മുംബൈ: കോഴവിവാദത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ ഗ്ലാമറിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വീരനായകന്‍ സൗരവ് ഗാംഗുലി ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാനുള്ള സംഘത്തില്‍ ചേര്‍ന്നു. ഞായറാഴ്ചയാണ് കോഴക്കേസ് അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റിയില്‍ ഗാംഗുലി ചേര്‍ന്നത്. കമ്മിറ്റിയുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചാണ് ഇത്.
ക്രിക്കറ്റ് കാര്യങ്ങളിലെ വിദഗ്ധന്‍ എന്ന നിലയ്ക്കാണ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയില്‍ ഗാംഗുലിയുടെ സ്ഥാനം. സുപ്രീം കോടതിയാണ് കോഴക്കേസ് അന്വേഷിക്കാനായി റിട്ട ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍, അഡ്വ. നാഗേശ്വര റാവു, നിലോയ് ദത്ത, ഐ പി എസ് ഓഫീസര്‍ ബി ബി മിശ്ര എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യന്‍ താരങ്ങളടക്കം 13 കളിക്കാരുടെ പേരുകളാണ് കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഒരു ക്രിക്കറ്റ് താരത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി തന്നെയാണ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചത്. കോഴക്കേസില്‍ പെട്ട് മുഖം നഷ്ടമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മണ്‍, സേവാഗ് എന്നിവരുടെ സഹായത്തോടെ പുനരുജ്ജീവിപ്പിച്ചത് അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്.
പരിമിതമായ വിഭവങ്ങള്‍ കൊണ്ട് വിദേശത്തും സ്വന്തം നാട്ടിലും വന്‍ ടീമുകളെ മുട്ടുകുത്തിച്ച ഗാംഗുലി ലോകകപ്പിന്റെ ഫൈനല്‍ വരെ ഇന്ത്യന്‍ ടീമിനെ എത്തിച്ചു. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശില്‍പി എന്നുപോലും ഈ മുന്‍ ക്യാപ്റ്റനെ ആരാധകര്‍ വിളിക്കുന്നു. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഗാംഗുലിയുടെ കാര്‍ക്കശ്യം ഒരുപക്ഷേ ബി സി സി ഐ തലവന്‍ ശ്രീനിവാസന് തലവേദനയാകും, ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്റെ പേര് ഒത്തുകളിയുടെ ലിസ്റ്റില്‍ ഇപ്പോള്‍ തന്നെ ഉണ്ട്.