ബാഗ്ലൂര്: ഐ പി എല്‍ 7 താരലേലത്തില്‍ ഏവരും ഉറ്റുനോക്കിയിരുന്ന കോറി ആന്‍ഡേഴ്സനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. റിച്ചാര്‍ഡ് ലെവി, ഗ്ലെന്‍ മാക്സ്വെല് തുടങ്ങിയ വെടിക്കെട്ടുകാരെ പൊന്നും വില കൊടുത്ത് ലേലത്തില്‍ വാങ്ങാറുള്ള പതിവ് ഇത്തവണയും മുംബൈ തെറ്റിച്ചില്ല. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്.
ന്യൂസിലന്‍ഡിന്റെ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറാണ് 23 കാരനായ കോറി ആന്ഡേഴ്സണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 36 പന്തില്‍ സെഞ്ചുറിയടിച്ചാണ് ആന്ഡേഴ്സണ് താരമായത്. ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര തോറ്റമ്പിയ ഇന്ത്യയ്ക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗും ഫാസ്റ്റ് മീഡിയം പേസ് ബൗളിംഗും ആന്‍ഡേഴ്സനെ ലേലത്തിലെ ചൂടന്‍ താരമാക്കി.
4.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് കോറി ആന്‍ഡേഴ്സനെ കൂടാരത്തിലെത്തിച്ചത്. ഹൈദരാബാദ്, ദില്ലി ടീമുകളാണ് ആന്ഡേഴ്സന് വേണ്ടി രംഗത്തുണ്ടായിരുന്നത്. തൊട്ടുമുമ്പ് ഗ്ലെന്‍ മാക്സ്വെല്ലിനെ കൈവിട്ട മുംബൈ ആന്‍ഡേഴ്സനെ കിട്ടിയേ തീരു എന്ന വാശിയിലായിരുന്നു. മൈക് ഹസി, സഹീര്‍ ഖാന്, പ്രഗ്യാന്‍ ഓജ എന്നിവരെയും മുംബൈ ടീം വിളിച്ചെടുത്തിട്ടുണ്ട്.
പതിവുപോലെ ബൗളിംഗില്‍ ശ്രദ്ധയൂന്നിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിനെ വിളിച്ചെടുത്തത്. എന്നാല്‍ വെടിക്കെട്ട് താരങ്ങളെ കുത്തിനിറച്ചാണ് ബാംഗ്ലൂര്‍ ലേലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ തവണ നല്ല വില കിട്ടിയ പത്താന് സഹോദരന്മാര്ക്ക് ഇത്തവണ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കെവിന് പീറ്റേഴ്സണ് ഒഴികെയുള്ള ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആവശ്യക്കാരുണ്ടായില്ല.