കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരുന്നു. വെറും 14 വയസ് മാത്രം പ്രായമുള്ള ബാലനാണ് ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നീ ലോകോത്തര ബൗളര്‍മാരെ അടിച്ച് പതം വരുത്തി റെക്കോഡ് ബുക്കിലേക്ക് നടന്ന് കയറിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 37 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ വൈഭവ് സൂര്യവംശി, 7 ഫോറുകളും 11 കൂറ്റന്‍ സിക്‌സറുകളും അടങ്ങുന്ന ഒരു മിന്നുന്ന ഇന്നിംഗ്‌സിലൂടെയാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയത്. അങ്ങനെ ടി20 ക്രിക്കറ്റിലും ഐപിഎല്ലിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ഐപിഎല്‍ ചരിത്രത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇതാണ്.
2013 ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരെ ക്രിസ് ഗെയ്ലിന്റെ 30 പന്തില്‍ നിന്നുള്ള സെഞ്ച്വറിക്കുശേഷം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനം ക്രിക്കറ്റിന് പുറത്തുള്ളവരുടെ വരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഫോര്‍മുല 1 താരം ഓസ്‌കാര്‍ പിയാസ്ട്രി വരെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ വൈഭവ് സൂര്യവംശിയുടെ പ്രായത്തെക്കുറിച്ച് സംശയമുള്ള ചിലരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. അതിനിടെ ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ് വൈഭവിന്റെ പ്രായത്തെ പരോക്ഷമായി കളിയാക്കി കൊണ്ട് ഒരു ട്വീറ്റ് പങ്ക് വെച്ചതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കളിക്കാര്‍ ക്രിക്കറ്റിലും പ്രായം കുറയ്ക്കാന്‍ തുടങ്ങിയോ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള താരമാണ് വിജേന്ദര്‍ സിംഗ്.
അതേസമയം സെഞ്ച്വറി പ്രകടനത്തിന് ശേഷം ഇന്ന് വീണ്ടും വൈഭവ് സൂര്യവംശി കളത്തിലിറങ്ങുകയാണ്. ഈ സീസണിലെ 50-ാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കാനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ ലോകോത്തര പേസര്‍മാര്‍ ഉള്ളതിനാല്‍ തന്നെ അവരെ വൈഭവ് സൂര്യവംശി എങ്ങനെയായിരിക്കും നേരിടുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായാണ് വൈഭവ് ടീമിലെത്തിയത്. മുംബൈയ്ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ അഭാവവും വൈഭവിന്റെ മികച്ച ഫോമും താരത്തിന് അവസരം നല്‍കും എന്നുറപ്പാണ്. അതേസമയം മുംബൈയുടെ മിന്നും ഫോമാണ് ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്റെ ചങ്കിടിപ്പേറ്റുന്നത്. ആദ്യത്തെ അഞ്ച് കളിയില്‍ ഒരു ജയം മാത്രമുണ്ടായിരുന്ന മുംബൈ പോയന്റ് പട്ടികയില്‍ താഴെയായിരുന്നു.
എന്നാല്‍ പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും മിന്നുന്ന ജയം കുറിച്ച് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് ടീം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ചാമ്പ്യന്‍ ടീമിനെ പോലെയാണ് മുംബൈ കളിക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനത്തോട് അടുക്കുമ്പോള്‍ പ്ലേ ഓഫ് പോരാട്ടവും കടക്കുകയാണ്. ഗുജറാത്തിനെതിരായ വിജയത്തോടെ രാജസ്ഥാന്‍ നേരിയ സാധ്യത നിലനിര്‍ത്തുന്നുണ്ട്.
പത്ത് കളിയില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിനോടകം തന്നെ പ്ലേ ഓഫില്‍ നിന്ന് പുറത്തായിട്ടുണ്ട്. പത്ത് കളിയില്‍ നിന്ന് ഏഴ് ജയമുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് 14 പോയന്റുമായി ഒന്നാം സ്ഥാനത്ത്. പഞ്ചാബ് ആറ് ജയവും മൂന്ന് തോല്‍വിയും അടക്കം 13 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സിനെ കൂടാതെ ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കും 12 പോയന്റ് വീതമുണ്ട്.
യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ആണ് ഈ ടീമുകള്‍. ആറാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ഒമ്പത് പോയന്റാണ് ഉള്ളത്. ആറ് പോയന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ആണ് എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഉള്ളത്.