IPL 2026: ഗുജറാത്തിനെ പറപ്പിച്ച് കൊൽക്കത്തയുടെ വിളയാട്ടം; രഘുവൻശിയും അലനും തുടങ്ങി, നരേൻ തീർത്തു..!
ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാമത് ഉള്ള ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് കരുത്തുകാട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് കൊൽക്കത്തയുടെ പോരാട്ട വീര്യത്തിന് മുന്നിൽ വീഴുകയായിരുന്നു. 29 റൺസിനാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ജയിച്ചു കയറിയത്. മികച്ച ബാറ്റിങും ഭേദപ്പെട്ട ബൗളിംഗും പുറത്തെടുത്ത അവർ ഈഡനിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഗുജറാത്തിനെ കീഴടക്കിയത്.
248 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് വേണ്ടി നായകൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്ലർ (35 പന്തിൽ 57), സായി സുദർശൻ (പുറത്താവാതെ 45) എന്നിവർ പൊരുതി നോക്കിയെങ്കിലും ജയത്തിന് അത് പര്യാപ്തമായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളർമാർക്ക് ഒന്നും തന്നെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എങ്കിലും ആഗ്രഹിച്ച ജയത്തിലേക്ക് എത്താൻ ഗുജറാത്തിനും കഴിഞ്ഞില്ല. ഒടുവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിൽ അവരുടെ പോരാട്ടം അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ കൊൽക്കത്ത കത്തി കയറുകയായിരുന്നു. മെയ് 16 ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയത്. ന്യൂസിലൻഡ് താരം ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗും അവസാന ഓവറുകളിൽ ആംകൃഷ് രഘുവൻശിയും ക്യമറൂൺ ഗ്രീനും ചേർന്നൊരുക്കിയ വെടിക്കെട്ട് ഫിനിഷിംഗുമാണ് കെകെആറിനെ വമ്പൻ സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രഹാനെയും ഫിൻ അലനും ചേർന്നാണ് കൊൽക്കത്തയുടെ ഇന്നിംഗ്സ് ആരംഭിച്ചത്. രഹാനെ 14 പന്തിൽ 14 റൺസ് നേടി പുറത്തായെങ്കിലും, ഫിൻ അലൻ തുടക്കം മുതൽ ആക്രമണ ശൈലിയിലാണ് ബാറ്റ് വീശിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ഗുജറാത്ത് ബൗളർമാരെ സമ്മർദത്തിലാക്കിയ താരം മത്സരത്തിന്റെ നിയന്ത്രണം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി.
35 പന്തിൽ നാല് ഫോറും പത്ത് സിക്സറും സഹിതം 93 റൺസാണ് ഫിൻ അലൻ നേടിയത്. 12-ാം ഓവറിൽ ടീം സ്കോർ 139 ന് രണ്ട് എന്ന നിലയിൽ നിൽക്കെയായിരുന്നു സായി കിഷോർ അലനെ പുറത്താക്കിയത്. ഇതിനിടെ ഗുജറാത്ത് താരങ്ങൾ നിർണായക ക്യാച്ചുകൾ കൈവിട്ടതും മോശം ഫീൽഡിംഗും കെകെആറിന് അധിക നേട്ടമായി. അലൻ മടങ്ങിയ ശേഷവും കൊൽക്കത്തയുടെ റൺവേട്ടയ്ക്ക് യാതൊരു കുറവും ഉണ്ടായില്ല.
യുവതാരം രഘുവൻഷിയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ചേർന്ന് മധ്യ ഓവറുകളിലും അവസാന ഓവറുകളിലും തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ചു. രഘുവൻഷി 44 പന്തിൽ നാല് ഫോറും ഏഴ് സിക്സറും ഉൾപ്പെടെ പുറത്താകാതെ 82 റൺസ് നേടി. ഗ്രീൻ 28 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 52 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 52 പന്തിൽ 108 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് ഒരുഘട്ടത്തിലും റൺ ഒഴുക്ക് നിയന്ത്രിക്കാനായില്ല. റാഷിദ് ഖാൻ നാല് ഓവറിൽ 57 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. സായി കിഷോർ അലന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇന്നിംഗ്സിലുടനീളം കൊൽക്കത്തയുടെ റൺറേറ്റ് 12 ന് മുകളിലായിരുന്നു. 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ അവർ ഉയർത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications