മുംബൈ: ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നേര്‍ പതിപ്പാണ് മുംബൈ ഇന്ത്യന്‍സ്. ഹെവി വെയ്റ്റ് കളിക്കാര്‍, പണക്കൊഴുപ്പ്, ഇഷ്ടം പോലെ സ്‌പോണ്‍സര്‍മാര്‍, ആരാധകരുടെ പിന്തുണ. കഴിഞ്ഞില്ല, ടീം ഇന്ത്യയ്ക്ക് സ്വന്തമായ പ്രവചനാതീതമായ കളിയും. സച്ചിനും ജയസൂര്യയും പോളക്കും കളിച്ചിരുന്ന കാലം മുതലേ ആരാധകരുടെ പ്രിയപ്പെട്ട ടീമാണ് മുംബൈ ഇന്ത്യന്‍സ്.
2013 ല്‍ ഒരേയൊരു തവണ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് കിരീടം ഉയര്‍ത്താനായത്. 2010 ല്‍ ഫൈനലില്‍ എത്തി. ഇത്തവണയും കപ്പില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവും നീത അംബാനിയുടെ മുംബൈ ഇന്ത്യന്‍സിന് ഇല്ല. കഴിഞ്ഞ തവണത്തെ പോലെ അല്ല, കുറെക്കൂടി സ്മാര്‍ട്ട് ആയ ടീമിനെയാണ് ഇത്തവണ മുംബൈ കളത്തില്‍ ഇറക്കുന്നത്. കോച്ചായി റിക്കി പോണ്ടിംഗും ബൗളിംഗ് കോച്ചായി ഷെയ്ന്‍ ബോണ്ടും എത്തുന്നതും അവര്‍ക്ക് ഗുണം ചെയ്യും.

പാര്‍ഥിവ് പട്ടേല്‍, ഉന്മുക്ത് ചന്ദ്, ആരോണ്‍ ഫിഞ്ച്, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍ എന്നിവരാണ് ഇത്തവണ ടീമിനൊപ്പം ചേര്‍ന്നവരില്‍ പ്രമുഖര്‍. ഇതില്‍ ആരോണ്‍ ഫിഞ്ച് ആണ് എടുത്തുപറയേണ്ട താരം. ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് ഈ തകര്‍പ്പന്‍ ഓപ്പണര്‍. ഫിഞ്ചിനൊപ്പം പാര്‍ഥിവ് പട്ടേലോ ഉന്മുക്ത് ചന്ദോ ആകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മുംബൈയുടെ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണ്.
രോഹിത് ശര്‍മ - ക്യാപ്റ്റന്‍. ടീമിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍. സെറ്റിലായിക്കഴിഞ്ഞാല്‍ എം എസ് ധോണിയെ പോലും വെല്ലുന്ന ഷോട്ടുകള്‍ കളിക്കും രോഹിത്. ഏത് മികച്ച പന്തും ബൗണ്ടറി കടത്താനുള്ള കഴിവുണ്ട്. ക്യാപ്റ്റന്‍സിയിലും മോശമൊന്നുമല്ല. കഴിഞ്ഞ തവണ രോഹിത് അത്രയ്ക്കങ്ങോട്ട് തിളങ്ങിയില്ല.
കീരണ്‍ പൊളളാര്‍ഡ് - ഒറ്റയ്ക്ക് കളി ജയിക്കും പൊള്ളാര്‍ഡ്. ലോകത്ത് ഒരു സ്‌റ്റേഡിയവും പൊള്ളാര്‍ഡിന് വലുതല്ല. ബാറ്റിംഗ് മാത്രമല്ല ബൗളിംഗിലും ഫീല്‍ഡിങിലും പോളി ഒരു താരമാണ്.
ലസിത് മലിംഗ - സ്ലിംഗ മലിംഗ. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍. മുംബൈ ഒരിക്കലും കൈവിടാത്ത മുത്താണ് ഈ ശ്രീലങ്കന്‍ താരം.
ഓഫ് സ്പിന്നര്‍ ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗ്, കീവീസ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍, അമ്പാട്ടി റായിഡു എന്നിവരും മേല്‍പ്പറഞ്ഞ കളിക്കാര്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ന്യൂക്ലിയസ്സാണ്. സച്ചിന്‍, പോണ്ടിംഗ്, ബോണ്ട്, റോബിന്‍ സിംഗ് തുടങ്ങിയ ഉപദേശക സമിതിയും മുംബൈ ടീമിന് കരുത്താണ്.