ഇന്ത്യൻ പ്രീമിയർ ലീഗ് ഈ സീസൺ ഏതാണ്ട് പാതിവഴി പിന്നിട്ട് കഴിഞ്ഞു. സൺ റൈസേഴ്‌സ് ഒഴികെ മറ്റെല്ലാ ടീമുകളും എട്ടോ അതിലധികമോ മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇത്തവണ വളരെയധികം ആവേശകരമായാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. അതിന് പ്രധാന കാരണം അപ്രവചനീയമായ മത്സര ഫലങ്ങളും മാറിമറിഞ്ഞ കണക്കുകൂട്ടലുകളുമാണ്. എല്ലാ സീസണിലും മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്, സിഎസ്കെ പോലെയുള്ളവർക്ക് ഒരു മുൻതൂക്കം എല്ലാവരും പ്രവചിക്കാറുണ്ട്.
എന്നാൽ ഈ സീസണിൽ അത്തരം പ്രവചനങ്ങൾ എല്ലാം അസ്ഥാനത്തായി. പോയിന്റ് പട്ടികയിൽ നിലവിൽ അധികമാരും പ്രതീക്ഷിക്കാത്ത ചില ടീമുകളാണ് മുൻനിരയിൽ തന്നെയുള്ളത്. അതിൽ എല്ലാവരും എഴുതി തള്ളിയ ഇതുവരെ കിരീടം നേടാത്ത ടീമുകൾ വരെയുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. പറഞ്ഞുവന്നത് ഡൽഹി ക്യാപിറ്റൽസ്, ആർസിബി ടീമുകളെ കുറിച്ചാണ്.

ഇത്തവണ ആദ്യ നാല് സ്ഥാനങ്ങളിൽ തുടക്കം മുതൽ അവരുണ്ട്. ഡൽഹിയാവട്ടെ വലിയൊരു സമയം ഒന്നാമതായിരുന്നു. നിലവിൽ ഗുജറാത്ത് ടൈറ്റൻസാണ് പട്ടികയിൽ ഒന്നാമതുള്ളത്, രണ്ടാമതാണ് ഡൽഹി ക്യാപിറ്റൽസ്. ആർസിബി ,മൂന്നാം സ്ഥാനത്തും പഞ്ചാബ് കിംഗ്‌സ് നാലാം സ്ഥാനത്തും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പറഞ്ഞുവന്നത് ഐപിഎൽ ആദ്യപകുതി പിന്നിട്ടപ്പോൾ ഉള്ള സാഹചര്യമാണ്.
ടൂർണമെന്റിന് ഇനിയും പകുതി ദൂരം കൂടി ഓടി തീർക്കാൻ ഉണ്ടെങ്കിലും ഇതുവരെയുള്ള പ്രകടനങ്ങൾ അടിസ്ഥാനമാക്കി ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. യുവതാരങ്ങൾ മികച്ചു നിന്ന സീസൺ ആണിതെന്ന് നിസംശയം പറയാം. അങ്ങനെയുള്ള ഇത്തവണത്തെ ഇതുവരെയുള്ള ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുമ്പോൾ അതിൽ ചില സർപ്രൈസുകൾ സ്വാഭാവികമാണ്.
ഇന്ത്യയുടെ ചില ഇതിഹാസ താരങ്ങൾക്ക് പോലും പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ് പ്രധാന വസ്‌തുത. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമെന്ന് തെളിയിക്കുന്ന ചില പേരുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് താനും. സീസണിൽ ഇതുവരെയുള്ള പ്രകടങ്ങൾ മാത്രം കണക്കിലെടുക്കുമ്പോൾ ഏറ്റവും മികച്ച ഇലവനിൽ ആരൊക്കെ ഉണ്ടാവുമെന്ന് നോക്കാം.
ഐപിഎൽ മിഡ് സീസൺ ബെസ്‌റ്റ് ഇലവൻ
സായ് സുദർശൻ, ജോസ് ബട്ട്ലർ, നിക്കോളാസ് പൂരൻ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യാ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, കുൽദീപ് യാദവ്, നൂർ അഹമ്മദ്, ജോഷ് ഹേസൽവുഡ്, പ്രസിദ് കൃഷ്‌ണ. ഇമ്പാക്റ്റ് പ്ലേയർ: സായ് കിഷോർ. ഇതാണ് പാതി വഴിയിൽ എത്തി നിൽക്കുന്ന ഐപിഎല്ലിലെ ഇത്തവണത്തെ ഏറ്റവും മികച്ച ഇലവൻ.
ഇതിൽ സായ് സുദർശൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ എടുത്തുപറയേണ്ടത് തന്നെയാണ്. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർ എന്ന വിശേഷണം താരത്തിന് അർഹമാണ്. ഇത്തവണ എട്ട് കളികളിൽ നിന്ന് അഞ്ച് അർധ സെഞ്ച്വറി അടക്കം 417 റൺസാണ് താരം നേടിയത്. അതും 152.18 എന്ന അത്യുഗ്രൻ സ്ട്രൈക്ക് റേറ്റോടെയാണ് നേട്ടമെന്ന് ഓർക്കണം.
പിന്നെ ഇക്കുറി ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയത് നിക്കോളാസ് പൂരനാണ്. താരവും മികച്ച ഫോമിലാണ്. സൂര്യകുമാർ യാദവ് നന്നായി കളിച്ചിട്ടും മുംബൈക്ക് അത് മുതലെടുക്കാനായില്ല എന്നതും കണക്കുകൾ പരിശോധിച്ചാൽ നമുക്ക് മനസിലാവും. ഹർദിക് പാണ്ഡ്യ 11 വിക്കറ്റുകളും 104 റൺസും ഇക്കുറി നേടിയിട്ടുണ്ട്. ജോസ് ബട്ട്ലർ, ഹേസൽവുഡ് എന്നിവരും മികച്ച പ്രകടനം നടത്തിയവരാണ്.
കോലിയ്ക്ക് ടീമിൽ ഇടമില്ലേ?
ഇക്കുറി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചിട്ടും ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിക്ക് ഇലവനിൽ ഇടമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എട്ട് മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ച്വറികളുൾപ്പെടെ 322 റൺസാണ് കോലി ഇക്കുറി നേടിയിരിക്കുന്നത്. മോശം പ്രകടനം കാഴ്‌ച വച്ച രോഹിത് ശർമ്മ, സഞ്ജു സാംസൺ, പന്ത് എന്നിവർക്കും ഇലവനിൽ ഇടമില്ല.