IPL 2026: ശരിക്കുമുള്ള സിഎസ്കെ കില്ലർ സഞ്ജുവാണ്, കഴിഞ്ഞ 10 മത്സരങ്ങളിലെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് എങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാൻ റോയൽസിന് മുന്നിൽ അവർ പതറുകയാണ്. 2020 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ സിഎസ്കെയെ അക്ഷരാർത്ഥത്തിൽ രാജസ്ഥാൻ റോയൽസ് വിറപ്പിക്കുകയായിരുന്നു എന്ന് വ്യക്തമാകും. പത്ത് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എട്ടു തവണയും വിജയം രാജസ്ഥാനൊപ്പമായിരുന്നു. വെറും രണ്ട് തവണ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്.
രാജസ്ഥാന്റെ ആധിപത്യം, ചെന്നൈയുടെ പതർച്ച!
2020-ന് ശേഷം നടന്ന മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങളിലൂടെ രാജസ്ഥാൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ പട ചെന്നൈയുടെ തന്ത്രങ്ങളെ കൃത്യമായി മറികടന്നു. 2020-ൽ നടന്ന രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ വിജയിച്ചപ്പോൾ, പിന്നീട് നടന്ന പോരാട്ടങ്ങളിലും സിഎസ്കെയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ചെന്നൈയുടെ സ്പിൻ കെണികളെയും ഡെത്ത് ഓവർ ബൗളിംഗിനെയും അതിജീവിച്ച് രാജസ്ഥാൻ ബാറ്റർമാർ റൺസ് വാരിക്കൂട്ടുകയായിരുന്നു.

സഞ്ജു എന്ന 'സിഎസ്കെ കില്ലർ'!
രാജസ്ഥാൻ നായകനായിരുന്ന സമയത്ത് സഞ്ജു സാംസൺ ചെന്നൈയ്ക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടുകളാണ് ഈ വിജയങ്ങളിൽ പലതിനും അടിത്തറ പാകിയത്. സിഎസ്കെ ബൗളർമാരെ കടന്നാക്രമിക്കുന്ന സഞ്ജുവിന്റെ ശൈലി ധോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 2020ൽ യുഎഇയിൽ വെച്ച് നടന്ന മത്സരത്തിൽ വെറും 32 പന്തുകളിൽ നിന്നും സഞ്ജു ചെന്നൈയ്ക്കെതിരെ നേടിയ 74 റൺസ് ഇന്നിങ്സ് ഇന്നും വാഴ്ത്തി പാടുന്നുണ്ട്. എന്നാൽ ഇന്ന് കഥ മാറുകയാണ്. തങ്ങളെ ഇത്രയധികം വേട്ടയാടിയ സഞ്ജുവിനെ തന്നെ സ്വന്തം ക്യാമ്പിലെത്തിച്ചിരിക്കുകയാണ് ചെന്നൈ. ഈ കണക്കുകൾ തിരുത്തുക എന്ന വലിയ ദൗത്യമാണ് ഇന്ന് മഞ്ഞക്കുപ്പായത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത്.
ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിനാണ് ഇന്ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഈ മത്സരത്തിന് ഇത്തവണ വലിയൊരു പ്രത്യേകതയുണ്ട്. രാജസ്ഥാന്റെ പടത്തലവനായിരുന്ന സഞ്ജു സാംസൺ ഇന്ന് ആദ്യമായി മഞ്ഞക്കുപ്പായത്തിൽ സിഎസ്കെയ്ക്കായി കളത്തിലിറങ്ങുമ്പോൾ, ചെന്നൈയുടെ ഇതിഹാസം രവീന്ദ്ര ജഡേജ തന്റെ പഴയ തട്ടകമായ രാജസ്ഥാൻ നിരയിലാണ് അണിനിരക്കുന്നത്. പരിക്കേറ്റ ധോണിയുടെ അഭാവത്തിൽ വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകമാകും.
മറുഭാഗത്ത്, സഞ്ജുവിന് പകരം രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗിന് ഇത് അഗ്നിപരീക്ഷയാണ്. സ്വന്തം നാടായ ഗുവാഹത്തിയിൽ വെച്ച് ആദ്യമായി ടീമിനെ നയിക്കുന്നു എന്ന പ്രത്യേകത പരാഗിനുണ്ട്. ചെറിയ ബൗണ്ടറികളുള്ള ബർസാപാരയിലെ പിച്ച് ബാറ്റർമാരെ തുണയ്ക്കുന്നതായതിനാൽ ഒരു ഹൈ-സ്കോറിംഗ് ത്രില്ലറാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7:30-ന് ആരംഭിക്കുന്ന ഈ പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തും ജഡേജയുടെ സ്പിൻ തന്ത്രങ്ങളും തമ്മിലുള്ള മാറ്റുരയ്ക്കൽ കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications