ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം ഉണ്ടായ രാത്രിയായിരുന്നു ഏപ്രിൽ 28, ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിൽ പിങ്കിൽ കുളിച്ചുനിന്ന രാജസ്ഥാൻ ആരാധകർക്ക് മുന്നിലേക്കാണ് വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ തന്റെ ബാറ്റുമായി വന്നിറങ്ങിയത്. ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് ,മുൻപ് തന്നെ വൈഭവ് അടി തുടങ്ങിയിരുന്നു, മൈതാനത്തിന്റെ നാല് പാടും പന്ത് ചീറിപ്പാഞ്ഞു.
ഒടുവിൽ അനിവാര്യമായ സെഞ്ച്വറിയും ടീമിനുള്ള ജയവും താരം നേടി കൊടുത്തു. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറികളിൽ ഒന്നായിരുന്നു ഇന്നലെ പിറന്നത്. മാത്രമല്ല ടി20യിലും ഐപിഎല്ലിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമായിരുന്നു വൈഭവ് സ്വന്തം പേരിലാക്കിയത്. 35 പന്തിലായിരുന്നു വൈഭവ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്.

ഒരു കൗമാര താരത്തെ സംബന്ധിച്ച് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഇപ്പോൾ വൈഭവ് നേടിയത്. വെറും പതിനാല് വയസ് മാത്രം പ്രായമുള്ള താരത്തിന്റെ മികവിലാണ് മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് രണ്ട് പോയിന്റ് സ്വന്തമാക്കിയതും വൻ തോൽവി എന്ന നാണക്കേട് ഒഴിവാക്കിയതും.
അതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വൈഭവിനെ പുകഴ്ത്തിയും പ്രശംസിച്ചും ഒട്ടേറെ കമന്റുകളും അഭിപ്രായങ്ങളും വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻ താരങ്ങൾ ഉൾപ്പെടെ പലരും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്നാണ് വൈഭവിനെ വിശേഷിപ്പിച്ചത്. അതിന് പിന്നാലെ ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ബാറ്ററുമായ സച്ചിനും വൈഭവിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.
വൈഭവ് നടത്തിയ സ്വിച്ച് ഹിറ്റിന് അത്ഭുതത്തോടെയാണ് നോക്കി കണ്ടതെന്ന് സച്ചിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല യുവതാരത്തെ സസൂക്ഷ്‌മം നിരീക്ഷിച്ച സച്ചിൻ താരത്തിന്റെ ബാറ്റിംഗ് കേവലം പെട്ടെന്നുണ്ടായതല്ലെന്നും അതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
'വൈഭവിന്റെ നിർഭയമായ സമീപനം, ബാറ്റിംഗ് വേഗത, തുടക്കത്തിൽ തന്നെ ലെങ്ത് തിരഞ്ഞെടുക്കൽ, പന്തിന് പിന്നിലെ ഊർജ്ജം കൈമാറ്റം ചെയ്യൽ എന്നിവയാണ് അതിശയകരമായ ഇന്നിംഗ്‌സിന് പിന്നിലെ യഥാർത്ഥ ചേരുവകൾ. അന്തിമഫലമാവട്ടെ 38 പന്തിൽ നിന്ന് 101 റൺസ് ആയിരുന്നു' സച്ചിൻ ടെണ്ടുൽക്കർ പറയുന്നു.
അതിനിടെ താരത്തിന്റെ ബാറ്റിംഗ് ബ്രയാൻ ലാറയുടെയും യുവരാജ് സിംഗിന്റെയും ശൈലിയുടെ സമന്വയമാണെന്ന് ചില ആരാധകർ അവകാശപ്പെട്ടു. ഇതിനെ ശരി വയ്ക്കുന്ന പ്രതികരണമാണ് വൈഭവിന്റെ ബാല്യകാല കോച്ച് കൂടിയായ മനീഷ് ഓജ നടത്തിയത്. ലാറയുടെ ടെക്‌നിക്കും യുവിയുടെ അക്രമണോത്സുകതയുമാണ് വൈഭവനുള്ളതെന്ന് പലരും നിരീക്ഷിക്കുന്നു.
ബീഹാറിലെ സമസ്‌തിപൂർ സ്വദേശിയാണ് വൈഭവ് സൂര്യവംശി. ബ്രയാൻ ലാറയുടെ വീഡിയോകൾ കണ്ടാണ് താരം വളർന്നത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയിൽ ലാറയുടെ ഒരു ഛായയുണ്ട് താനും. പ്രായത്തിനേക്കാൾ വലിയ പക്വതയാർന്ന സമീപനമാണ് ബാറ്റിംഗിൽ അദ്ദേഹം പുലർത്തുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. 1.1 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലേക്ക് എത്തിച്ചത്.
നേരത്തെ കഴിഞ്ഞ വർഷം പതിമൂന്നാം വയസിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ 58 പന്തിൽ നിന്ന് സെഞ്ച്വറി നേടിയതോടെയാണ് അദ്ദേഹം ജനശ്രദ്ധ ആകർഷിക്കുന്നത്. കൂടാതെ അരങ്ങേറ്റ സീസണിൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ ഷാർദുൽ താക്കൂറിനെ സിക്‌സറിന് പായിച്ചതോടെയാണ് വൈഭവ് കൂടുതൽ ചർച്ചയായത്. അതേ സമീപനം തന്നെയാണ് വീണ്ടും താരം വച്ചുപുലർത്തുന്നത്.