'ധോണി ബഹുമാനം നഷ്‍ടപ്പെടുത്തുന്നു, 2023ന് ശേഷം വിരമിക്കേണ്ടതായിരുന്നു'; തുറന്നുപറഞ്ഞ് മനോജ് തിവാരി
ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ, ഏറ്റവും മഹാനായ നായകൻമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ദേശീയ ടീമിന് വേണ്ടിയായാലും ഐപിഎല്ലിൽ തന്റെ ടീമായ സിഎസ്കെയ്ക്ക് വേണ്ടിയായാലും ധോണി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അഞ്ച് വട്ടം ടൂർണമെന്റിൽ ചാമ്പ്യൻമാരായ ടീമാണ് സിഎസ്കെ. ആ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചതാവട്ടെ എംഎസ് ധോണിയും.
എന്നാൽ ഐപിഎൽ പതിനെട്ടാം സീസണിൽ എത്തി നിൽക്കുമ്പോൾ സിഎസ്കെയ്ക്കും തല ധോണിക്കും കാര്യങ്ങൾ അത്ര എളുപ്പമല്ല. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ധോണിയുടെ ഐപിഎൽ വിരമിക്കൽ വലിയൊരു ചർച്ചാ വിഷയമാണ്. 43കാരനായ ധോണി ഇക്കുറിയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്. എന്നാൽ മുൻകാലങ്ങളിൽ ഉണ്ടാക്കിയത് പോലെയൊരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

അതിനിടയിലാണ് താരത്തിനെതിരെ ആരാധകർ പോലും വിമർശനം ഉന്നയിക്കുന്നത്. മുൻ ഇന്ത്യൻ താരം കൂടിയായ മനോജ് തിവാരിയാണ് ഇപ്പോൾ വിഷയത്തിൽ ധോണിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരുഘട്ടം കഴിഞ്ഞിട്ടും ഐപിഎല്ലിൽ തുടരാനുള്ള ധോണിയുടെ തീരുമാനത്തെയാണ് മനോജ് തിവാരി ഇപ്പോൾ വിമർശിക്കുന്നത്.
2023ലെ ഐപിഎൽ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ശേഷം തന്നെ അദ്ദേഹം വിരമിക്കേണ്ടതായിരുന്നുവെന്ന് മനോജ് തിവാരി പറയുന്നു. ധോണിയുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ വർഷങ്ങളായി അദ്ദേഹം നേടിയ ബഹുമാനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു. ഡൽഹി ക്യാപിറ്റൽസിന് എതിരായ ചെന്നൈയുടെ തോൽവിക്ക് പിന്നാലെയാണ് മനോജ് തിവാരിയുടെ പരാമർശം.
'അദ്ദേഹം വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം 2023 ഐപിഎൽ ട്രോഫി നേടിയ സമയമായിരുന്നു എന്ന് ഞാൻ കരുതുന്നു. അപ്പോഴേക്കും അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. ക്രിക്കറ്റിൽ നിന്ന് അദ്ദേഹം നേടിയ പ്രശസ്‌തിയും പേരും ബഹുമാനവുമെല്ലാം കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കളിക്കുന്ന രീതി കാരണം നഷ്‌ടപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്' തിവാരി പറയുന്നു.
ആരാധകർക്ക് അദ്ദേഹത്തെ ഇങ്ങനെ കാണുന്നത് സഹിക്കാൻ കഴിയുന്നില്ല, അദ്ദേഹത്തിന്റെ ആ തിളക്കം നഷ്‍ടപ്പെടുകയാണ്. കഴിഞ്ഞ മത്സരത്തിന് ശേഷം വർഷങ്ങളായി ആരാധകരിൽ, പ്രത്യേകിച്ച് ചെന്നൈ ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം വളർത്തിയ വിശ്വാസം എന്നിവ നഷ്‌ടമായി എന്നാണ് അവർ തെരുവുകളിൽ ഇറങ്ങുന്ന രീതിയും അഭിമുഖങ്ങളും ഒക്കെ മനസിലാക്കി തരുന്നത്' മനോജ് തിവാരി വ്യക്തമാക്കി.
20 ഓവറുകൾ വിക്കറ്റ് കീപ്പിംഗ് നടത്തുന്ന ധോണിക്ക് തുടർച്ചയായി 10 ഓവറിലധികം ബാറ്റ് ചെയ്യാൻ സാധിക്കില്ലെന്ന കോച്ച് സ്‌റ്റീഫൻ ഫ്ലെമിംഗിന്റെ നിരീക്ഷണവും മനോജ് തിവാരി തള്ളിക്കളഞ്ഞു. ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾ ഒരിക്കലും അവർക്ക് ഗുണകരമാവുന്ന നിലയിൽ ഉള്ളതല്ലെന്നാണ് മനോജ് തിവാരി പറയുന്നത്.
അതേസമയം, ഐപിഎല്ലിലെ മറ്റ് ടീമുകൾ വിക്കറ്റ് കീപ്പർ ബാറ്റർക്ക് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ആർസിബിക്ക് വേണ്ടി ഫിൽ സാൾട്ട്, രാജസ്ഥാന് വേണ്ടി സഞ്ജു സാംസൺ, ഡൽഹിക്ക് വേണ്ടി കെഎൽ രാഹുൽ എന്നിവർ കീപ്പറുടെയും സ്പെഷ്യലിസ്‌റ്റ് ബാറ്ററുടെയും കർത്തവ്യങ്ങൾ നിറവേറ്റുന്നുണ്ട്. എന്നാൽ ധോണിയെ ഉൾപ്പെടുത്താൻ ഒരു സ്പെഷ്യലിസ്‌റ്റ് ബാറ്ററെ മാറ്റിനിർത്തേണ്ട സാഹചര്യമാണ് സിഎസ്കെയിൽ. ഇതാണ് ആരാധകർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്ന വിഷയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications