IPL: ടീമിനെ നയിച്ചു, എന്നാല്‍ തൊട്ടടുത്ത സീസണില്‍ പുറത്താക്കപ്പെട്ടു- ഇവരാണ് ആ അഞ്ച് പേര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനൊരുങ്ങുകയാണ്. 20ന് തന്നെ ടീമുകളെല്ലാം ഒഴിവാക്കിയ താരങ്ങളുടെയും പുറത്താക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. ഇത്തവണ ചില സൂപ്പര്‍ താരങ്ങള്‍ താരലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ വാശിയേറിയ താരലേലം തന്നെ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീമിന്റെ നായകനായിരുന്ന് തൊട്ടടുത്ത സീസണില്‍ പുറത്താക്കപ്പെട്ട ചില താരങ്ങളുണ്ട്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ സൗരവ് ഗാംഗുലി ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത താരമാണ്. പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഗാംഗുലി 349 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത സീസണില്‍ നിരാശപ്പെടുത്തിയതോടെ പാതി വഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞു. 2010 സീസണിന് മുമ്പായി ഗാംഗുലിയെ കെകെആര്‍ ഒഴിവാക്കുകയും ചെയ്തു. പൂനെ വാരിയേഴ്‌സിനുവേണ്ടിയും ഗാംഗുലി ഐപിഎല്‍ കളിച്ചിട്ടുണ്ട്.

ആദം ഗില്‍ക്രിസ്റ്റ്
ഐപിഎല്‍ കിരീടം നേടിയ നായകനാണ് ഓസ്‌ട്രേലിയക്കാരനായ ആദം ഗില്‍ക്രിസ്റ്റ്.2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയാണ് അദ്ദേഹം ക്യാപ്റ്റനായിരുന്ന് കിരീടത്തിലേക്ക് നയിച്ചത്. 152.30 സ്‌ട്രൈക്കറേറ്റില്‍ 495 റണ്‍സും അദ്ദേഹം നേടിയിരുന്നു. 2010 സീസണില്‍ ടീമിനെ സെമിയിലെത്തിക്കാന്‍ ഗില്ലിക്കായെങ്കിലും സിഎസ്‌കെയോട് പരാജയപ്പെട്ടു. 2011 സീസണിന് മുന്നോടിയായി ഗില്‍ക്രിസ്റ്റിനെ ഡെക്കാന്‍ ഒഴിവാക്കുകയും ചെയ്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഐപിഎല്‍ കരിയറിന്റെ ഭൂരിഭാഗവും കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍ കളിച്ചത്. 2014 ഐപിഎല്ലില്‍ 552 റണ്‍സുമായി തിളങ്ങിയതോടെയാണ് മാക്‌സ് വെല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2017ല്‍ മാക്‌സ് വെല്ലിനെ പഞ്ചാബ് ക്യാപ്റ്റനായി പരീക്ഷിച്ചു. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രമാണ് ടീം ജയിച്ചത്. ഇതോടെ 2018 സീസണിന് മുന്നോടിയായി അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കി. പിന്നീട് തിരിച്ചെത്തിയ മാക്‌സ് വെല്ലിനെ 14ാം സീസണിന് മുന്നോടിയായി പഞ്ചാബ് വീണ്ടും ഒഴിവാക്കിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഗൗതം ഗംഭീര്‍. 2012ലും 2014ലുമായിരുന്നു കിരീട നേട്ടം. കെകെആര്‍ 11.5 കോടിക്ക് ടീമിലെത്തിച്ച താരമാണ് ഗംഭീര്‍. കെകെആറിനൊപ്പം മികച്ച നേട്ടം സ്വന്തമാക്കിയ ഗംഭീറിനെ 2018 സീസണിലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കി കെകെആര്‍ ഒഴിവാക്കുന്നത്. ഡല്‍ഹിക്കുവേണ്ടി കളിക്കുന്നതിനായി ഗംഭീറിന്റെ ആവിശ്യപ്രകാരമാണ് കെകെആര്‍ താരത്തെ ഒഴിവാക്കിയത്.

സ്റ്റീവ് സ്മിത്ത്
രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്മിത്തിനെ 2021 സീസണിന് മുന്നോടിയായാണ് രാജസ്ഥാന്‍ ഒഴിവാക്കിയത്. അവസാന സീസണില്‍ 311 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിലും പരാജയപ്പെട്ടു. ഇതോടെയാണ് സ്മിത്തിനെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്. ഐപിഎല്ലില്‍ 35.34 ശരാശരിയില്‍ 2333 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. പുതിയ സീസണില്‍ പുതിയ തട്ടകത്തില്‍ സ്മിത്തിനെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications