കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം അടങ്ങും മുമ്പേ കുട്ടിക്രിക്കിന് കൊടിയേറുന്നു. ട്വന്റി 20 ക്രിക്കറ്റിലെ ആഘോഷമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണിന് ഏപ്രില്‍ എട്ടിന് തിരി തെളിയും.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുമുട്ടും.

ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍. എട്ടാം സീസണില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ക്ക് പുറമേ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് കിരീടപോരാട്ടത്തിനുള്ളത്.
എട്ടിന് ആരംഭിക്കുന്ന ലീഗ് മത്സരങ്ങള്‍ മേയ് 17ന് അവസാനിക്കും. 19നാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം. ഈ മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. 20ന് ബംഗളുരുവില്‍ എലിമിനേറ്റര്‍ പോരാട്ടം നടക്കും. ഹൈദരാബാദിലാണ് രണ്ടാം ക്വാളിഫയര്‍ അരങ്ങേറുക. 24ന് ഈഡന്‍ ഗാര്‍ഡില്‍സില്‍ ഫൈനല്‍ നടക്കും.