ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് ജയം തേടിയെത്തിയ രാജസ്ഥാൻ റോയൽസ് പത്തി താഴ്ത്തി മടങ്ങേണ്ടി വന്നു. ഡൽഹി ക്യാപിറ്റൽസിനെ അവരുടെ മടയിൽ പോയി അടിച്ചിട്ട് ജയം നേടി വരുമെന്നാണ് അവർ കരുതിയത്. എല്ലാം അവരുടെ വഴിയേ വന്നെങ്കിലും അവസാന നിമിഷം വരെ പോരാടി അവർ തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ ഈ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ ക്യാമ്പിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരിക്കുകയാണ്.
ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളാണ് വിമർശനത്തിന് പാത്രമാവുന്നത്. ജയിക്കാമായിരുന്ന മത്സരം തോൽപ്പിച്ചു കൊണ്ട് പോയിന്റ് പട്ടികയിലെ മുന്നേറ്റവും പ്ലേ ഓഫ് സാധ്യതയുമാണ് റോയൽസ് ഇല്ലാതാക്കിയത് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സീസണിൽ ഇതുവരെയുള്ള ഫലങ്ങൾ ആശാവഹമല്ലെന്ന് ഇരിക്കെയാണ് ഡൽഹിക്കെതിരായ മണ്ടൻ തീരുമാനങ്ങൾ അവർക്ക് വിനയാവുന്നത്.

ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിനാണ് അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാൽ ശരിക്കും പറഞ്ഞാൽ 40 ഓവറുകളിൽ മുഴുവൻ റോയൽസ് കൊണ്ടുനടന്ന പോരാട്ടവീര്യം നശിപ്പിക്കുന്ന തീരുമാനങ്ങളാണ് തുടക്കം മുതൽ സൂപ്പർ ഓവറിൽ നടത്തിയത്. അതിൽ ആദ്യത്തേതാണ് മികച്ച ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ റിയാൻ പരാഗിനെ കൊണ്ട് വന്നത്.
യശസ്വി ജയ്‌സ്വാളും നിതീഷ് റാണയും സൂപ്പർ ഓവറിൽ ആദ്യമിറങ്ങുമെന്ന് ഉറപ്പിച്ച സമയത്താണ് ഡൽഹിയെ പോലും അമ്പരപ്പിച്ചു കൊണ്ട് റിയാൻ പരാഗിനെയും ഷിംറോൺ ഹെറ്റ്‌മേയറിനെയും ഇറക്കുന്നത്. ഇതോടെയാണ് മത്സരം രാജസ്ഥാന്റെ കൈയിൽ നിന്ന് അകന്നത്. മികച്ച സ്‌കോർ പ്രതീക്ഷിച്ചെങ്കിലും സ്‌റ്റാർക്കിന് മുൻപിൽ റോയൽസ് താരങ്ങൾ വിയർക്കുകയായിരുന്നു.
ഈ തീരുമാനത്തിന് രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത്. സോഷ്യൽ മീഡിയ വഴി ആരാധകർ ഒന്നാകെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പരാഗിനെ എന്തിനാണ് ടീം മാനേജ്‌മെന്റ് ഇങ്ങനെ സംരക്ഷിക്കുന്നതെന്നും നിർണായക ഘട്ടത്തിൽ പോലും പരീക്ഷണത്തിന് മുതിരുന്നതിലൂടെ ടീമിന്റെ മുന്നോട്ടുള്ള സാധ്യതകളാണ് അസ്‌തമിക്കുന്നതെന്നും അവർ പറയുന്നു.
വാക്കുകൾ ഏറ്റെടുത്ത് ക്രിസ് ശ്രീകാന്തും
ഇക്കാര്യത്തിൽ വിമർശകരുടെ പക്ഷം പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്തും. മത്സരശേഷം, രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ ഓവർ തിരഞ്ഞെടുപ്പുകളെ വിമർശിക്കുന്നതിൽ ശ്രീകാന്ത് ഒട്ടും മടി കാണിച്ചില്ല. മത്സരത്തിനിടെ മിച്ചൽ സ്‌റ്റാർക്കിനെ അടിച്ചു തകർത്ത യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കാനുള്ള ടീമിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു. ഇത് ഡൽഹിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്നാണ് അദ്ദേഹം പറയുന്നത്.
'ആർആറിന്റെ മോശം തീരുമാനങ്ങൾ, ആദ്യ ഓവർ സൂപ്പർ ഓവർ കോമ്പിനേഷൻ തെറ്റായിരുന്നു, സ്‌റ്റാർക്കിനെതിരെ അപകടകാരിയായ ഒരു കളിക്കാരനുണ്ടായിരുന്നിട്ടും, ബുദ്ധിമുട്ടുന്ന രണ്ട് ബാറ്റർമാരെ നിങ്ങൾ അയച്ചു, അത് ഡൽഹിക്ക് ഒരു വാക്ക് ഓവർ ആയിരുന്നു! എന്തായാലും ഒരു കാര്യം ഉറപ്പാണ്, ക്യാച്ചുകൾ മത്സരങ്ങൾ വിജയിപ്പിക്കും!' എന്നായിരുന്നു ശ്രീകാന്ത് എക്‌സിലൂടെ ചൂണ്ടിക്കാട്ടിയത്.
റൺചേസിന്റെ മൂന്നാം ഓവറിൽ സ്‌റ്റാർക്കിന്റെ പന്തിൽ ജയ്‌സ്വാൾ രണ്ട് ഫോറുകളും ഒരു സിക്‌സറും പറത്തി മത്സരം വരുതിയിലാക്കിയിരുന്നു. ഇടംകൈയ്യൻ ബാറ്റർ 37 പന്തിൽ മൂന്ന് ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 51 റൺസ് നേടിയാണ് പുറത്തായത്. ഇത്രയും നല്ല റെക്കോർഡ് ഉണ്ടായിട്ടും ജയ്‌സ്വാളിനെ സൂപ്പർ ഓവറിൽ മൂന്നാമനായാണ് ഇറക്കിയത്.
അതേസമയം, ആറ് മത്സരങ്ങളിൽ അഞ്ച് വിജയങ്ങളുമായി ഡൽഹി ക്യാപിറ്റൽസ് നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നിന്ന് ഒരു തോൽവി മാത്രമാണ് അക്‌സർ പട്ടേലിന്റെ നേതൃത്വത്തിലുള്ള ടീം വഴങ്ങിയത്, ഇന്നലത്തെ ജയത്തോടെ അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.