ഐ പി എല്‍ 9 ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇറങ്ങുന്നത് ചരിത്രം തിരുത്താന്‍ വേണ്ടിയാണ്. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങിയ പ്രമുഖരെല്ലാം പോയി നാമാവശേഷമായ ടീമിനെ ഇത്തവണ ചുമലില്‍ ഏറ്റുന്നത് പുതിയ ക്യാപ്റ്റനും പുതിയ കളിക്കാരുമാണ്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ മെന്ററും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുന്നു.
ഒമ്പതാം സീസണില്‍ യുവാക്കള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ടീമാണ് ഡല്‍ഹി ഇറക്കുന്നത്. ക്യാപ്റ്റന്‍ മാത്രം വെറ്ററന്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനാണ് ഇത്തവണ ഡല്‍ഹി ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജെ പി ഡുമിനിയായിരുന്നു ഡല്‍ഹിക്ക് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്ന രാഹുല്‍ ദ്രാവിഡ് ഇത്തവണ ഡല്‍ഹിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവര്‍ക്കൊപ്പം ലോകകപ്പിന്റെ വിസ്മയമായ ചാള്‍സ് ബ്രാത് വൈറ്റും ക്വിന്റണ്‍ ഡികോകും ഡല്‍ഹി നിരയില്‍ ഇറങ്ങുന്നു. ശ്രേയസ് അയ്യര്‍, പവന്‍ നേഗി, ഷമി തുടങ്ങിയ യുവാക്കള്‍ക്കൊപ്പം ഡുമിനി, ഇമ്രാന്‍ താഹിര്‍, അമിത് മിശ്ര എന്നിവരുടെ പരിചയസമ്പത്ത് കൂടി ചേരുമ്പോള്‍ ഡല്‍ഹി ശരിക്കും പ്രതീക്ഷയിലാണ്.
ഏപ്രില്‍ 10 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദ്യത്തെ കളി. ഡല്‍ഹിയുടെ അവസാന ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ. ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, സഞ്ജു സാംസണ്‍, ജെ പി ഡുമിനി, കരുണ്‍ നായര്‍, ആല്‍ബി മോര്‍ക്കല്‍, പവന്‍ നേഗി, ബ്രാത് വൈറ്റ് / ക്രിസ് മോറിസ്, സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി, ഇമ്രാന്‍ താഹിര്‍.