ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ - ഐ പി എല്ലിലെ മികച്ച ഓപ്പണിംഗ് ജോഡികളില്‍ ഒന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പേരിലാണ്. ഓപ്പണിംഗില്‍ മാത്രമല്ല, അതിലുമപ്പുറമാണ് ഇവരുടെ കടലാസിലെ ശക്തി. അത് പക്ഷേ കളത്തില്‍ കാണാനില്ല എന്ന് മാത്രം. ഇത്തവണ ഈ ചരിത്രം തിരുത്തിയേ പറ്റൂ എന്ന നിശ്ചയത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
പുതിയ ക്യാപ്റ്റനാണ് പുതിയ സീസണില്‍ സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്. ഓസീസ് വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍. പോരാത്തതിന് ലേലത്തില്‍ പിടിച്ച കുറേ സൂപ്പര്‍ താരങ്ങളും സണ്‍റൈസേഴ്‌സിന്റെ ക്യാംപിലുണ്ട്. കെവിന്‍ പീറ്റേഴ്‌സണ്‍, ട്രെന്റ് ബൗള്‍ട്ട്, മോര്‍ഗന്‍ എന്നിവരാണ് പുതുതായി ടീമിനൊപ്പം ചേര്‍ന്നിട്ടുള്ളത്.

ഡേല്‍ സ്റ്റെയ്ന്‍ നയിക്കുന്ന ബൗളിംഗ് യൂണിറ്റ് ഐ പി എല്ലിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരകളില്‍ ഒന്നാണ്. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് സ്റ്റെയ്‌നിനൊപ്പം പുതിയ പന്തെടുക്കുന്നത്. കരണ്‍ ശര്‍മയും പര്‍വേസ് റസൂലുമാണ് സ്പിന്നര്‍മാര്‍. നമന്‍ ഓജ വിക്കറ്റിന് പിന്നില്‍. ടോം മൂഡി, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നിവര്‍ കളി പഠിപ്പിക്കുന്നു. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീമിലെ ശ്രദ്ധേയരായ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ.
ശിഖര്‍ ധവാന്‍ - ലോകകപ്പിലെ മികച്ച ഫോമില്‍ കളിക്കാനായാല്‍ ധവാന്‍ സണ്‍റൈസേഴ്‌സിന് വലിയ മുതല്‍ക്കൂട്ടാകും. ക്യാപ്റ്റന്‍സിയുടെ ഭാരവും ഇത്തവണ ഇല്ല.
കെവിന്‍ പീറ്റേഴ്‌സണ്‍ - പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നത് പോലെയാണ് കെവിന്‍ പീറ്റേഴ്‌സന്റെ കളി. ഒരു സീസണില്‍ മൊത്തമായി ഇത് കണ്ടവര്‍ ആരുമില്ല. പുതിയ ടീമിനൊപ്പം കളി ഉജ്വലമാക്കാം എന്ന പ്രതീക്ഷയിലാണ് കെ പി.
ഡേല്‍ സ്റ്റെയ്ന്‍ - ലോകകപ്പിന്റെ സെമി ഫൈനലില്‍ ഗ്രാന്റ് ഏലിയറ്റ് പറത്തിയ സിക്‌സര്‍ നല്‍കിയ ആഘാതത്തില്‍ നിന്നും സ്റ്റെയ്ന്‍ കര കയറിയോ എന്ന് ഈ ഐ പി എല്‍ തെളിയിക്കും. വേഗവും വ്യത്യസ്തതയുെ കൊണ്ട് ഏത് ബാറ്റിംഗ് നിരയ്ക്കും ഭീഷണിയാണ് ഈ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍.
ലോകകപ്പിന്റെ താരമായ ട്രെന്റ് ബൗള്‍ട്ട്, കേന്‍ വില്യംസണ്‍, ലോകേഷ് രാഹുല്‍, രവി ബൊപ്പാര, പ്രവീണ്‍ കുമാര്‍, ഹനുമ വിഹാരി തുടങ്ങിവരാകും ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ മറ്റ് പ്രതീക്ഷകള്‍. മലയാളിയായ പ്രശാന്ത് പരമേശ്വരനും ടീമിലുണ്ട്.