പുതിയൊരു ഐ പി എല്‍ ടീമിന് അവശ്യം വേണ്ട ആകര്‍ഷകമായ ഒരു പേരോ, ലോഗോയോ, ജഴ്‌സിയോ അല്ല റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അതൊന്നും കാര്യമേക്കണ്ട കാര്യമില്ല കളി നടക്കുന്നത് കളത്തിലാണ് എന്ന് അവര്‍ ആശ്വസിക്കുന്നു. ആശ്വാസത്തിന് പ്രധാന കാരണം ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ സാന്നിധ്യം തന്നെ.
ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും ജയിച്ചിട്ടുളള ക്യാപ്റ്റനാണ് ധോണി. എങ്ങനെ കളി ജയിക്കണമെന്ന് ധോണിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഒപ്പം എണ്ണം പറഞ്ഞ മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം കൂടിയാകുന്നതോടെ ഐ പി എല്ലിലെ ഏറ്റവും അപകടകാരികളായ ടീമുകളില്‍ ഒന്നാവും റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്. ഓവര്‍സീസും ഇന്ത്യന്‍ താരങ്ങളും ചേര്‍ന്ന് ഐ പി എല്‍ ടീമിന് വേണ്ട പെര്‍ഫെക്ട് ബ്ലെന്‍ഡ് ആണ് പുനെ.

ബാറ്റിംഗില്‍ അജിന്‍ക്യ രഹാനെ - കെവിന്‍ പീറ്റേഴ്‌സണ്‍ സഖ്യമായിരിക്കും പുനെയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് തുറക്കുക. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മൂന്നാം നമ്പറിലും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസി നാലാം നമ്പറിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി അഞ്ചാം നമ്പറിലും. ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍. എല്ലാത്തിലും ഉപരിയായി രവിചന്ദ്രന്‍ അശ്വിനും. പുനെ ടീം ശരിക്കും കലക്കും എന്നത് മൂന്നരത്തരം.
ഏപ്രില്‍ 9ന് മുംബൈ ഇന്ത്യന്‍സുമായാണ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ ആദ്യത്തെ കളി. മിക്കവാറും പുനെ ടീം ഇങ്ങനെ ആയിരിക്കും ഇറങ്ങുന്നത് - അജിന്‍ക്യ രഹാനെ, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ഫാഫ് ഡുപ്ലിസി, ധോണി, മിച്ചല്‍ മാര്‍ഷ്, ഇര്‍ഫാന്‍ പത്താന്‍, ആര്‍ അശ്വിന്‍, എം അശ്വിന്‍, ഈശ്വര്‍ പാണ്ഡെ, ഇഷാന്ത് ശര്‍മ. ചെന്നൈ കിംഗ്‌സ് കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്‌ലമിങാണ് പുനെയെയും പരിശീലിപ്പിക്കുന്നത്.