ലണ്ടന്‍: ഐപിഎല്‍ ടൂര്‍ണമെന്റ് അവതരിച്ചശേഷം ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം സുപരിചിതമായ മുഖമാണ് റിച്ചാര്‍ഡ് മാഡ്‌ലിയുടേത്. ഓരോ വര്‍ഷവും ഐപിഎല്ലിലേക്ക് പുതുതായി താരങ്ങളെ ടീമുകള്‍ ലേലം വിളിക്കുമ്പോള്‍ ലേലം വിളിക്കാരനായി ഉണ്ടായിരുന്നത് മാഡ്‌ലിയാണ്. മാഡ്‌ലിയുടെ ശബ്ദവും ശൈലിയും അത്രമേല്‍ പരിചിതമായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്കെങ്കില്‍ ഈ വര്‍ഷം മുതല്‍ മാഡ്‌ലിയെ ലേലം വേദിയില്‍ കാണാനാകില്ല.

മാഡ്‌ലിക്ക് പകരം ഹൂഗ് എഡ്‌മേഡ്‌സിനെയാണ് ഇത്തവണ മുതല്‍ ബിസിസിഐ ലേലക്കാരനായി നിശ്ചയിച്ചിരിക്കുന്നത്. ബിസിസിഐയുടെ തീരുമാനം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് മാഡ്‌ലി പറഞ്ഞു. ഐപിഎല്‍ ലേലം താന്‍ അത്രമേല്‍ ആസ്വദിച്ചിരുന്നെന്നും ബിസിസിഐയാണ് തന്നെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു ഇന്ത്യക്കാരനുവേണ്ടിയാണ് തന്നെ മാറ്റുന്നതെന്നാണ് കരുതിയത്. എന്നാല്‍, തന്നെക്കാള്‍ പ്രായമുള്ള ഒരു ബ്രിട്ടീഷ് ലേലക്കാരനുവേണ്ടിയാണ് ഒഴിവാക്കിയതെന്ന് എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ നിരാശയാണ് തോന്നുന്നത്. അദ്ദേഹം ഒരു ഫസ്റ്റ് ക്ലാസ് ആര്‍ട്ട് ലേലം വിളിക്കാരനാണ്. ഐപിഎല്ലില്‍ യാതൊരു പരിചയവുമില്ല. തന്നെപ്പോലുള്ള മറ്റൊരാളെ നിയമിക്കുന്നതായിരുന്നു ഉചിതം. ബിസിസിഐയുടെ തീരുമാനം തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
മാഡ്‌ലിയെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. മാഡ്‌ലിയെ ഒഴിവാക്കരുതെന്നാണ് ഭൂരിപക്ഷം പേരുടെയും നിര്‍ദ്ദേശം. എന്നാല്‍, മാഡ്‌ലിയെ എന്തിന് ഒഴിവാക്കി എന്നതിന് ബിസിസിഐ പ്രത്യേക വിശദീകരണമൊന്നും നല്‍യിട്ടില്ല. 11 തവണ മാഡ്‌ലി ബിസിസിഐയ്ക്കുവേണ്ടി ഐപിഎല്‍ ലേലം വേദിയിലെത്തിയിട്ടുണ്ട്.