Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മടങ്ങിവരവ് 'ഉല്‍സവമാക്കി' എബിഡി!! രാജകീയമായി നേടി പഞ്ചാബ്, എബിഡിയുടെ വിജയരഹസ്യം....

ഇന്‍ഡോര്‍: പരിക്കില്‍ നിന്നു മുക്തനായ ദക്ഷണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവല്ലിയേഴ്‌സ് വെടിക്കെട്ടോടെയാണ് ഐപിഎല്ലിന്റെ 10ാം സീസണിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്. പക്ഷെ എബിഡിയുടെ ഒറ്റയാന്‍ പോരാട്ടത്തിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ രക്ഷിക്കാനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് എട്ടു വിക്കറ്റിനാണ് നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ബാംഗ്ലൂര്‍ തോറ്റത്.

അടിച്ചൊതുക്കി എബിഡി

ഐപിഎല്ലിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും പരിക്കു മൂലം പുറത്തിരിക്കേണ്ടിവന്ന ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചത്. കേവലം 46 പന്തില്‍ മൂന്നു ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കം താരം 89 റണ്‍സ് വാരിക്കൂട്ടി. ഡിവില്ലിയേഴ്‌സിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ കരുത്തില്‍ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 148 റണ്‍സാണ് നേടിയത്.

അവസാന അഞ്ചോവര്‍ തീപ്പൊരി

ബാംഗ്ലൂര്‍ 120 പോലും കടക്കുമോയെന്ന് ഒരു ഘട്ടത്തില്‍ സംശയമായിരുന്നു. 15.2 ഓവര്‍ കഴിയുമ്പോള്‍ നാലിന് 72 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു അവര്‍. ഡിവില്ലിയേഴ്‌സ് 28 പന്തില്‍ 31 റണ്‍സുമായി അപ്പോള്‍ ശാന്തനായി നില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറില്‍ കണ്ടത് തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ട്. നേരിട്ട 18 പന്തുകളില്‍ ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത് 58 റണ്‍സാണ്.

ഗെയ്‌ലില്ല, മലയാളി ഓപ്പണര്‍

കഴിഞ്ഞ രണ്ടു കളികളിലും താളംകണ്ടെത്താന്‍ വിഷമിച്ച വിന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനു വിശ്രമം അനുവദിച്ചാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. പകരമെത്തിയതാവട്ടെ മലയാളി ഓപ്പണറായ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ്. എന്നാല്‍ താരത്തിന് ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അനായാസം നേടി പഞ്ചാബ്

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 149 റണ്‍സെന്ന വിജയലക്ഷ്യം പഞ്ചാബിന് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. ആദ്യ വിക്കറ്റില്‍ ഹാഷിം അംലയും മനന്‍ വോറയും 62 റണ്‍സ് നേടിയപ്പോള്‍ തന്നെ പഞ്ചാബ് ജയമുറപ്പാക്കിയിരുന്നു. അംല 38 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 58 റണ്‍സുമായി പുറത്താവാതെ നിന്നു ടീമിന്റെ ടോപ്‌സ്‌കോററായി. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ 22 പന്തില്‍ നിന്നു പുറത്താവാതെ 43 റണ്‍സെടുത്തു.

രണ്ടാം ജയം

കന്നിക്കിരീടം ഇത്തവണ ലക്ഷ്യമിടുന്ന പഞ്ചാബ് ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് നേടിയത്. അതേസമയം, മൂന്നു മല്‍സരങ്ങളില്‍ നിന്നു ബാംഗ്ലൂരിനു നേരിട്ട രണ്ടാമത്തെ തോല്‍വിയാണിത്. ഉദ്ഘാടനമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ബാംഗ്ലൂര്‍ തോറ്റിരുന്നു.

ഡിവില്ലിയേഴ്സിന്റെ വരവ്

ഡിവില്ലിയേഴ്‌സ് പഞ്ചാബിനെതിരായ കളിയില്‍ ടീമിലുണ്ടാവുമെന്ന് സൂചനകളൊന്നും നേരത്തേ ലഭിച്ചിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് താരം ആദ്യ ഇലവനിലെത്തിയത്. അതും സാക്ഷാല്‍ ഗെയ്‌ലിന്റെ പകരക്കാരനായി. തന്നെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ താരം തെളിയിക്കുകയു ചെയ്തു.

അതു വെളിപ്പെടുത്തി എബിഡി

തനിക്ക് ഇത്രയും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മല്‍സരശേഷം ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്. ഈ ഫോമിനു പിന്നിലെ രഹസ്യം തന്റെ ഭാര്യയാണെന്നും താരം വെളിപ്പെടുത്തി. മല്‍സരത്തിനു തൊട്ടു മുമ്പ് ഭാര്യയെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും പിന്തുണ നല്‍കാന്‍ നാളെത്തന്നെ അവിടെയെത്തുമെന്നുമുള്ള ഭാര്യയുടെ വാക്കുകള്‍ തന്നെ ഉത്തേജിപ്പിക്കുകയായിരുന്നുവെന്ന് എബിഡി പറഞ്ഞു.

Story first published: Tuesday, April 11, 2017, 12:58 [IST]
Other articles published on Apr 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+