ഐപിഎൽ പുതിയ സീസണിന് നാളെ കൊടിയേറുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെയും ലോകത്തിലെയും ക്രിക്കറ്റ് ആരാധകർ ഈ മത്സരങ്ങളെ നോക്കി കാണുന്നത്. മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനങ്ങൾക്ക് ടൂർണമെന്റ് വേദിയാവുമെന്നാണ് വിലയിരുത്തൽ. അതിനിടയിൽ ഇക്കുറി ആരാവും കൂടുതൽ റൺസ് എടുക്കുന്നവർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധ്യത ഉള്ള അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
വിരാട് കോലി: കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന്റെ ശേഷം ആദ്യമായി വിരാട് കോലി ക്രിക്കറ്റിന്റെ ചെറു ഫോർമാറ്റിൽ ഇറങ്ങുന്നു എന്നതാണ് 2026-ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രത്യേകത. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അദ്ദേഹം ഇറങ്ങുമ്പോൾ ആരും ഭയക്കും. പരിശീലനമത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങൾ അദ്ദേഹം മികച്ച ഫോമിലാണെന്ന് വ്യക്തമാക്കുന്നു. ഐപിഎല്ലിൽ രണ്ട് വട്ടം ഓറഞ്ച് ക്യാപ് നേടിയ താരമാണ് കോലി.

സഞ്ജു സാംസൺ: രാജസ്ഥാൻ റോയൽസിൽ നിന്നാണ് താരത്തെ ഐപിഎല്ലിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയത്. ഈ സീസണിൽ പുതിയ ഫ്രാഞ്ചൈസിക്കുവേണ്ടി സഞ്ജു ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങുമെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' എന്ന നേട്ടം അദ്ദേഹത്തിന്റെ മികച്ച ഫോമിന് തെളിവാണ്. ഓറഞ്ച് ക്യാപ് സാധ്യത വളരെയധികമാണ് സഞ്ജുവിനും.
ഐഡൻ മാർക്രം: തന്റെ കരിയറിലെ മികച്ച ഫോമിലാണ് ഈ പ്രോട്ടീസ് താരം. 2026 ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഉയർന്ന സ്കോററായും ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളായും അദ്ദേഹം തിളങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങുന്ന മാർക്രത്തിന്, നിലവിലെ തകർപ്പൻ ഫോമിൽ ഓറഞ്ച് ക്യാപ് ഒരു വിദൂര സ്വപ്‌നം അല്ല.
അഭിഷേക് ശർമ്മ: ഐസിസി റാങ്കിംഗിൽ നിലവിൽ ഒന്നാം നമ്പർ ബാറ്ററാണ് അഭിഷേക് ശർമ്മ. സൺറൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്രദ്ധേയമായ പ്രകടനങ്ങളാണ് അദ്ദേഹം നടത്തി വരുന്നത്. ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക്, തന്റെ കന്നി ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് ഈ സീസണിൽ മികച്ച പ്രകടനം നടത്തിയേക്കും.
സൂര്യകുമാർ യാദവ്: ടി20 ലോകകപ്പിൽ ഇന്ത്യക്കായി സൂര്യകുമാർ യാദവിന് കാര്യമായ റൺസ് നേടാനായിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല എന്നതും കണക്കിലെടുക്കണം. എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പം ഒരു മികച്ച സീസൺ കളിക്കാനും, 2026 ഐപിഎൽ ഓറഞ്ച് ക്യാപ് നേടുന്നതിനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കും എന്നുറപ്പാണ്.
ഈ അഞ്ച് താരങ്ങൾ മാത്രമല്ല ഇക്കുറി ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് നേടാൻ സാധ്യതയുള്ളവർ. ഇവരെ കൂടാതെ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും കഴിവ് തെളിയിച്ചവർ വേറെയുമുണ്ട്. ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ, ഇംഗ്ലണ്ട് താരം വിൽ ജാക്‌സ് എന്നിങ്ങനെയുള്ളവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നു.