ഐപിഎല്‍ 2025 ലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിനോടകം തന്നെ പ്ലേ ഓഫ് ചിത്രം വ്യക്തമായിട്ടുണ്ട്. ഇനി ആരൊക്കെ ക്വാളിഫയര്‍ കളിക്കും എന്നും എലിമിനേറ്റര്‍ കളിക്കും എന്നും മാത്രമെ വ്യക്തമാകാനുള്ളൂ. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ ഐപിഎല്‍. അതിന് പ്രധാന കാരണം കഴിഞ്ഞ സീസണില്‍ നിന്ന് വിഭിന്നമായി മെഗാലേലത്തിന് ശേഷമാണ് താരങ്ങളും ഫ്രാഞ്ചൈസികളും കളിക്കാനെത്തിയത് എന്നതായിരുന്നു.
കോടികള്‍ എറിഞ്ഞ് സൂപ്പര്‍താരങ്ങളെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരമായിരുന്നു. എന്നാല്‍ കോടിക്കിലുക്കത്തില്‍ എത്തിയ താരങ്ങളില്‍ പലരും വന്‍ പരാജയമാകുന്ന കാഴ്ചയ്ക്കാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത്. ഏറ്റവും വിലയേറിയ കളിക്കാരില്‍ ഉള്‍പ്പെടുന്ന കുറഞ്ഞത് അഞ്ച് ഇന്ത്യന്‍ കളിക്കാര്‍ക്കെങ്കിലും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല. ഈ താരങ്ങള്‍ അതാത് ടീമുകള്‍ക്ക് ഒരു ആസ്തിയേക്കാള്‍ വലിയ ബാധ്യതയായി മാറി എന്നതാണ് സത്യം

റിഷഭ് പന്ത് (27 കോടി രൂപ)
മെഗാലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച റിഷഭ് പന്ത് തന്നെയാണ് ഈ പട്ടികയില്‍ മുന്നില്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് എല്‍എസ്ജി പന്തിനെ സ്വന്തമാക്കിയത്. കെഎല്‍ രാഹുലിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പന്തിന് കഴിയുമെന്ന പ്രതീക്ഷയോടെയാണ് നായകസ്ഥാനത്തേക്ക് എല്‍എസ്ജി പന്തിനെ തിരഞ്ഞെടുത്തത്.
എന്നാല്‍ സംഭവിച്ചത് നേരെ വിപരീതമായിരുന്നു. ഈ സീസണില്‍ ഒട്ടും സ്ഥിരത പുലര്‍ത്താന്‍ റിഷഭ് പന്തിന് സാധിച്ചില്ല. 12 മത്സരങ്ങളില്‍ നിന്ന് 100 സ്‌ട്രൈക്ക് റേറ്റിലും 12.27 ശരാശരിയിലും 135 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായിട്ടുള്ളൂ. സിഎസ്‌കെയ്ക്കെതിരായ മത്സരത്തില്‍ നേടിയ ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് എടുത്ത് പറയാവുന്ന മികച്ച പ്രകടനം.
വെങ്കിടേഷ് അയ്യര്‍ (23.75 കോടി രൂപ)
പട്ടികയില്‍ അടുത്തത് കെകെആറിന്റെ വെങ്കടേഷ് അയ്യര്‍ ആണ്. വെങ്കിടേഷിന് വേണ്ടി ഒരു ടീം 23.75 കോടി രൂപ നല്‍കുമെന്ന് ആരും കരുതിയിരുന്നില്ല. മെഗാലേലത്തിന് മുന്‍പ് കെകെആര്‍ വെങ്കടേഷിനെ നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ ലേലത്തില്‍ പൊന്നും വില കൊടുത്താണ് താരത്തെ കെകെആര്‍ തിരിച്ചുവിളിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്.
ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 20.28 ശരാശരിയില്‍ 142 റണ്‍സ് മാത്രമേ വെങ്കിടേഷിന് നേടാന്‍ കഴിഞ്ഞുള്ളൂ. 2025 ലെ ഐപിഎല്ലില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി മാത്രമുള്ള വെങ്കിടേഷ് മികച്ച ബാറ്റ്‌സ്മാനായി കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം കെകെആറിന്റെ മധ്യനിരയില്‍ ചെലുത്തി.
ഇഷാന്‍ കിഷന്‍ (11.25 കോടി രൂപ)
മുംബൈയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം എസ്ആര്‍എച്ച് ഇഷാന്‍ കിഷനെ 11.25 കോടി രൂപയ്ക്കാണ് മെഗാലേലത്തില്‍ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം 106 റണ്‍സ് നേടി പുറത്താകാതെ നിന്നു. എന്നാല്‍ അതിന് ശേഷം തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ നിന്ന് 25.66 ശരാശരിയില്‍ 231 റണ്‍സ് മാത്രമേ കിഷന് നേടാനായുള്ളൂ. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും, അത് മുതലെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
മുഹമ്മദ് ഷാമി (10 കോടി രൂപ)
മെഗാ ലേലത്തിന് മുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സ് ഷമിയെ വിട്ടുകളഞ്ഞത്. മികച്ച പ്രതിഭയാണെങ്കിലും താരത്തിന്റെ തുടര്‍ പരിക്കുകളായിരുന്നു ഇതിന് കാരണം. എന്നാല്‍ എസ്ആര്‍എച്ച് ഇക്കാര്യം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. 10 കോടി രൂപയ്ക്കാണ് താരത്തെ എസ്ആര്‍എച്ച് സ്വന്തമാക്കിയത്. ടീമിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും എന്ന പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
2025 ലെ ഐപിഎല്ലില്‍ ഇതുവരെ മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 9 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതിലുപരി 11.23 എന്ന മോശം ഇക്കണോമി റേറ്റ് ആണ് അദ്ദേഹത്തിനുള്ളത് എന്നതാണ്. ഈ സീസണില്‍ സ്ഥിരമായ വേഗതയിലോ സ്ഥിരമായ ലെങ്തുകളിലോ പന്തെറിയാന്‍ ഷമിക്ക് കഴിഞ്ഞിട്ടില്ല.
രവിചന്ദ്രന്‍ അശ്വിന്‍ (9.75 കോടി രൂപ)
10 വര്‍ഷങ്ങള്‍ക്ക് ശേഷം അശ്വിനെ സിഎസ്‌കെ സ്വന്തം ടീമിലേക്ക് തിരികെ വിളിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിനെ 9.75 കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ഈ സീസണിലെ 9 മത്സരങ്ങളില്‍ നിന്ന് വെറും 7 വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിന് വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. 2025 ലെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് 9.12 ഉം ശരാശരി 40.42 ഉം ആണ്.