'വിഘ്‌നേഷിന്റെ ബൗളിംഗ് രീതി അസാധാരണം'; കാരണം വെളിപ്പെടുത്തി മുൻ കേരള താരം, 'കൂടുതൽ മൂർച്ചയുള്ളതായി..'
ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്ത് തെളിയിച്ച മലയാളികൾ ഏറ്റവും അവസാനത്തെ പേരാണ് വിഘ്‌നേഷ് പുത്തൂരിന്റേത്. ശ്രീശാന്തും സഞ്ജു സാംസണും ഒക്കെ വെട്ടിത്തിച്ച വഴിയിലൂടെ നടന്നുകയറുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. എന്നാൽ മറ്റുള്ളവരെ പോലെ സീനിയർ ടീമിൽ ഇടം നേടിയ ശേഷം ഐപിഎല്ലിൽ എത്തിയ ആളല്ല വിഘ്നേഷ്. മുംബൈ സ്‌കൗട്ടിങ് ടീം റാഞ്ചിയെടുത്ത് കൊണ്ടുപോവുകയായിരുന്നു വിഘ്‌നേഷിനെ.
കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം, കളത്തിൽ ഇറങ്ങിയപ്പോൾ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്‌ച വച്ചത്. മുംബൈ ഇന്ത്യൻസ് ഇക്കുറി മോശം പ്രകടനമാണ് ടൂർണമെന്റിൽ കാഴ്‌ച വയ്ക്കുന്നതെങ്കിലും അതിനിടയിൽ അൽപ്പം ആശ്വസിക്കാൻ വകയുള്ളത് വിഘ്‌നേഷിനെ പോലെയുള്ള ഒരുപിടി യുവതാരങ്ങളുടെ പ്രകടനമാണ്.

ഇപ്പോഴിതാ ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്‌ച വയ്ക്കുന്ന താരത്തിന്റെ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മുൻ കേരള താരമായ സോണി ചെറുവത്തൂർ. മൈഖേലിന് പ്രത്യേകതമായി അനുവദിച്ച അഭിമുഖത്തിലാണ് വിഘ്‌നേഷുമായി അടുത്ത ബന്ധം വച്ച് പുലർത്തുന്ന സോണി ചെറുവത്തൂർ തുറന്നുസംസാരിച്ചത്.
നേരത്തെ കെസിഎൽ (കേരള ക്രിക്കറ്റ് ലീഗ്) വേളയിൽ ഇരുവരും സഹകരിച്ചിരുന്നു. ആ സമയത്തേതിൽ നിന്നും വിഘ്നേഷ് ഒരുപാട് മാറിയെന്നാണ് സോണി പറയുന്നത്. ആ മാറ്റമാണ് ഐപിഎല്ലിൽ താരത്തെ മികച്ച പ്രകടനത്തിന് സഹായിക്കുന്നതെന്നും മുൻ കേരള താരം പറയുന്നു. വിഘ്നേഷ് കൂടുതൽ പക്വതയാർജ്ജിച്ചുവെന്നും സോണി എടുത്തുപറയുന്നുണ്ട്.
'ഞാനും ഫ്രാഞ്ചൈസിയുമായി കെസിഎല്ലിന്റെ ഭാഗമായിരുന്നു. അവിടെ ഞങ്ങൾക്ക് നല്ല ആശയവിനിമയങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ ഇവിടെ കണ്ടപ്പോൾ, അദ്ദേഹം ഒരു കളിക്കാരനെന്ന നിലയിൽ പക്വത പ്രാപിച്ചിട്ടുണ്ടെന്നും കഴിവുകൾ ഒന്നുകൂടി വികസിപ്പിക്കുക വഴി മൂർച്ചയുള്ളതാക്കാനും സാധിച്ചിട്ടുണ്ടെന്ന് എനിക്ക് കാണാൻ കഴിഞ്ഞു' സോണി ചെറുവത്തൂർ പറഞ്ഞു.
ഒരു ചൈനാമാൻ ബൗളർ എന്ന നിലയിൽ തന്റെ ബദൽ കഴിവുകളിൽ താരം പ്രാവീണ്യം നേടിയിട്ടുണ്ടെന്നും കൃത്യതയിലൂടെ ബാറ്റർമാരെ കെണിയിൽ വീഴ്ത്താൻ പ്രേരിപ്പിക്കുകയാണെന്നും സോണി പറയുന്നു. ബൗൾ ചെയ്യുമ്പോൾ തെറ്റായ ലൈനുകളിൽ എറിയുന്നത് അദ്ദേഹം മാറ്റിയെടുത്തു. തന്റെ വേരിയേഷനിലൂടെ ബാറ്ററെ സംശയത്തിലാക്കുകയാണ്. സ്‌റ്റമ്പിനോട് കൂടുതൽ അടുത്തേക്കാണ് അദ്ദേഹം പന്തെറിയുന്നത്. വിഘ്‌നേഷിന്റെ ബൗളിംഗ് രീതി അസാധാരണമെന്ന് തന്നെ പറയാം; സോണി കൂട്ടിച്ചേർത്തു.
അതേസമയം, ജസ്പ്രീത് ബുമ്രയെ പോലെയുള്ള ലോകോത്തര നിലവാരമുള്ള താരങ്ങളെ കണ്ടെത്തി അവസരം നൽകിയ മുംബൈ മാനേജ്‌മെന്റ് അഭിനന്ദനം അർഹിക്കുന്നുവെന്നാണ് ആരാധകരും പറയുന്നത്. ഇക്കൂട്ടത്തിലാണ് വിഘ്‌നേഷിന്റെ പേരും അവർ ചേർത്തുവായിക്കുന്നത്. ഹർദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങളെ വളർത്തിയതും മുംബൈ ഇന്ത്യൻസ് തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications