മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും കിരീടം നേടാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായില്ല. പുതിയ പരിശീലകനും നായകനുമൊപ്പം തകര്‍പ്പന്‍ ടീമിനെത്തന്നെ കളത്തിലിറക്കിയിട്ടും ആറാം സ്ഥാനക്കാരായി പഞ്ചാബിന് ഒതുങ്ങേണ്ടി വന്നു. ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും 14 മത്സരത്തില്‍ നിന്ന് 6 ജയം മാത്രമാണ് നേടാനായത്.
അടുത്ത സീസണില്‍ മെഗാ ലേലം നടന്നാല്‍ പഞ്ചാബ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അടുത്ത സീസണിലെ ടീമിന്റെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാദിയ. മൂന്ന് വര്‍ഷത്തെ പദ്ധതിയാണ് പരിശീലകനായ അനില്‍ കുംബ്ലെക്കൊപ്പം ഉള്ളതെന്നും ക്രിസ് ഗെയ്‌ലിനെ ടീം ഒഴിവാക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

'പുതിയ നായകന് കീഴില്‍ ഒരുപാട് പുതിയ മുഖങ്ങളുള്ള പുതിയ ടീമായാണ് പഞ്ചാബ് 2020 സീസണിലെത്തിയത്. ചിലപ്പോള്‍ ഇത് വലിയ നേട്ടമുണ്ടാക്കും,മറ്റ് ചിലപ്പോള്‍ അതിന് സാധിക്കില്ല. താരലേലം അടുത്തുകൊണ്ടിരിക്കെ മധ്യനിരയിലേക്കും ബൗളിങ് നിരയിലേക്കുമാണ് ഞങ്ങള്‍ താരങ്ങളെ തിരയുന്നത്. അന്താരാഷ്ട്ര താരങ്ങളില്‍ ചിലര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല'-വാദിയ പിടിഐയോട് പറഞ്ഞു.
ഗ്ലെന്‍ മാക്‌സ്‌വെല്‍,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരെ വലിയ തുകയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തി. രാജസ്ഥാനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതോടെയാണ് കോട്രലിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. യുഎഇയില്‍ മികച്ച റെക്കോഡുള്ള മാക്‌സ് വെല്ലിന് ഇത്തവണ ഒരു മത്സരത്തില്‍ പോലും തിളങ്ങാനായില്ല. നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം അമ്പേ പരാജയപ്പെടുകയായിരുന്നു.
അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ മാക്‌സ് വെല്ലും കോട്രലും പഞ്ചാബ് നിരയില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 'പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കും നായകന്‍ കെ എല്‍ രാഹുലിനുമൊപ്പം മൂന്ന് വര്‍ഷത്തെ പദ്ധതികളാണ് ടീമിനുള്ളത്. ടോപ് ഓഡര്‍ തിളങ്ങുമ്പോള്‍ മധ്യനിര നിരാശപ്പെടുത്തുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ സന്തോഷകരമായ കാര്യമെന്തെന്നാല്‍ രാഹുല്‍,അഗര്‍വാള്‍,പുരാന്‍,ഗെയ്ല്‍,ഷമി എന്നിവരുടെ മികച്ച കൂട്ടുകെട്ട് കണ്ടെത്താന്‍ സാധിച്ചു.
അതിനാല്‍ത്തന്നെ മധ്യനിരയിലും ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ കഴിയുന്നതുമായ ബൗളര്‍മാരെയുമാണ് ടീമിന് ആവിശ്യം. ഇത്തവണ എല്ലാ മത്സരങ്ങളിലും ഗെയ്‌ലിന് കളിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. വരുന്ന സീസണില്‍ എല്ലാ മത്സരത്തിലും പരിചയസമ്പന്നനായ ഗെയ്‌ലിനെ കളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കും'-വാദിയ കൂട്ടിച്ചേര്‍ത്തു.