന്നെ ഐപിഎല്ലില്‍ ചെന്നൈയുടെ ആധിപത്യം തകര്‍ത്ത ടീമാണ് മുംബൈ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ദക്ഷിണാഫ്രിക്ക)
കളി ജയിക്കാവുന്ന എല്ലാ ഘടങ്ങളുണ്ടായിട്ടും നിര്‍ണായക ഘട്ടത്തില്‍ കാലിടറി വീഴുന്ന ദക്ഷിണാഫ്രിക്കയ്ക്കു സമാനമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. താരസമ്പത്ത് കൊണ്ട് ബാംഗ്ലൂര്‍ മറ്റു ടീമുകളേക്കാള്‍ മുന്നില്‍ നില്‍ക്കുമെങ്കിലും പലപ്പോഴും നോക്കൗട്ട്‌റൗണ്ടില്‍ തോറ്റു പുറത്താവാനാണ് അവരുടെ വിധി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഇംഗ്ലണ്ട്)
ദീര്‍ഘകാലം ഏകദിന ക്രിക്കറ്റില്‍ ശരാശരി ടീമുകളിലൊന്നായിരുന്ന ഇംഗ്ലണ്ടിനെപ്പോലെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സമാനമായി പതിയെയായിരുന്നു ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെയും തുടക്കം. 2015ലെ ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് തനിനിറം പുറത്തെടുത്തപ്പോള്‍ 2012ല്‍ കിരീടം നേടിയ ശേഷം കൊല്‍ക്കത്തയ്ക്കും തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ചില താരങ്ങളാണ് കൊല്‍ക്കത്തയെയും ഇംഗ്ലണ്ടിനെയും ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് (ന്യൂസിലന്‍ഡ്)
സൂപ്പര്‍ താരങ്ങളുടെ പിറകെ പോവാതെ അത്ര പരിചിതരല്ലാത്ത താരങ്ങളുടെ മികവില്‍ മുന്നോട്ടു പോവുന്ന ന്യൂസിലന്‍ഡിനെപ്പോലെയാണ് രാജസ്ഥാന്‍ റോയല്‍സ്. ഏതു ടൂര്‍ണമെന്റ് കളിക്കുമ്പോഴും ഇരുടീമിനെയും കിരീട ഫേവറിറ്റായി പരിഗണിക്കാറില്ല. എന്നാല്‍ പലപ്പോഴും അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തി ഞെട്ടിക്കാന്‍ ഇവര്‍ക്കു സാധിക്കാറുണ്ട്.
ഓള്‍റൗണ്ടര്‍മാരെയാണ് ന്യൂസിലന്‍ഡിനെപ്പോലെ രാജസ്ഥാനും കൂടുതല്‍ ആശ്രയിക്കുന്നത്. സ്‌കോട്ട് സ്‌റ്റൈറിസ്, ജോക്കബ് ഓറം, ക്രിസ് കെയ്ന്‍സ് തുടങ്ങിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍ കിവികള്‍ക്കുണ്ടായിരുന്നു. യൂസഫ് പത്താന്‍, രവീന്ദ്ര ജഡേജ, ഷെയ്ന്‍ വാട്‌സന്‍ എന്നീ ഓള്‍റൗണ്ടര്‍മാര്‍ രാജസ്ഥാനുമുണ്ടായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (പാകിസ്താന്‍)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (പാകിസ്താന്‍)
പാകിസ്താന്‍ ടീമുമായാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കൂടുതല്‍ സാമ്യമുള്ളത്. ശക്തമായ ബൗളിങ് നിരയാണ് ഇരുടീമുകള്‍ക്കുമെങ്കില്‍ ബാറ്റിങ് സ്ഥിരതയില്ലാത്തതാണ്. പാകിസ്താനെ പോലെ തന്നെ എത്ര കുറഞ്ഞ സ്‌കോര്‍ നേടിയാലും എതിര്‍ ടീമിനെ എറിഞ്ഞുവീഴ്ത്തി ജയിക്കാന്‍ അവര്‍ക്കാവും.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (വെസ്റ്റ് ഇന്‍ഡീസ്)
സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ കാര്യത്തിലാണ് വെസ്റ്റ് ഇന്‍ഡീസും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മില്‍ ഏറെ സാമ്യമുള്ളത്. തിരിച്ചടികള്‍ നേരിടുമ്പോള്‍ വിന്‍ഡീസിനെപ്പോലെ ഇടക്കിടെ ടീം ലൈനപ്പ് മാറ്റുന്നവരാണ് ഡല്‍ഹി ടീം. അതുകൊണ്ടു തന്നെ വിജയികളുടെ സംഘത്തെ വാര്‍ത്തെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.
രണ്ടു തവണ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമാണ് വിന്‍ഡീസ്. മറുഭാഗത്ത് രണ്ടു തവണ മാത്രം ഐഎസ്എല്ലിന്റെ പ്ലേഓഫില്‍ കളിച്ച ടീമാണ് ഡല്‍ഹി.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (ശ്രീലങ്ക)
ശക്തമായ തിരിച്ചുവരവ് നടത്താന്‍ അടിമുടി ഉടച്ചുവാര്‍ക്കേണ്ട ടീമുകളാണ് ശ്രീലങ്കയും കിങ്‌സ് ഇലവന്‍ പഞ്ചാബും. 2017ല്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം മല്‍സരങ്ങള്‍ തോറ്റ ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ലങ്കയുടെ പേരിലായിരുന്നു. സിംബാബ്‌വെയെയാണ് അവര്‍ പിന്തള്ളിയത്.
പഞ്ചാബാവട്ടെ ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും പോയിന്റ് പട്ടികയില്‍ അവസാന മൂന്നു ടീമുകളിലൊന്നായി ഉണ്ടാവും. 2014ല്‍ ഫൈനലിലെത്തിയതു മാത്രമാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.


Click it and Unblock the Notifications