'കോലി ആ ബൗളർക്കെതിരെ വിയർക്കും..! ബുമ്രയ്ക്ക് എതിരെ ചെയ്‌തത് വൈഭവ് ആവർത്തിക്കുമോ?'; ചോദ്യവുമായി ചോപ്ര
ഇന്ന് ഐപിഎല്ലിലെ ഏറ്റവും കാത്തിരുന്ന പോരാട്ടങ്ങളിൽ ഒന്ന് നടക്കുകയാണ്. ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയെ സംബന്ധിച്ച് ജയം ആവശ്യമാണ്. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ തന്നെ പോയിന്റുകൾ നേടിയാൽ പിന്നീടുള്ള മത്സരങ്ങൾ താരതമ്യേന സമ്മർദ്ദം കുറഞ്ഞതാവും എന്നതാണ് ഇതിന് കാരണം.
മത്സരത്തിൽ പലരും കാത്തിരിക്കുന്നത് ചില താരങ്ങളുടെ കൊമ്പുകോർക്കലാണ്. ഇപ്പോഴിതാ വിരാട് കോലിയും സന്ദീപ് ശർമ്മയും തമ്മിലുള്ള പോരാട്ടം നിർണായകമാകുമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര നിരീക്ഷിക്കുന്നത്. സന്ദീപിന്റെ വേഗത കുറഞ്ഞ പന്തുകൾ കോലിക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

18 ഇന്നിംഗ്‌സുകളിൽ നിന്ന് ഏഴ് തവണയാണ് സന്ദീപ് കോലിയെ പുറത്താക്കിയതെന്നത് ഇതിന്റെ തെളിവാണ്. സന്ദീപിനെതിരെ 150 സ്ട്രൈക്ക് റേറ്റിൽ 132 റൺസ് മാത്രമാണ് കോലിക്ക് നേടാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ റെക്കോർഡ് മികച്ചതല്ലെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്.
'സന്ദീപ് ശർമ്മയും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം വീണ്ടും ഒരു വിഷയമാണ്. കാരണം, സന്ദീപിനെതിരെ കോലിക്ക് നല്ല റെക്കോർഡുകളില്ല. സ്ട്രൈക്ക് റേറ്റ് ഭേദപ്പെട്ടതാണെങ്കിലും, കണക്കുകൾ അത്ര മികച്ചതല്ല. വേഗതയില്ലാത്തതുകൊണ്ട് സന്ദീപ് ശർമ്മക്കെതിരെ കളിക്കാൻ കോലി ഇഷ്‌ടപ്പെടുന്നില്ല' എന്നായിരുന്നു ആകാശ് ചോപ്ര പറഞ്ഞത്.
മത്സരത്തിൽ നിർണായകമായേക്കാവുന്ന ചില താരങ്ങളുടെ പേരും ചോപ്ര എടുത്തുപറഞ്ഞു. ഫിൽ സാൾട്ടും ദേവ്ദത്ത് പടിക്കലും നിർണായക സാന്നിധ്യമായി മാറുമെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്. എന്നാൽ, പുതിയ പന്തിൽ ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ആർസിബി ബാറ്റർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
'ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും പുതിയ പന്തിൽ കടുത്ത വെല്ലുവിളി ഉയർത്തും. കഴിഞ്ഞ മത്സരത്തിൽ ഫിൽ സാൾട്ട് റൺസ് നേടിയിരുന്നു. അതിനാൽ ശ്രദ്ധ അദ്ദേഹത്തിലായിരിക്കും. ദേവ്ദത്ത് പടിക്കൽ മികച്ച ഫോമിലാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം റൺസും റോയൽസിനെതിരെയാണ്. അത് കാണേണ്ട കാഴ്‌ചയായിരിക്കും' അദ്ദേഹം നിരീക്ഷിച്ചു.
വൈഭവ് സൂര്യവംശിയെ കുറിച്ചും ചോപ്ര മനസ് തുറന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏകദേശം 250 സ്ട്രൈക്ക് റേറ്റിൽ 122 റൺസ് നേടിയാണ് താരം ഇപ്പോഴുള്ളത്. മുംബൈ ഇന്ത്യൻസിനെതിരെ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ സിക്‌സറടിച്ച് തുടങ്ങിയ വൈഭവ് കൈയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ വൈഭവിന്റെ പ്രകടനവും എല്ലാവരും ഒരുപോലെ ഉറ്റുനോക്കുനുണ്ട്.
വൈഭവിൽ വലിയ ശ്രദ്ധയുണ്ടാകും. ജേക്കബ് ഡഫി, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ് അല്ലെങ്കിൽ മങ്കേഷ് യാദവ് എന്നിവർ അദ്ദേഹത്തിനെതിരെ ഉണ്ടാകും. മാറ്റ് ഹെൻറിക്കും, ജസ്പ്രീത് ബുംറയ്ക്കും, ട്രെന്റ് ബോൾട്ടിനും എതിരെ ചെയ്‌തത്, ഇപ്പോൾ ഭുവനേശ്വർ കുമാറിനും ജേക്കബ് ഡഫിക്കും എതിരെയും ചെയ്യുമോ? അതാണ് വലിയ ചോദ്യം; ചോപ്ര പറയുന്നു.
അതേസമയം, ഇത്തവണ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആർസിബി രംഗത്തിറങ്ങുന്നത്. നിലവിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് കളികളും ജയിച്ച ആർസിബി ആവട്ടെ മൂന്നാം സ്ഥാനത്തുമാണ്. സീസണിലെ അപരാജിതരുടെ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications