ദില്ലി: ഐപിഎല്‍ കോഴക്കേസില്‍ ശ്രീശാന്തിനും സഹതാരങ്ങള്‍ക്കും എതിരെയുള്ള കേസ് തള്ളിപ്പോയെങ്കിലും ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിവരാന്‍ ശ്രീശാന്ത് ഇനിയും കാത്തിരിക്കേണ്ടിവരും. കോഴക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിലക്ക് നീക്കല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിധി വന്നശേഷമായിരുന്നു ബിസിസിഐയുടെ പ്രതികരണം. വിലക്കിന് കേസുമായി ബന്ധമില്ലെന്നും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയാണ് കളിക്കാര്‍ക്കെതിരെ നടപടിയെടുത്തതെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതേ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി.

ഇതോടെ എളുപ്പം കളിക്കളത്തിലേക്ക് മടങ്ങിവരാമെന്ന ശ്രീശാന്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. കോഴക്കേസില്‍ പിടിയിലാശേഷം ബിസിസിഐയ്ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും എതിരെ ശ്രീശാന്തിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീശാന്തിന്റെ വിലക്ക് നീക്കല്‍ വൈകിപ്പിക്കാനാണ് ബിസിസിഐ ശ്രമം.
ശ്രീശാന്ത്, അങ്കിത് ചവാന്‍, എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അജിത് ചന്ദിലയ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി പൂര്‍ത്തിയായിട്ടില്ല. ദില്ലി പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ദില്ലി പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയേക്കും. അങ്ങിനെയാണെങ്കില്‍ കോടതി നടപടി പൂര്‍ത്തിയാകാതെ ബിസിസിഐ വിലക്ക് നീക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.