ലോര്‍ഡ്സ്: ഐപിഎല്ലിനെ പ്രശംസ കൊണ്ടു മൂടി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ. പാകിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൡയില്‍ 93 പന്തില്‍ 15 ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം 128 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു അദ്ദേഹം. ടീമിനായി ശ്രദ്ധേയമായ പ്രകടനമാണ് ബെയര്‍സ്റ്റോ കാഴ്ചവച്ചത്. 10 മല്‍സരങ്ങളില്‍ നിന്നും 55.62 ശരാശരിയില്‍ താരം 445 റണ്‍സെടുത്തിരുന്നു.
വ്യത്യസ്ത കോച്ചുമാരില്‍ നിന്നും താരങ്ങളില്‍ നിന്നും പുതിയ പല കാര്യങ്ങളും ഐപിഎല്ലില്‍ പഠിക്കാന്‍ കഴിഞ്ഞതായി ബെയര്‍സ്റ്റോ വ്യക്തമാക്കി. ഹൈദരാബാദില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ വാര്‍ണറെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. തന്റെ ഷോട്ടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഏരിയകളിലാണ് വാര്‍ണര്‍ ഷോട്ട് കളിക്കുന്നത്. ഇത് തന്നെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സഹായിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനും വാര്‍ണറെപ്പോലുള്ള താരങ്ങളാണ് തനിക്കു തുണയായതെന്നും ബെയര്‍സ്റ്റോ പറയുന്നു.
ലോകകപ്പിന് ടീം ഇന്ത്യ സജ്ജമോ? കോലി- ധോണി 'കെമിസ്ട്രി' എത്രത്തോളം... ശാസ്ത്രി പറയുന്നത്
പാകിസ്താനെതിരായ കഴിഞ്ഞ കളിയില്‍ തന്റെ പുറത്താവലില്‍ അസംതൃപ്തനാണ് അദ്ദേഹം. ജുനൈദ് ഖാന്റെ ബൗളിങില്‍ ബെയര്‍സ്റ്റോ പന്ത് സ്വന്തം സ്റ്റംപിലേക്കു അടിച്ചിടുകയായിരുന്നു. ക്രോസ് കളിക്കാനാണ് ശ്രമിച്ചത്. പക്ഷെ പിഴച്ചു പോയി. കളിയില്‍ 160-170 റണ്‍സോ ഒരുപക്ഷെ ഡബിള്‍ സെഞ്ച്വറിയോ നേടുകയായിരുന്നു ലക്ഷ്യമെന്നും താരം വിശദമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഒമ്പതു വിക്കറ്റിന് 358 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ വെറും 44.5 ഓവറില്‍ നാലു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ബെയര്‍സ്റ്റോയെക്കൂടാതെ ജാസണ്‍ റോയിയാണ് (76) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്കോറര്‍.