Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജാക്കന്‍മാരെ ആദ്യം അടിച്ചൊതുക്കി!! പിന്നെ എറിഞ്ഞുവീഴ്ത്തി!! സഹീറും ചെകുത്തന്‍മാരും മുന്നോട്ട്

ദില്ലി: ഐപിഎല്ലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ തനിനിറം കാട്ടിത്തുടങ്ങി. ഇത്തവണ ടൂര്‍ണമെന്റില്‍ ആരും കാര്യമായ സാധ്യത കല്‍പ്പിക്കാതിരുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വന്തമാക്കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ സഹീര്‍ ഖാന്റെ ചെകുത്താന്‍മാര്‍ 51 റണ്‍സിനു തുരത്തിയോടിക്കുകയായിരുന്നു.

തുണച്ചത് വിദേശ ശക്തികള്‍

വിദേശ താരങ്ങളുടെ മിന്നും പ്രകടനമാണ് ഡല്‍ഹിക്കു മല്‍സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്. ബാറ്റിങില്‍ ഇംഗ്ലീഷ് താരം സാം ബില്ലിങ്‌സും 55 (40 പന്ത്, 9 ബൗണ്ടറി) ന്യൂസിലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സനും 39* (22 പന്ത്, 3 ബൗണ്ടറി, 3 സിക്‌സര്‍) ടീമിന്റെ അമരക്കാരായി. ബൗളിങില്‍ ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് മൂന്നു വിക്കറ്റോടെ കസറിയപ്പോള്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റ് നേടി.

മികച്ച സ്‌കോര്‍

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡല്‍ഹി ക്യാപ്റ്റന്‍ സഹീറിന്റെ തീരുമാനം തെറ്റിയില്ല. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 188 റണ്‍സ് അവര്‍ അടിച്ചെടുത്തു. ബില്ലിങ്‌സ്, ആന്‍ഡേഴ്‌സന്‍ എന്നിവരെക്കൂടാതെ ശ്രയസ് അയ്യര്‍ 22, മലയാളി താരം സഞ്ജു സാംസണ്‍ 19 എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

പൊരുതാനാവാതെ പഞ്ചാബ്

ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും പൊരുതാന്‍ പോലുമാവാതെയാണ് പഞ്ചാബ് കീഴടങ്ങിയത്. 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 137 റണ്‍സെടുക്കാനേ അവര്‍ക്കു സാധിച്ചുള്ളൂ. ബൗളര്‍ അക്ഷര്‍ പട്ടേലിന്റെ (44) ഇന്നിങ്‌സാണ് പഞ്ചാബിന്റെ മാനം കാത്തത്. താരത്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സ്‌കോര്‍ കൂടിയാണിത്. ഡേവിഡ് മില്ലര്‍ 24, ഇയോന്‍ മോര്‍ഗന്‍ 22 എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.

കരകയറാനായില്ല

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ കഴിയാതിരുന്നതാണ് പഞ്ചാബിനെ വന്‍ തോല്‍വിയിലേക്കു വീഴ്ത്തിയത്. 11 ഓവര്‍ കഴിയുമ്പോള്‍ അഞ്ചിന് 64 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ പഞ്ചാബിന് പിന്നീട് തകര്‍ച്ചയെ അതിജീവിക്കാനായില്ല. മനന്‍ വോറ (3), ഹാഷിം അംല (19), വൃധിമാന്‍ സാഹ (7), മോര്‍ഗന്‍ (22), ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരെയയാണ് 11 ഓവറിനുള്ളില്‍ പഞ്ചാബിനു നഷ്ടമായത്. ആദ്യ രണ്ടു വിക്കറ്റുകളുമെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍ ഷഹ്ബാസ് നദീമാണ് പഞ്ചാബിന്റെ കുതിപ്പ് തടഞ്ഞത്.

കരുണ്‍ വീണ്ടും ഫ്‌ളോപ്പ്

ഡല്‍ഹി നിരയിലെ മലയാളി താരം കരുണ്‍ നായര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മൂന്നു പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. ഡിസംബറില്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ശേഷം കരുണിന്റെ പ്രകടനം നിരാശാജനകമാണ്.

അസാധ്യം

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ പഞ്ചാബിനും സാധിച്ചില്ല. ഐപിഎല്ലില്‍ ഇതുവരെ ഒരു ടീമിനും 188 റണ്‍സ് പിന്തുടര്‍ന്നു വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം ജയം, രണ്ടാം തോല്‍വി

സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ഹോംഗ്രൗണ്ടില്‍ ആദ്യത്തേതും. എന്നാല്‍ മാക്‌സ് വെല്ലിന്റെ നായകത്വത്തില്‍ നന്നായി തുടങ്ങിയ പഞ്ചാബിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റുന്നത്.

Story first published: Sunday, April 16, 2017, 8:39 [IST]
Other articles published on Apr 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+