ഐപിഎൽ പതിനെട്ടാം സീസണാണ് നിലവിൽ പുരോഗമിക്കുന്നത്. ആദ്യ പകുതി ഏതാണ്ട് കഴിയാറായപ്പോൾ പ്രതീക്ഷിച്ച നിലയിൽ ഒന്നുമല്ല പോയിന്റ് പട്ടികയുള്ളത്. അഞ്ച് വട്ടം വീതം ചാമ്പ്യന്മാരായ രണ്ട് വമ്പൻ ടീമുകളും പട്ടികയിൽ വളരെ താഴെയാണ്. എന്നാൽ ഡൽഹിയും ഗുജറാത്തും പഞ്ചാബും ആർസിബിയും ഒക്കെ മുകൾ തട്ടിൽ തന്നെയുണ്ട്. ഇതോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം കൂടുതൽ കനക്കുകയാണ്.
ഇതോടെ ആരാവും ചാമ്പ്യന്മാർ എന്ന ചോദ്യമാണ് എല്ലായിടത്ത് നിന്നും ഉയരുന്നത്. ഓരോ തവണയും കപ്പ് മോഹിച്ചെത്തിയ ആർസിബി, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾക്ക് ഇപ്പോഴും കിരീടം അന്യമാണ്. അതിൽ തന്നെ ആർസിബിയുടെ കാര്യമാണ് അൽപ്പം കൂടി പരിതാപകരം. പലപ്പോഴും ടൂർണമെന്റിലെ ഏറ്റവും മികച്ച നിരയെ തന്നെ അവർ ഇറക്കിയെങ്കിലും കിരീടം മാത്രം അകന്നു നിന്നുവെന്നതാണ് സത്യം.

പിന്നെയുള്ളതിൽ ഡൽഹി ക്യാപിറ്റൽസ് മുൻപ് ഡൽഹി ഡെയർഡെവിൾസ് ആയിരുന്ന കാലത്തും, കിംഗ്‌സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ പഞ്ചാബ് കിംഗ്‌സ് കളിച്ചിരുന്ന കാലത്തുമൊക്കെ അതാത് ഫ്രാഞ്ചൈസികൾക്ക് കിരീടം തീണ്ടാപ്പാടകലെയായിരുന്നു. അതുകൊണ്ട് തന്നെ ഈ ടീമുകൾ എല്ലാം പോയിന്റ് പട്ടികയുടെ മുൻനിരയിൽ ഇടം നേടിയ സാഹചര്യത്തിൽ ഇക്കുറി ഇവരിൽ ആർക്കെങ്കിലും നറുക്ക് വീഴുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പല കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്‌പിന്നർമാരിൽ ഒരാൾ കൂടിയായിരുന്ന ഹർഭജൻ സിംഗ് ഇത്തവണത്തെ ഐപിഎൽ ചാമ്പ്യൻമാർ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. പല ഘടകങ്ങളും കണക്കിലെടുത്താണ് പാജി ഇത്തവണത്തെ വിജയിയെ പ്രവചിക്കുന്നത്. അതിൽ പോലും പലരും പ്രതീക്ഷിക്കാത്ത പേരുകൾക്കാണ് അദ്ദേഹം മുൻഗണന നൽകിയിരിക്കുന്നത്.
ഹർഭജൻ സിംഗിന്റെ പ്രവചനം
പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ കന്നി ഐപിഎൽ കിരീടം ഉയർത്തുന്ന വർഷമാണിതെന്ന് ഹർഭജൻ സിംഗ് പ്രവചിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ പഞ്ചാബ് അവരുടെ പ്രതിരോധശേഷിയെ മികച്ച രീതിയിൽ പ്രതിഫലിപ്പിച്ചിരുന്നു. വെറും 111 റൺസിന് ഓൾ ഔട്ടായ ശേഷവും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന പോരാട്ടവീര്യമാണ് പ്രശംസ അർഹിക്കുന്നത്.
നാടകീയമായ ഒരു വഴിത്തിരിവിൽ പഞ്ചാബിന്റെ പദ്ധതികൾ എല്ലാം വിചാരിച്ചത് പോലെ നടന്നതോടെ അവരുടെ ബൗളർമാർ അതിശയകരമായ തിരിച്ചുവരവ് നടത്തി മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കരുത്തുറ്റ കെകെആർ ബാറ്റിങ് നിരയെ വെറും 95 റൺസിന് എറിഞ്ഞിട്ടുകൊണ്ടാണ് അവർ 16 റൺസിന്റെ ഐതിഹാസിക വിജയം കരസ്ഥമാക്കിയത്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഹർഭജൻ സിംഗിന്റെ പ്രവചനം. 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയം അവർക്ക് ആത്മവിശ്വാസം നൽകുന്നതിനാൽ പഞ്ചാബ് കിംഗ്‌സിന് ഈ വർഷത്തെ ഐപിഎൽ നേടാൻ കഴിയും. ഇത്തരത്തിലുള്ള മത്സരം നിങ്ങൾ ജയിച്ചാൽ, നിങ്ങൾക്ക് കിരീടവും നേടാമെന്ന് തോന്നാൻ തുടങ്ങും. ഈ വർഷം തങ്ങളുടേതാണെന്ന് ഫ്രാഞ്ചൈസി ഒന്നാകെ വിശ്വസിക്കും, അവർ നന്നായി കളിക്കും' ഹർഭജൻ പറയുന്നു.
അതേസമയം, പഞ്ചാബ് കിംഗ്‌സ് ഇക്കുറി ശ്രേയസ് അയ്യരുടെ കരുത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്ക് ഒപ്പം കിരീടം നേടിയ ശേഷം ശ്രേയസ് പഞ്ചാബ് നിരയിലേക്ക് എത്തിയപ്പോൾ തന്റെ നായക മികവ് ആവർത്തിക്കുകയാണ്. 26.75 കോടി എന്ന വൻ തുകയ്ക്ക് ടീമിൽ എത്തിച്ച ശ്രേയസ് ഇക്കുറി കന്നി കിരീടം എന്ന സ്വപ്‌നം യാഥാർഥ്യമാക്കും എന്ന പ്രതീക്ഷയിലാണ് പ്രീതി സിന്റയും കൂട്ടരും.