ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇത്തവണയും ദക്ഷിണാഫ്രിക്കയിലേക്ക് കടല്‍ കടക്കുമെന്ന് സൂചന. ഇന്ത്യയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഐ പി എല്ലിനെ വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ഐ പി എല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അരങ്ങേറുന്നത്.
ഏപ്രില്‍ - മെയ് മാസങ്ങളിലായിരിക്കും ദക്ഷിണാഫ്രിക്കയില്‍ ഐ പി എല്‍ നടക്കുക. ആദ്യപകുതി ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്തിയ ശേഷം മെയ് 10 - 11 തീയതികളില്‍ തിരഞ്ഞെടുപ്പ് അവസാനിച്ചാല്‍ ഐ പി എല്ലിനെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനും പദ്ധതിയുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഐ പി എല്ലിന്റെ ഫൈനല്‍ ഷെഡ്യൂള്‍ പുറത്തിറക്കാനാണ് ബി സി സി ഐയുടെ തീരുമാനം.

ഫെബ്രുവരി അവസാനത്തോടെ ഐ പി എല്‍ മത്സരക്രമം പ്രഖ്യാപിച്ചേക്കും. ഇതിനായി ഫെബ്രുവരി 28 ന് ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗവും ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലും ഭുവനേശ്വറില്‍ ചേരുന്നുണ്ട്. കഴിഞ്ഞ തവണ ഐ പി എല്ലിന് ദക്ഷിണാഫ്രിക്കയില്‍ കിട്ടിയ സ്വീകരണം ഇത്തവണയും ഐ പി എല്‍ അവിടെവെച്ച് നടത്താന്‍ കാരണമാകും. ടീമുകള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ താല്‍പര്യക്കുറവില്ല.
എട്ട് ടീമുകളാണ് ഐ പി എല്ലിന്റെ ഏഴാം സീസണില്‍ കളിക്കാനിറങ്ങുന്നത്. ഏപ്രില്‍ 9 മുതല്‍ ജൂണ്‍ 3 വരെ 55 ദിവസങ്ങളിലായി ടൂര്‍ണമെന്റ് നടത്താനായിരുന്നു പദ്ധതി. ചുരുങ്ങിയത് 40 ദിവസങ്ങളെങ്കിലും കിട്ടിയാലേ ഇത് നടക്കൂ. അതിനിടയില്‍, തങ്ങളുടെ ആദ്യമത്സരം ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തിയിട്ടുണ്ട്.