വീൽ ചെയറിൽ ഇരിക്കുന്നയാളുടെ ഫോട്ടോ പങ്കുവച്ച് റോയൽസ്; കളിയാക്കിയത് ദ്രാവിഡിനെ? ആരാധകർ കലിപ്പിൽ
തുടർച്ചയായ മൂന്നാം തോൽവിയോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ പിന്നിലേക്ക് പോയിരിക്കുകയാണ് വീണ്ടും. സഞ്ജു നായകനായി വരുന്നതിന് മുൻപ് മോശം പ്രകടനം നടത്തിയിരുന്ന ടീം പിന്നീട് മെച്ചപ്പെട്ടെങ്കിലും ഇപ്പോഴിതാ പഴയ പാതയിലേക്ക് തിരിയുകയാണ്. സൂപ്പർ ഓവർ വെല്ലുവിളിയിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ അവസാന നിമിഷം തോൽവി വഴങ്ങിയതിന് പിന്നാലെ ആരാധകർ ഒന്നടങ്കം കലിപ്പിലാണ്.
ജയിക്കാമായിരുന്ന മത്സരമാണ് ടീം പടിക്കൽ കൊണ്ട് കലമുടച്ചതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇപ്പോഴത്തെ വിവാദം തോൽവിയെ ചൊല്ലിയല്ല എന്നതാണ് പ്രധാന കാര്യം. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസിന്റേത്. വീഡിയോകളും ഫോട്ടോകളും ഒക്കെയായി അവർ നിരന്തരം പോസ്‌റ്റുകൾ പങ്കുവയ്ക്കാറുണ്ട്.

അക്കൂട്ടത്തിൽ ധാരാളം ട്രോളുകളും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ അവർ പങ്കുവച്ച ഒരു മീം ഇതിനോടകം വൈറലാവുകയും കടുത്ത ആരാധക പ്രതിഷേധത്തെ തുടർന്ന് ഡിലീറ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ബോളിവുഡിലെ മെഗാഹിറ്റ് ചിത്രമായ മുന്നാഭായ് എംബിബിഎസിലെ ഒരു ചിത്രമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വീൽ ചെയറിൽ ഇരിക്കുന്ന വ്യക്തിയുടെ ഫോട്ടോയും അതിനൊപ്പം 'സബ്‌ജക്‌ടിന് ഒന്നും അനുഭവിക്കാൻ കഴിയില്ല' എന്ന വരികളുമാണ് അവർ ചേർത്തത്. ഇതോടെയാണ് ആരാധകർ ഒന്നടങ്കം വിമർശനവുമായി രംഗത്ത് വന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസ് കോച്ചുമായ രാഹുൽ ദ്രാവിഡിനെ പരിഹസിക്കുന്നതാണ് ഈ മീം എന്നായിരുന്നു ആരാധകർ ചൂണ്ടിക്കാട്ടിയത്.
ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ബെംഗളൂരുവിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ദ്രാവിഡിന് കാലിന് പരിക്കേറ്റിരുന്നു. ഇന്ത്യൻ ദേശീയ ടീമിന്റെയും രാജസ്ഥാൻ റോയൽസിന്റെയും മുൻ ക്യാപ്റ്റൻ ക്രച്ചസിലും വീൽചെയറിലും ഇരുന്നുകൊണ്ടാണ് ടീമിനെ നിലവിൽ പരിശീലിപ്പിക്കുന്നത്.
മത്സരമുള്ള ദിവസങ്ങളിൽ വീൽ ചെയർ ഉരുട്ടി ഗ്രൗണ്ടിലൂടെ പോവുന്ന ദ്രാവിഡ് ഇപ്പോഴത്തെ പതിവ് കാഴ്‌ചയാണ്. തോൽവിയോടെ വിമർശങ്ങൾ ഏറ്റുവാങ്ങുന്ന ടീം അതിന് പിന്നാലെയാണ് അടുത്ത വിവാദത്തിലേക്ക് ചെന്നുപെട്ടിരിക്കുന്നത്. ദ്രാവിഡിനെ പോലെ ഒരു സീനിയർ താരത്തെ, അതും സ്വന്തം ടീമിന്റെ പരിശീലകനെ എങ്ങനെയാണ് അപമാനിക്കുക എന്നാണ് ആരാധകർ പ്രധാനമായും ചോദിക്കുന്ന ചോദ്യം.
അതേസമയം, അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹിയെ 20 ഓവറിൽ 188 റൺസ് എന്ന സ്‌കോറിൽ ഒതുക്കിയിരുന്നു. എന്നാൽ യശസ്വി ജയ്‌സ്വാളിന്റെയും നിതീഷ് റാണയുടെയും അർധ സെഞ്ച്വറികളോടെ രാജസ്ഥാൻ വിജയലക്ഷ്യത്തിന് അരികിലെത്തിയിരുന്നു. എന്നാൽ സൂപ്പർ ഓവറിലേത് ഉൾപ്പെടെയുള്ള തന്റെ ബൗളിംഗിലൂടെ മിച്ചൽ സ്‌റ്റാർക്ക് മത്സരം ഡൽഹിക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
നല്ല ഫോമിൽ ബാറ്റ് വീശുകയായിരുന്ന നായകൻ സഞ്ജു സാംസൺ റിട്ടയേർഡ് ഹർട്ട് വിളിച്ചു പുറത്തുപോയതോടെയാണ് രാജസ്ഥാൻ തൊട്ട് മുൻപ് വീണത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ നെടുംതൂൺ ആയത് മിച്ചൽ സ്‌റ്റാർക്ക് ആണ്. 36 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തിയ താരം സൂപ്പർ ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് രാജസ്ഥാൻ ബാറ്റർമാരെ റൺ ഔട്ടാവുകയും ചെയ്‌തിരുന്നു.
നിതീഷ് റാണ 28 പന്തിൽ 51, ധ്രുവ് ജുറൽ 17 പന്തിൽ 26 എന്നിവർ മൂന്നാം വിക്കറ്റിൽ 49 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചെങ്കിലും അവസാന നിമിഷം വീഴുകയായിരുന്നു. മിച്ചൽ സ്‌റ്റാർക്കിന്റെ പന്തിലാണ് റാണ പുറത്തായത്. ഇതേ മൊമന്റം തുടർന്ന സ്‌റ്റാർക്ക് അവസാന ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് കളി വരുതിയിലാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications