മുംബൈ: ഐ പി എല്‍ ക്രിക്കറ്റ് ഒരു ലോട്ടറി പോലെയാണെന്ന് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്‍. അടിച്ചാല്‍ അടിച്ചു. ഇല്ലെങ്കില്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയ കളിക്കാരനാണ് ഗ്ലെന്‍. മില്യണ്‍ ഡോളര്‍ മുടക്കി ചാംപ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സാണ് കഴിഞ്ഞ തവണ മാക്‌സ്വെല്ലിനെ വാങ്ങിയത്.
ഈ സീസണിലും ഏറ്റവും കൂടുതല്‍ വില കിട്ടാനിടയുള്ള കളിക്കാരില്‍ മുന്‍നിരയിലാണ് ഈ ഓസീസ് ബാറ്റിംഗ് വിസ്മയത്തിന്റെ സ്ഥാനം. വെടിക്കെട്ട് ബാറ്റ്‌സ്മാനും മിന്നുന്ന ഫീല്‍ഡറും ഉപകാരിയായ ഓഫ് സ്പിന്‍ ബൗളറുമാണ് ഈ 25 കാരന്‍. താരനിബിഢമായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഗ്ലെന്നിന് പക്ഷേ അത്രയധികമൊന്നും അവസരം കിട്ടിയിരുന്നില്ല.

അഞ്ച് കളിക്കാരെ വീതം ഓരോ ടീമിനും നിലനിര്‍ത്താമെന്നാണ് ഐ പി എല്‍ ഏഴിലെ നിയമം. എന്നാല്‍ മാക്‌സ്വെല്ലിനെ മുംബൈ നിലനിര്‍ത്തിയിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കീരണ്‍ പൊളാര്‍ഡ്, മലിംഗ, ഹര്‍ഭജന്‍ സിംഗ്, അംബാട്ടി റായിഡു എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ കളിക്കാര്‍. ഗ്ലെന്‍ മാക്‌സ്വെല്‍, ഡ്വെയ്ന്‍ സ്മിത്ത്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ് പുറത്തുപോയ പ്രമുഖര്‍.
ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ചിനെ ലേലത്തില്‍ ആരും എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് പുനെ ടീമിലെത്തിയ ഫിഞ്ച് മികച്ച ബാറ്റിംഗിലൂടെ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ക്രിസ് ഗെയ്ല്‍, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയ വമ്പന്മാരെല്ലാം ചില ഐ പി എല്‍ സീസണുകളില്‍ എടുക്കാന്‍ ആളില്ലാതെ പോയിട്ടുണ്ട്. അതേസമയം പേര് പോലും കേട്ടിട്ടില്ലാത്ത ചില ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് വന്‍ വിലയും കിട്ടാറുണ്ട്.