മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഐപിഎല്‍ സീസണിനാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് സാക്ഷ്യം വഹിച്ചത്. സമീപകാലത്തെ സീസണുകളിലൊന്നുമില്ലാത്ത വിധം ടീം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഈ സീസണില്‍ കാണാനായത്. സഞ്ജു സാസംണിന്റെ പരിക്കും പകരം ക്യാപ്റ്റന്റെ വരവും കോച്ച് ദ്രാവിഡിന്റെ മണ്ടന്‍ തീരുമാനങ്ങളുമെല്ലാം രാജസ്ഥാന് ഈ സീസണില്‍ വിനയായി.
ചൊവ്വാഴ്ച നടന്ന അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 14 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി സീസണ്‍ അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇത് പരാജയപ്പെട്ട സീസണാണെന്ന് സമ്മതിക്കുകയും ടീം അടുത്ത സീസണിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ടീമിനുള്ളില്‍ ധാരാളം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

2025 ലെ ഐപിഎല്‍ മെഗാ ലേലത്തിന് ശേഷം തന്നെ ആരാധകര്‍ രാജസ്ഥാന്‍ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജോസ് ബട്ട്ലര്‍, യുസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നീ മാച്ച് വിന്നര്‍മാരെ വിട്ടയച്ച മാനേജ്‌മെന്റിന്റെ തീരുമാനം ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഈ ലേല തന്ത്രം ഈ സീസണില്‍ ഫലിച്ചില്ല. എന്നിരുന്നാലും പ്രഥമ ചാമ്പ്യന്‍മാര്‍ക്കായി ചില താരങ്ങള്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കാണാതിരിക്കാനാകില്ല. ആ താരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കാം.
വൈഭവ് സൂര്യവംശി
രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരില്‍ ഒരാളാണ് വൈഭവ് സൂര്യവംശി. മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്ക് വാങ്ങിയ 14 വയസ്സുകാരന്‍, ടൂര്‍ണമെന്റിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നിരുന്നാലും, സഞ്ജു സാംസണിന്റെ പരിക്ക് വൈഭവിന് തുണയായി. ലഭിച്ച അവസരം വൈഭവ് മുതലെടുക്കുകയും ചെയ്തു.
ജിടിയ്‌ക്കെതിരായ മത്സരത്തില്‍ തന്റെ പ്രായത്തിന്റെ ഇരട്ടി പ്രായമുള്ള, മികച്ച ബൗളര്‍മാര്‍ക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയാണ് വൈഭവ് തന്റെ വരവറിയിച്ചത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 252 റണ്‍സാണ് താരം നേടിയത്. 36 റണ്‍സ് ബാറ്റിംഗ് ശരാശരിയില്‍ ആണ് വൈഭവിന്റെ പ്രകടനം.
ജോഫ്ര ആര്‍ച്ചര്‍
ആര്‍ച്ചര്‍ എത്രത്തോളം മാരകമായ 'ആയുധമാണ്' എന്ന് ആരേയും ഓര്‍മ്മിപ്പിക്കേണ്ടതില്ല. ഈ സീസണില്‍ ഇംഗ്ലീഷ് സീമര്‍ പ്രതീക്ഷകള്‍ക്കനുസൃതമായി പ്രകടനം നടത്തി. മെഗാ ലേലത്തില്‍ 12.50 കോടി രൂപയ്ക്കാണ് ആര്‍ആര്‍ പരിചയസമ്പന്നനായ താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഒരു ആര്‍ആര്‍ ബൗളര്‍ വഴങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡെയാണ് ആര്‍ച്ചര്‍ പന്തെറിഞ്ഞത്.
അദ്ദേഹത്തിന് ഏറ്റവും മോശം തുടക്കമാണ് ഈ സീസണില്‍ ലഭിച്ചത്. എന്നിരുന്നാലും വലംകൈയ്യന്‍ സീമര്‍ ഫോമിലേക്ക് മടങ്ങിയെത്തി. ഈ സീസണില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 11 വിക്കറ്റുകളും 10 ല്‍ താഴെ ഇക്കോണമിയും ലഭിച്ചു.
ആകാശ് മധ്വാള്‍
വരും സീസണില്‍ ആകാശ് മധ്വാളിനെ നിലനിര്‍ത്തുകയും അദ്ദേഹത്തില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ആര്‍ആറിനുള്ള മറ്റൊരു മികച്ച ഓപ്ഷന്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ബൗളിംഗ് ആക്രമണത്തിന് മുംബൈയില്‍ നേതൃത്വം നല്‍കിയ ആകാശ് ഒരു ബൗളര്‍ എന്ന നിലയില്‍ തന്റെ കഴിവ് പ്രകടിപ്പിച്ചു. എന്നിരുന്നാലും, മധ്വാളിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാന്‍ ആര്‍ആര്‍ വൈകി പോയിരുന്നു.
അപ്പോഴേക്കും ടീമിന് ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 1.2 കോടിക്ക് വാങ്ങിയ ആകാശ് ഈ സീസണില്‍ നാല് മത്സരങ്ങള്‍ കളിക്കുകയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ നേടുകയും ചെയ്തു.