ധോണിയ്ക്ക് ശേഷം ആര്? ചെന്നൈയെ നയിക്കാന്‍ യോഗ്യര്‍ ഇവര്‍ നാല് പേര്‍

വെള്ളിയാഴ്ച അരങ്ങേറിയ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ നാലാമത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാതിരുന്ന ടീമാണ് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തി ചരിത്രം കുറിച്ചിരിക്കുന്നത്. ഇതിനിടെ മറ്റൊരു സംശയം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ശക്തമായിരിക്കുകയാണ്.

ചെന്നൈ ടീമില്‍ ധോണി ഇനിയും എത്രനാള്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ കുറച്ച് കാലമായി ബാറ്റു കൊണ്ട് ടീമിനായി കാര്യമായൊന്നും ചെയ്യാന്‍ ധോണിയ്ക്ക് സാധിക്കുന്നില്ല. ക്യാപ്റ്റന്‍സിയിലെ തന്ത്രങ്ങളിലൂടെയാണ് ധോണി ടീമിലെ നിര്‍ണായക സാന്നിധ്യമാകുന്നത്. അടുത്ത വര്‍ഷവും ധോണി ചെന്നൈയിലുണ്ടാകുമെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. എങ്കിലും ധോണിയ്ക്ക് ശേഷം ചെന്നൈയ്ക്ക് തങ്ങളുടെ നായകനായി തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന നാല് താരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

ഇന്ത്യന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് അടക്കം ധോണിയ്ക്ക് ശേഷം ചെന്നൈയെ നയിക്കാന്‍ യോഗ്യന്‍ എന്ന് പറഞ്ഞ താരമാണ് റുതുരാജ്. എത്ര വലിയ സമ്മര്‍ദ്ദ ഘട്ടത്തിലും ശാന്തതയോടെ കളിക്കളത്തില്‍ പെരുമാറുന്ന വ്യക്തിത്വമാണ് റുതുരാജിനെ വ്യത്യസ്തനാക്കുന്നത്. ധോണിയുടെ കളിയോടുളള സമീപനവും റുതുരാജിന്റെ സമീപനവും ഏതാണ്ട് സമാനമാണ്. ഇതാണ് പലരും ധോണിയുടെ പിന്മാഗാമിയായി റുതുരാജിന്റെ പേര് പറയാന്‍ കാരണം. 24 കാരനായ റുതുരാജ് മഹാരാഷ്ട്രയുടെ ക്യാപ്റ്റനുമാണ്. ഈ സീസണില്‍ 635 റണ്‍സുമായി ബാറ്റിംഗില്‍ ചെന്നൈയെ നയിച്ചത് റുതുരാജാണ്. പ്രായവും അനുഭവ സമ്പത്തും മാത്രമാണ് റുതുരാജിന് പ്രതികൂലമായി നില്‍ക്കുന്നത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ചെന്നൈ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ എട്ട് വര്‍ഷമായി ടീമിലെ സ്ഥിരം സാന്നിധ്യം. കളിക്കളത്തില്‍ സഹതാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള ജഡേജയുടെ കഴിവ് വേറെ തന്നെയാണ്. ധോണിയുടേയും സുരേഷ് റെയ്‌നയുടേയും സാന്നിധ്യം ഒന്നുമാത്രമാണ് ജഡേജയ്ക്ക് ക്യാപ്റ്റന്‍സി ലഭിക്കാതിരുന്നതിന്റെ ഏക കാരണം. ബാറ്റു കൊണ്ടും പന്തുകൊണ്ടും കളി നിയന്ത്രിക്കാന്‍ സാധിക്കുന്ന ജഡേജ ഫീല്‍ഡില്‍ കൊണ്ടു വരുന്ന ആവേശം ശ്രദ്ധേയമാണ്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദാരാബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരമാണ് വാര്‍ണര്‍. ഈ സീസണ്‍ വളരെ മോശമായിരുന്നുവെങ്കിലും വാര്‍ണറിലെ ക്യാപ്റ്റനേയും ഓപ്പണറേയും ഒരിക്കലും എഴുതിത്തള്ളാനാകില്ല. ആരും കൊതിക്കുന്ന തരത്തിലുള്ള റണ്‍വേട്ടക്കാരനാണ് വാര്‍ണര്‍. 2016 ല്‍ ഹൈദരാബാദിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കാനും വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. തന്നെ പ്ലെയിംഗ് ഇലവനില്‍ നിന്നും സ്‌ക്വാഡില്‍ നിന്നും പുറത്താക്കി അപമാനിച്ച ടീമിനൊപ്പം ഇനിയുണ്ടാകില്ലെന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു ഇതിനോടകം തന്നെ വാര്‍ണര്‍. അതുകൊണ്ട് തന്നെ അടുത്ത ലേലത്തില്‍ പല വലിയ ടീമുകളുടേും നോട്ടപ്പുള്ളിയായിരിക്കും വാര്‍ണര്‍ എന്നുറപ്പാണ്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യയുടെ ഓപ്പണറും പഞ്ചാബ് കിംഗ്‌സിന്റെ നായകനുമാണ് കെഎല്‍ രാഹുല്‍. ടീമിന് കാര്യമായി ഒന്നും ഓര്‍ത്തുവെക്കാന്‍ ഈ സീസണില്‍ സാധിച്ചില്ലെങ്കിലും 626 റണ്‍സുമായി ഈ സീസണിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് രാഹുല്‍ സീസണ്‍ അവസാനിപ്പിച്ചത്. ചെന്നൈയ്‌ക്കെതിരായ അവസാന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ രാഹുല്‍ 42 പന്തുകളില്‍ നിന്നുമാണ് 98 റണ്‍സെടുത്തത്. ഇന്നിംഗ്‌സിന്റെ വേഗത സാഹചര്യത്തിന് അനുസരിച്ച് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന രാഹുല്‍ നല്ല വിക്കറ്റ് കീപ്പറുമാണ്. പഞ്ചാബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ രാഹുലിനെ പോലൊരു താരത്തെ സ്വന്തമാക്കാനും വേണ്ട ഫ്രീഡം നല്‍കാനും സാധിച്ചാല്‍ അത് ചെന്നൈയ്ക്ക് വലിയൊരു നിക്ഷേപമായി മാറുമെന്നുറപ്പാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: ipl ms dhoni chennai super kings
Story first published: Sunday, October 17, 2021, 15:15 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X