ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് എല്ലവരും കരുതിയിരുന്ന ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്രതീക്ഷകളെ എല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് അവർ പ്ലേ ഓഫ് പോലും കാണാതെ പുറത്തായത്. അതിൽ ഏറ്റവും വലിയ കാരണമായി വിലയിരുത്തുന്ന ടീമിന്റെ നെടുംതൂണും നായകനുമായ സഞ്ജു സാംസണ് പരിക്കേറ്റതും താരം പാതിവഴിയിൽ വച്ച് ടീമിന് പുറത്തായതുമാണ്.
ഇതോടെ രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്നു. വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് രാജസ്ഥാന് ഈ സീസണിൽ ബാക്കിയുള്ളത്. അത് രണ്ടും ജയിച്ചാൽ പോലും ഇനി പ്ലേ ഓഫിൽ കടക്കാൻ അവർക്ക് കഴിയില്ല. എങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് കൊണ്ട് നാണക്കേടിന്റെ ഭാരം ഇറക്കി വയ്ക്കാനാണ് ടീം ഒന്നാകെ ശ്രമിക്കുന്നത്. അതിന് പക്ഷേ അവർക്ക് ശക്തമായ പിന്തുണ ടീമിൽ നിന്ന് കിട്ടിയേ തീരൂ.

എന്നാൽ ഇനി രാജസ്ഥാന് ടെൻഷൻ വേണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അവരുടെ നായകനും സൂപ്പർതാരവുമായ സഞ്ജു സാംസൺ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കുമെന്നാണ് ലഭ്യമായ വിവരം. ഐപിഎൽ പതിനെട്ടാം സീസൺ പ്രതീക്ഷിച്ചതിലും ഒരാഴ്‌ച വൈകുമെന്ന സാഹചര്യം വന്നതോടെയാണ് സഞ്ജുവിന് കളിക്കാനുള്ള അവസരം വന്നുചേരുന്നത്.
ഇന്ത്യ-പാക് സംഘർഷം മൂലം ടൂർണമെന്റ് നിർത്തിവച്ചത് അവർക്ക് വലിയ രീതിയിൽ ഗുണമാവുകയായിരുന്നു. അതുകൊണ്ടാണ് ഇടയ്ക്ക് വച്ച് പരിക്കേറ്റ് പുറത്തായ സഞ്ജുവിന്റെ സേവനം അവസാന മത്സരങ്ങളിൽ ലഭിക്കാനുള്ള സാധ്യത തെളിയുന്നത്. ഇതിനിടയിൽ സഞ്ജു അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്ന സൂചനകൾ അടുത്ത വൃത്തങ്ങൾ നൽകുന്നുമുണ്ട്.
അതിലുപരി രാജസ്ഥാൻ റോയൽസ് തന്നെ അതിനെ കുറിച്ചുള്ള വലിയൊരു സിഗ്നൽ തന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അവരുടെ സോഷ്യൽ മീഡിയ പേജിൽ സഞ്ജു പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇതോടെ സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പഞ്ചാബിനെതിരെ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രീമിയർ ലീഗിന് മുന്നോടിയായി, വിരലിനേറ്റ പരിക്ക് കാരണമാണ് ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനായി വിക്കറ്റ് കീപ്പർ ആകാൻ കഴിയാതെ സഞ്ജു ഇമ്പാക്റ്റ് താരമായി മാത്രം കളിച്ചത്. ഒരു സ്പെഷ്യലിസ്‌റ്റ് ബാറ്റർ മാത്രമായി ബാറ്റ് വീശിയ സഞ്ജുവിന് അടുത്ത ആഘാതം വൈകാതെ തന്നെ പരിക്കിന്റെ രൂപത്തിൽ വീണ്ടുമെത്തിയിരുന്നു.
കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്‌ച വച്ച ജോസ് ബട്ട്ലറിനെ പോലെയുള്ള മികച്ച താരങ്ങളെ ഒഴിവാക്കിയ രാജസ്ഥാൻ റോയൽസ് ലേലത്തിൽ വലിയ മണ്ടത്തരമാണ് കാണിച്ചതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ജോസിനെ ഒഴിവാക്കിയ അവർ പകരം അതുപോലെ ഒരു താരത്തെ ടീമിൽ എത്തിക്കുന്നതിൽ കാട്ടിയ വിമുഖതയാണ് ടീമിന്റെ ഫലങ്ങൾ ഈ നിലയിലേക്ക് എത്തുവാൻ കാരണമെന്നാണ് ആക്ഷേപം.
അതിനിടെ സഞ്ജുവിന് പരിക്കേൽക്കുക കൂടി ചെയ്‌തതോടെ അവരുടെ പതനം പൂർണമാവുകയായിരുന്നു. തിരിച്ചുവരവിന് ഒരു അവസരവും ഇല്ലാത്ത വിധത്തിലാണ് അവർ വീണത്. എങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഒന്നടങ്കം. പരിക്ക് പൂർണമായും ഭേദമായി എത്തുന്ന സഞ്ജു ഫോമിലേക്ക് ഉയർന്നാൽ രണ്ട് മത്സരങ്ങളും അനായാസം ജയിക്കാൻ ടീമിന് കഴിയും.
നിലവിൽ വെറും മൂന്ന് ജയവും 9 തോൽവികളുമായി ആറ് പോയിന്റ് മാത്രമാണ് റോയൽസിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പർ കിംഗ്‌സ് മാത്രമാണ് പട്ടികയിൽ അവർക്ക് പിന്നിലുള്ളത്. ഈ സാഹചര്യത്തിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ റോയൽസ് ഒരിക്കലും ആഗ്രഹിക്കുകയില്ല. അതിനാൽ സഞ്ജുവിന്റെ തിരിച്ചുവരവ് അവർക്ക് നിർണായകമാണ്.