ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടിയുള്ള താരലേലം പുരോഗമിക്കുകയാണ്. സൗദിയിലെ ജിദ്ദയിൽ വച്ച് നടക്കുന്ന ലേലത്തിൽ പത്ത് ഐപിഎൽ ടീമുകളും അടുത്ത സീസണിലേക്കുള്ള ടീമിനെ ഒരുക്കുന്ന തത്രപ്പാടിലാണ്. എങ്കിലും ലേലത്തിന് എത്തും മുൻപ് തന്നെ ആരൊക്കെ വേണം, ഏത് മേഖലകളിൽ കരുത്ത് കൂട്ടണം എന്നതൊക്കെ ടീമുകൾ മുൻകൂട്ടി കാണുന്നത് പതിവാണ്. അത്തരത്തിലൊരു തീരുമാനത്തിന്റെ ഭാഗമായി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെയാണ്.
12.25 കോടി രൂപയ്ക്കാണ് മുഹമ്മദ് സിറാജിനെ ഗുജറാത്ത് തങ്ങളുടെ നിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇത്തവണ ഗുജറാത്ത് ഏറെ കണക്കുകൂട്ടലുകളുമായി നടത്തിയ നീക്കമാണ് ഇതെന്ന് നിസംശയം പറയാം. ലേലത്തിന്റെ രണ്ടാം താരമായി ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയെ യാതൊരു സങ്കോചവും കൂടാതെ ഗുജറാത്ത് വാങ്ങിയിരുന്നു.

അതിനവർ ചിലവിട്ടത് സിറാജിനെക്കാൾ കുറഞ്ഞ തുകയാണ് എന്നതും ഓർക്കണം. 10.75 കോടി രൂപയ്ക്കാണ് ദക്ഷിണാഫ്രിക്കൻ പേസറെ അവർ കൂടാരത്തിൽ എത്തിച്ചത്. വരുന്ന സീസണിൽ ശക്തമായ പേസ് ആക്രമണനിര സംഘടിപ്പിക്കുക എന്ന അവരുടെ നയത്തിന്റെ ഭാഗമാണ് റബാഡയ്ക്ക് പുറമേ സിറാജിനെ കൂടി ടീമിൽ എത്തിക്കുന്നതിലൂടെ വ്യക്തമാവുന്നത്,
എന്നാൽ ഒന്നും കാണാതെയല്ല മാനേജ്‌മെന്റ് സിറാജിനെ ടീമിലേക്ക് എത്തിച്ചതെന്ന് പറയാം. കാരണം സിറാജ് എല്ലാ ഫോർമാറ്റിലും ഒരേ ഫോം നിലനിർത്തുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ സിറാജിനെ ടീമിൽ എത്തിക്കുന്നത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് അവർക്ക് ഉറപ്പുണ്ട്. മാത്രമല്ല നിലവിൽ ബിജിടി ട്രോഫിയിൽ ഓസീസിനെതിരെ മികച്ച ഫോമിലാണ് താരം പന്തെറിയുന്നതും.
കഴിഞ്ഞ രണ്ട് സീസണുകളായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമിലായിരുന്നു സിറാജ് കളിച്ചിരുന്നത്. അവിടെ ഭേദപ്പെട്ട റെക്കോർഡ് സ്വന്തമായുള്ള താരമാണ് മുഹമ്മദ് സിറാജ് എന്ന കാര്യം കൂടി ഓർക്കണം. കൂടാതെ നേരത്തെ നിലനിർത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം സിറാജ് കൂടി എത്തുമ്പോൾ ക്യാമ്പ് ഒന്നുകൂടി ശക്തമാകും എന്നാണ് ടീം കരുതുന്നത്.
കൂടാതെ സിറാജിനെ ഒപ്പം ചേർക്കാൻ ഗുജറാത്തിനെ പ്രേരിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ ഡീസന്റ് റെക്കോർഡാണ്. കഴിഞ്ഞ സീസണിലെ അവസാന 14 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. കൂടാതെ നിലവിൽ ഇന്ത്യൻ നിരയിൽ റബാഡയുമായി നല്ല സഖ്യം ഉണ്ടാക്കാൻ ശേഷിയുള്ള ഒരാൾ കൂടിയാണ് സിറാജ്.
നേരത്തെ ലോകകപ്പ് ഹീറോ കൂടിയായ സ്‌റ്റാർ പേസർ മുഹമ്മദ് ഷമിയെ ടീം നിലനിർത്തിയിരുന്നില്ല. മാത്രമല്ല ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ടീം ശ്രമിച്ചതുമില്ല. പകരം നേരത്തെ തന്നെ സിറാജിനായി അവർ ഉന്നം വച്ചിരുന്നു എന്നത് വ്യക്തമാണ്. കൂടാതെ ന്യൂ ബോൾ കൈയിൽ കിട്ടിയാൽ അക്രമണകാരിയാവുന്ന സിറാജിന്റെ ശൈലിയും തീരുമാനത്തെ സ്വാധീനിച്ചു എന്ന് കരുതാം.