വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാലിസ് മുതല്‍ യുവി വരെ — ഐപിഎല്‍ കണ്ട വമ്പന്‍ 'ഫ്‌ളോപ്പുകള്‍'

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്ന്. ക്രിക്കറ്റിന്റെ ഭൂപടത്തില്‍ ഇന്ത്യ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതില്‍ ഐപിഎല്ലിനുള്ള പങ്ക് ചെറുതല്ല. പണക്കൊഴുപ്പും താരപ്പകിട്ടും വലിയ പ്രലോഭനങ്ങളായി മാറുമ്പോള്‍ ഐപിഎല്‍ കളിക്കാന്‍ താരങ്ങളെല്ലാം താത്പര്യപ്പെടുന്നു.

എട്ടു ഫ്രാഞ്ചൈസികള്‍ തമ്മിലാണ് കിരീടപ്പോരാട്ടം. പതിവുപോലെ മുന്നൊരുക്കങ്ങളെല്ലാം ടീമുകള്‍ പൂര്‍ത്തിയാക്കി. ചുമ്മാ കീശകാലിയാക്കിയ താരങ്ങളെയെല്ലാം ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ടീം മാനേജ്‌മെന്റുകള്‍ പറഞ്ഞൊഴിവാക്കിയിട്ടുണ്ട്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടന്ന താരലേലത്തില്‍ കോടികളെറിഞ്ഞ് പുതിയ കളിക്കാരെ ഇവര്‍ സ്വന്തമാക്കുകയും ചെയ്തു.

ഐപിഎൽ പരാജയങ്ങൾ

വലിയ വിലകൊടുത്തു വാങ്ങുന്ന താരങ്ങളില്‍ പലരും ഐപിഎല്ലില്‍ അമ്പെ പരാജയപ്പെടുന്നത് ഐപിഎല്ലില്‍ പുത്തരിയല്ല. ഫ്രാഞ്ചൈസികളും ആരാധകരും വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളുടെ അമിതഭാരവും കൂറ്റന്‍ പ്രൈസ് ടാഗും പലപ്പോഴും താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ട വമ്പന്‍ ഫ്‌ളോപ്പുകളെ ചുവടെ അറിയാം.

10. ജാക്ക് കാലിസ് (5.5 കോടി രൂപ — 2014)

10. ജാക്ക് കാലിസ് (5.5 കോടി രൂപ — 2014)

2014 -ലെ ഐപിഎല്‍ ലേലത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്. അന്ന് അഞ്ചരക്കോടി രൂപ കാലിസിനായി ഷാരൂഖ് ഖാന്റെ ടീം മുടക്കി. ലേലത്തിന് മുന്‍പ് കാലിസിനെ ഒഴിവാക്കിയ കൊല്‍ക്കത്ത 'റൈറ്റ് ടു കാര്‍ഡ്' അവസരം വിനിയോഗിച്ച് താരത്തെ തിരിച്ചുപിടിക്കുകയായിരുന്നു.

കാലിസിന്റെ പ്രകടനം

2013 സീസണില്‍ ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ച്ചവെച്ച കാലിസിന് പക്ഷെ 2014 സീസണില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഈ കാലഘട്ടത്തില്‍ കേവലം എട്ടു മത്സരങ്ങള്‍ മാത്രമാണ് കാലിസ് കളിച്ചത്. അടിച്ചെടുത്തതാകട്ടെ 151 റണ്‍സും. ബാറ്റിങ് ശരാശരി 25.16. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കാലിസ് നേടിയത്.

ബൗളിങ്ങിലും താരം കേമനായിരുന്നില്ല. 8.45 ഇക്കോണമി നിരക്കില്‍ നാലു വിക്കറ്റുകളെ കാലിസ് കൈക്കലാക്കിയുള്ളൂ. കാലിസിനെ കളിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ട അന്നത്തെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ തുടര്‍ന്നുളള മത്സരങ്ങളില്‍ ഇദ്ദേഹത്തിന് അവസരം നല്‍കിയില്ല.

9. കെവിന്‍ പീറ്റേഴ്‌സണ്‍ (ഏഴു കോടി രൂപ — 2009)

9. കെവിന്‍ പീറ്റേഴ്‌സണ്‍ (ഏഴു കോടി രൂപ — 2009)

ഐപിഎല്‍ രണ്ടാം സീസണിലാണ് ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തുന്നത്. ഇക്കാലത്ത് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരങ്ങളായിരുന്നു കെവിന്‍ പീറ്റേഴ്‌സണും ആന്‍ട്രൂ ഫ്‌ളിന്റോഫും. പീറ്റേഴ്‌സണിന്റെ സാന്നിധ്യത്തില്‍ ആര്‍സിബി അജയ്യരാകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രവചിച്ചു. എന്നാല്‍ സംഭവിച്ചതോ, ബാംഗ്ലൂരിന് വലിയ ബാധ്യതായി തീര്‍ന്നു കെവിന്‍ പീറ്റേഴ്‌സണ്‍.

ആറു മത്സരങ്ങളില്‍ നിന്നും 93 റണ്‍സാണ് പീറ്റേഴ്‌സണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സമ്പാദിച്ചത്. 6.53 ഇക്കോണമി നിരക്കില്‍ നാലു വിക്കറ്റ് വീഴ്ത്തിയതുകൊണ്ട് അല്‍പ്പമെങ്കിലും മാനം രക്ഷിക്കാന്‍ താരത്തിനായി.

8. ആന്‍ട്രൂ ഫ്‌ളിന്റോഫ് (ഏഴു കോടി രൂപ — 2009)

8. ആന്‍ട്രൂ ഫ്‌ളിന്റോഫ് (ഏഴു കോടി രൂപ — 2009)

2009 സീസണില്‍ പീറ്റേഴ്‌സനൊപ്പം വാര്‍ത്താതലക്കെട്ട് നിറച്ച മറ്റൊരു താരമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. പീറ്റേഴ്‌സനെ ബാംഗ്ലൂര്‍ ഏഴു കോടി രൂപയ്ക്ക് വാങ്ങിയപ്പോള്‍ ഇതേ വിലയ്ക്ക് ഫ്‌ളിന്റോഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും ടീമിലെത്തിച്ചു. പക്ഷെ ചെന്നൈ ടീമിനെ നിര്‍ഭാഗ്യം വേട്ടയാടി.

കോടികളെറിഞ്ഞ് വാങ്ങിയ ഫ്‌ളിന്റോഫ് മൂന്നു മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും പരിക്കേറ്റു പിന്മാറി. കളിച്ച മൂന്നു മത്സരങ്ങളിലും ശരാശരിക്ക് താഴെയായിരുന്നു ഫ്‌ളിന്റോഫിന്റെ പ്രകടനം. 116.98 സ്‌ട്രൈക്ക് റേറ്റില്‍ 62 റണ്‍സും 9.55 ഇക്കോണമി നിരക്കില്‍ രണ്ടു വിക്കറ്റും നേടാന്‍ മാത്രമാണ് ഫ്‌ളിന്റോഫിന് കഴിഞ്ഞത്.

7. സൗരഭ് തിവാരി (ഏഴു കോടി രൂപ — 2011)

7. സൗരഭ് തിവാരി (ഏഴു കോടി രൂപ — 2011)

ഒരൊറ്റ രാത്രികൊണ്ടാണ് ജാര്‍ഖണ്ഡ് സ്വദേശി സൗരഭ് തിവാരി ക്രിക്കറ്റില്‍ പുതിയ അലയൊലി തീര്‍ത്തത്. 2010 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി സൗരഭ് തിവാരി നടത്തിയ വീറുറ്റ പോരാട്ടം കണ്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മനസ്സില്‍ ഉറപ്പിച്ചു, ഇദ്ദേഹത്തെ എന്തുവിലകൊടുത്തും ടീമിലെടുക്കണമെന്ന്. മുംബൈയ്ക്കായി 16 മത്സരങ്ങളില്‍ നിന്നും 419 റണ്‍സാണ് സൗരഭ് തിവാരി നേടിയത്. ബാറ്റിങ് ശരാശരി 29.92. സ്‌ട്രൈക്ക് റേറ്റ് 135.59.

സൌരഭ് തിവാരിയുടെ പ്രകടനം

ഈ പ്രകടനം കണ്ട് ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിലും കയറിപ്പറ്റാന്‍ തിവാരിക്കായി. പക്ഷെ ദേശീയ ടീമില്‍ താരം പാടെ നിറംമങ്ങി. എന്നാല്‍ ഇതൊന്നും ബാംഗ്ലൂര്‍ മുഖവിലയ്ക്ക് എടുത്തില്ല. 2011 സീസണിലേക്കുള്ള ലേലത്തില്‍ ഏഴു കോടി രൂപ ചിലവഴിച്ച് തിവാരിയെ ആര്‍സിബി സ്വന്തമാക്കി. എന്നാല്‍ ഈ സീസണില്‍ സൗരഭ് തിവാരി ദുരന്തമായി. 16 മത്സരങ്ങളില്‍ നിന്നും 187 റണ്‍സ് മാത്രമാണ് ഇദ്ദേഹം അടിച്ചെടുത്തത്.

Most Read: ഐപിഎല്‍ ചട്ടങ്ങള്‍ മാറി, ഫ്രാഞ്ചൈസികള്‍ക്ക് വന്‍ നിരാശ - കാരണം ഇതാണ്

6. ആഞ്ചലോ മാത്യൂസ് (ഏഴര കോടി രൂപ — 2015)

6. ആഞ്ചലോ മാത്യൂസ് (ഏഴര കോടി രൂപ — 2015)

2015 സീസണിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അന്നത്തെ ശ്രീലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസിനെ ഏഴരക്കോടി രൂപയ്ക്ക് ടീമില്‍ എടുത്തത്. മുന്‍ സീസണുകളില്‍ എടുത്തുപറയാവുന്ന പ്രകടനമില്ലാതിരുന്നിട്ടും കോടികള്‍ ചിലവഴിച്ച് ഇദ്ദേഹത്തെ ഡല്‍ഹി വാങ്ങി. എന്നാല്‍ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച ആഞ്ചലോ മാത്യൂസിന് ഉയര്‍ന്ന പ്രൈസ് ടാഗിനെ സാധൂകരിക്കുന്ന പ്രകടനങ്ങളൊന്നും കാഴ്ച്ചവെക്കാനായില്ല. 20.57 ബാറ്റിങ് ശരാശരിയില്‍ 144 റണ്‍സാണ് താരം കുറിച്ചത്. വിക്കറ്റുവേട്ടയിലും ആഞ്ചലോ മാത്യൂസ് പിന്നിലായിപ്പോയി.

5. ഇര്‍ഫാന്‍ പഠാന്‍ (എട്ടര കോടി രൂപ — 2011)

5. ഇര്‍ഫാന്‍ പഠാന്‍ (എട്ടര കോടി രൂപ — 2011)

2011 സീസണിലാണ് ഇര്‍ഫാന്‍ പഠാനെ വാങ്ങാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒരുക്കംകൂട്ടിയത്. ലേലത്തില്‍ പഠാനെ പിടിക്കാന്‍ ഡല്‍ഹിക്ക് കഴിയുകയും ചെയ്തു. എട്ടരക്കോടി രൂപയാണ് താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത്. 2010 സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച പഠാന് തൊട്ടടുത്ത സീസണില്‍ മികവു പുലര്‍ത്താനായില്ല. കാരണം ഉയര്‍ന്ന പ്രൈസ് ടാഗുതന്നെ.

14 ഇന്നിങ്‌സുകളാണ് ഇക്കാലത്ത് പഠാന്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ചത്. നേടിയതാകട്ടെ 150 റണ്‍സും. ബാറ്റിങ് ശരാശരി 18.75. ബൗളിങ്ങിലും വലിയ കേമമായില്ല ഇദ്ദേഹത്തിന്റെ പ്രകടനം. സീസണില്‍ 11 വിക്കറ്റുകള്‍ മാത്രമാണ് ഇര്‍ഫാന്‍ പഠാന്‍ കയ്യടക്കിയത്.

4. പവന്‍ നേഗി (എട്ടര കോടി രൂപ — 2016)

4. പവന്‍ നേഗി (എട്ടര കോടി രൂപ — 2016)

എട്ടരക്കോടി രൂപ കൊടുത്ത് പവന്‍ നേഗിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകം പുരികം ചുളിച്ചു. 2015 സീസണില്‍ ചെന്നൈയ്ക്കായി നേഗി നടത്തിയ ഓള്‍റൗണ്ട് മികവു കണ്ടാണ് താരത്തെ ഡല്‍ഹി റാഞ്ചിയത്. ധോണിക്ക് കീഴില്‍ തിളങ്ങിയ നേഗി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കയറിക്കൂടുന്നതും ആരാധകര്‍ കണ്ടു. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയതോടെ നേഗിയുടെ പ്രതാപം അസ്തമിച്ചു. എട്ടു മത്സരങ്ങള്‍ മാത്രമേ ഡല്‍ഹിക്കായി താരം കളിച്ചുള്ളൂ. ബാറ്റിങ്ങിലും ബൗളിങ്ങിലും ദുരന്തമായതിനെ തുടര്‍ന്ന് നേഗിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി തയ്യാറായില്ല.

3. ദിനേശ് കാര്‍ത്തിക് (10.5 കോടി രൂപ — 2015)

3. ദിനേശ് കാര്‍ത്തിക് (10.5 കോടി രൂപ — 2015)

യുവരാജ് സിങ്ങിനെ പറഞ്ഞുവിട്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്. 2014 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു കാര്‍ത്തിക്. പ്രകടനം ശരാശരിയില്‍ മാത്രമായി ചുരുങ്ങിയതു കണ്ടാണ് ഡല്‍ഹി ഫ്രാഞ്ചൈസി ദിനേശ് കാര്‍ത്തിക്കിനെ ലേലത്തിന് മുന്‍പ് പറഞ്ഞൊഴിവാക്കിയത്. എന്നാല്‍ താരത്തെ ബാംഗ്ലൂര്‍ പൊന്നുംവില കൊടുത്തുവാങ്ങി.

വിക്കറ്റുകള്‍ക്ക് പിന്നില്‍ മികവോടെ നിലയുറപ്പിച്ചെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ദിനേശ് കാര്‍ത്തിക്. അന്നത്തെ സീസണില്‍ 16 മത്സരങ്ങളാണ് ബാംഗ്ലൂരിനായി കാര്‍ത്തിക് കളിച്ചത്. കുറിച്ചതാകട്ടെ 141 റണ്‍സും. ബാറ്റിങ് ശരാശരി 12.81.

2. ടൈമല്‍ മില്‍സ് (12 കോടി രൂപ - 2017)

2. ടൈമല്‍ മില്‍സ് (12 കോടി രൂപ - 2017)

2017 -ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ടൈമല്‍ മില്‍സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിയുടെ നോട്ടപ്പുള്ളിയായത്. വേഗത്തില്‍ മില്‍സ് വരുത്തുന്ന വ്യതിയാനം ശ്രദ്ധയാകര്‍ഷിക്കാന്‍ പ്രധാന കാരണമായി. അന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ നട്ടംതിരിച്ച ടൈമല്‍ മില്‍സിനെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാമതെന്ന് ചിന്തിച്ചില്ല. ലേലത്തില്‍ 12 കോടി രൂപയാണ് ആര്‍സിബി എടുത്തുവീശിയത്. എന്നാല്‍ തീരുമാനം തെറ്റിപ്പോയെന്ന് ഫ്രാഞ്ചൈസി വൈകാതെ മനസിലാക്കി.

അഞ്ചു മത്സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് ഇദ്ദേഹം വീഴ്ത്തിയത്. ബൗളിങ് ഇക്കോണമി 8.57. നിരാശജനകമായ പ്രകടനം മുന്‍നിര്‍ത്തിയാണ് സീസണിലെ മറ്റു മത്സരങ്ങളില്‍ നായകന്‍ വിരാട് കോലി മില്‍സിനെ കളിപ്പിക്കാതിരുന്നത്. തൊട്ടുടുത്ത സീസണില്‍ ആര്‍സിബി ഉപേക്ഷിച്ച മില്‍സിനെ വാങ്ങാന്‍ ആരും മുന്നോട്ടുവന്നുമില്ല.

Most Read: കളിച്ചു തോറ്റിരുന്നെങ്കില്‍ ഇത്രയും വിഷമമില്ലായിരുന്നു, ഐസിസിക്ക് എതിരെ രോഷംകൊണ്ട് ബ്രോഡ്

1. യുവരാജ് സിങ് (16 കോടി രൂപ — 2015)

1. യുവരാജ് സിങ് (16 കോടി രൂപ — 2015)

ഐപിഎല്ലില്‍ ഒട്ടനവധി തവണ കൈമറഞ്ഞ താരങ്ങളില്‍ ഒരാളാണ് യുവരാജ് സിങ്. 2015 -ല്‍ 16 കോടി രൂപയ്ക്കാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ വാങ്ങിയത്. പക്ഷെ പ്രതീക്ഷയുടെ അമിതഭാരം യുവരാജിന് വിനയായി. 14 മത്സരങ്ങളില്‍ നിന്നും 248 റണ്‍സ് അടിച്ചുകൂട്ടാനേ യുവിക്ക് കഴിഞ്ഞുള്ളൂ. ബാറ്റിങ് ശരാശരി 19.07. സ്‌ട്രൈക്ക് റേറ്റാകട്ടെ 118.09 ഉം.

Story first published: Friday, March 6, 2020, 16:47 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X