മുംബൈ: ഐ പി എല്‍ ഒത്തുകളിക്കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് അഞ്ചുവര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാമെന്ന് സൂചന. ഒത്തുകളിയില്‍ ശ്രീശാന്തിനും പങ്കുണ്ട് എന്ന് ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ശ്രീശാന്തിനൊപ്പം മറ്റ് മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരും കുറ്റക്കാരാണ് എന്നാണ് രവി സവാനി കമ്മീഷന്റെ റിപ്പോര്‍ട്ട്.
മൊഹാലിയിലെ കളിയില്‍ നേരത്തെ തീരുമാനിച്ച പ്രകാരമാണ് ശ്രീശാന്ത് റണ്‍സ് വഴങ്ങിയതെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ബി സി സി ഐയുടെ അച്ചടക്കസമിതിയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.

സജീവക്രിക്കറ്റില്‍ നിന്നും അഞ്ചുവര്‍ഷം വരെ വിലക്ക് കിട്ടാവുന്ന കുറ്റമാണ് ശ്രീശാന്തിന്റെ പേരില്‍. ഒത്തുകളിക്കേസില്‍ അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക് ലഭിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുണ്ട്. കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അങ്കിത് ചവാനും കിട്ടിയേക്കും കുറഞ്ഞത് പത്ത് വര്‍ഷത്തെ വിലക്ക്. ഇവര്‍ക്ക് പുറമേ രാജസ്ഥാന്റെ മുന്‍ താരമായ അമിത് സിംഗും കുറ്റക്കാരനെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബി സി സി ഐയുടെ അച്ചടക്കസമിതിക്ക് മുന്നില്‍ കമ്മീഷന്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രീശാന്തിന് അവസരം കിട്ടിയേക്കും എന്നാണ് കരുതുന്നത്. ഒത്തുകളിക്കേസില്‍ മെയ് പതിനാറിന് പോലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജാമ്യത്തിലാണ്.