മുംബൈ: ഐ പി എല്ലില്‍ ഏറ്റവും കുറച്ച് പ്രശ്‌നങ്ങളുമായി ഇറങ്ങുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. കളി എങ്ങനെ ജയിപ്പിക്കണം എന്നറിയാവുന്ന കുറേ കളിക്കാര്‍ ക്യാംപിലുണ്ട് എന്നത് തന്നെ പ്രധാന കാരണം. ഐ പി എല്‍ ജേതാക്കളായിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സീസണ് ഇറങ്ങുന്നത്. നാഥൂ സിങ്, ടിം സൗത്തി, ജോസ് ബട്‌ലര്‍, കൃനാല്‍ പാണ്ഡ്യ എന്നിവരാണ് ടീമിനൊപ്പം പുതിയതായി ചേര്‍ന്നിട്ടുള്ളത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ ഹര്‍ദീക് പാണ്ഡ്യ വരെയുള്ള ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍. ഏത് ബൗളിംഗ് നിരയെയും തച്ചുതകര്‍ക്കാന്‍ പോന്ന ബാറ്റിംഗ് ലൈനപ്പ്. ഏത് ബാറ്റിംഗ് നിരയെയും താളംതെറ്റിക്കാന്‍ പോന്ന ബൗളിംഗ് ലൈനപ്പാണ് മുംബൈയുടേത്. മലിംഗ കൂടി പരിക്ക് മാറി എത്തിയാല്‍ മതി. ഫീല്‍ഡില്‍ കുറച്ച് സ്ലോ ആണെങ്കിലും ഐ പി എല്ലില്‍ കളികള്‍ ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗും ബൗളിംഗും ധാരാളം.

ഐ പി എല്‍ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുള്ള ഒരേ ഒരു ടീം മാത്രമേ ഇത്തവണ ഐ പി എല്‍ കളിക്കാന്‍ ഇറങ്ങുന്നുള്ളൂ. അത് മുംബൈ ഇന്ത്യന്‍സാണ്. രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, കീരണ്‍ പൊള്ളാര്‍ഡ്, മലിംഗ എന്നിവരുടെ പരിചയസമ്പത്തിനൊപ്പം ട്വന്റി 20 ലോകകപ്പില്‍ ജസ്പ്രീത് ഭുമ്ര, ഹര്‍ദീക് പാണ്ഡ്യ, ലെന്‍ഡല്‍ സിമ്മണ്‍സ്, ജോസ് ബട്‌ലര്‍, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ പുറത്തെടുത്ത തട്ടുപൊളിപ്പന്‍ കളി കൂടിയാകുമ്പോള്‍ ഇത്തവണയും മുംബൈയ്ക്ക് വിജയപ്രതീക്ഷയുണ്ട്.
റിക്കി പോണ്ടിംഗ്, റോബിന്‍ സിംഗ്, ജോണ്ടി റോഡ്‌സ്, ഷെയ്ന്‍ ബോണ്ട് എന്നിവര്‍ പരിശീലിപ്പിക്കുന്ന മുംബൈയുടെ ഐക്കണ്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. ഐ പി എല്‍ ഒമ്പതാം സീസണില്‍ മുംബൈയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ - പാര്‍ഥിവ് പട്ടേല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ, ആന്‍ഡേഴ്‌സണ്‍ / ജോസ് ബട്‌ലര്‍, പൊള്ളാര്‍ഡ്, ഹര്‍ദീക് പാണ്ഡ്യ, ഹര്‍ഭജന്‍ സിംഗ്, നാഥു സിങ് / വിനയ് കുമാര്‍, മലിംഗ, ജസ്പ്രീത് ഭുമ്ര.