IPL 2025: ധോണിയുടെ ഏഴയലത്ത് എത്തുമോ പന്ത്..? ഡൽഹിക്കെതിരെ റിഷഭിന്റെ പ്ലാൻ ചീറ്റി, എടുത്തുകുടഞ്ഞ് പൂജാര
ഇന്ത്യൻ പ്രീമിയർ പതിനെട്ടാം സീസണിലെ ഏറ്റവും വിലയേറിയ താരമാണ് റിഷഭ് പന്ത്. 27 കോടി എന്ന മോഹവില കൊടുത്താണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരത്തെ ലേലത്തിൽ സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമായിരുന്നു ഇതെന്നതാണ് ഡീലിന്റെ പ്രത്യേകത. കന്നി കിരീടം ലക്ഷ്യമിട്ട് എത്തുന്ന എൽഎസ്‌ജിയെ സംബന്ധിച്ചിടത്തോളം പന്തിനെ പോലെ കഴിവുറ്റ താരത്തെ സ്വന്തമാക്കാൻ ഇത്രയും ഉയർന്ന തുക ചിലവഴിച്ചതിൽ കുറ്റം പറയാൻ കഴിയില്ല.
എന്നാൽ സീസണിൽ ബാറ്റിംഗ് കൊണ്ടും ക്യാപ്റ്റൻസിയിലെ മോശം തീരുമാനങ്ങൾ കൊണ്ടും ആരാധകരുടെ വിമർശനം ഏറ്റുവാങ്ങുകയാണ് റിഷഭ് പന്ത് തുടർച്ചയായ മത്സരങ്ങളിൽ. ഇക്കുറി കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഇറങ്ങിയതെങ്കിൽ അതിന് പന്തിന്റെ മോശം ഫോം വലിയൊരു വെല്ലുവിളിയായി അവശേഷിക്കുകയാണ്. കഴിഞ്ഞ മത്സരവും ഇതിന് ഒരു ഉദാഹരണമായി.

ഡൽഹിക്കെതിരായ മത്സരത്തിൽ പന്തിന്റെ ബാറ്റിംഗ് ഓർഡറിലെ പരീക്ഷണവും ധോണി സ്‌റ്റൈൽ പരീക്ഷിക്കലും ഒക്കെ കുറച്ചൊന്നുമല്ല ആരാധകരുടെ വിമർശനത്തിന് കാരണമായിരിക്കുന്നത്. മത്സരത്തിനിടെ കമന്റേറ്റർമാരും ശേഷം മുതിർന്ന താരങ്ങളും ഉൾപ്പെടെ പന്തിന്റെ തീരുമാനങ്ങളെ കാര്യമായി തന്നെ എതിർക്കുകയാണ് ചെയ്‌തത്. ഇപ്പോഴിതാ ചേതേശ്വർ പൂജാരയും പന്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ഏഴാമനായി ബാറ്റിംഗിന് പന്ത് ഇറങ്ങിയ തീരുമാനമാണ് പൂജാരയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. എരിതീയിലേക്ക് എണ്ണ ഒഴിക്കും പോലെ പന്ത് മത്സരത്തിൽ രണ്ട് പന്തിൽ ഡക്കാവുകയും ചെയ്‌തു. ഇതോടെയാണ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്‌തു കൊണ്ട് പൂജാര വിമർശനം കടുപ്പിച്ചത്.
ആ ചിന്താഗതി എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ല. അദ്ദേഹം ബാറ്റിംഗ് ഓർഡറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നതിൽ സംശയമില്ല. എംഎസ് ധോണി ചെയ്യുന്നതുപോലെ ചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നു, പക്ഷേ ധോണിയുടെ പ്രായത്തോട് അടുത്തെങ്ങുമില്ല പന്തിന്റെത്. ആറ് മുതൽ പതിനഞ്ച് ഓവറുകൾ വരെയുള്ള മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യേണ്ട ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം ഒരു ഫിനിഷർ അല്ല, ഒരു ഫിനിഷറുടെ ജോലി അദ്ദേഹം ചെയ്യരുത്; പൂജാര ചൂണ്ടിക്കാട്ടി.
സമാനമായി ഇതേ ചർച്ചയിൽ മുൻ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റും പന്തിനെതിരെ ആഞ്ഞടിച്ചു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ പന്താണ് ടീമിനെ മുന്നിൽ നിന്ന് നയിക്കേണ്ടതെന്നും എങ്ങനെയാണ് പിന്നെ അദ്ദേഹം പിന്നിലേക്ക് വലിയുകയെന്നുമാണ് നൈറ്റ് ചോദിക്കുന്നത്. ആയുഷ് ബദോനിയുടെ ഫോം കണക്കിലെടുക്കുമ്പോൾ വേണമെങ്കിൽ നമുക്ക് ന്യായീകരിക്കാമെങ്കിലും പന്ത് സ്വയം മുന്നിട്ടിറങ്ങണമായിരുന്നു എന്നാണ് നൈറ്റ് പറയുന്നത്.
അതേസമയം, ഈ സീസൺ ഐപിഎല്ലിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും 96.36 എന്ന സ്ട്രൈക്ക് റേറ്റിൽ 106 റൺസ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ മോശം ഫോമിനെയാണ് കാണിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ കൂടി തോറ്റതോടെ ഇതുവരെ അവരുടെ ഏറ്റവും മികച്ച കോമ്പിനേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എൽഎസ്‌ജി നായകൻ പറഞ്ഞത്.
ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആതിഥേയർക്ക് 159/6 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. മുകേഷ് കുമാർ 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ എൽഎസ്‌ജി ബാറ്റിംഗ് നിരയ്ക്ക് കാര്യമായ പ്രതിരോധം ഉയർത്താൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങിന് ഇറങ്ങിയ ഡൽഹി പതിനെട്ടാം ഓവറിൽ കേവലം രണ്ട് വിക്കറ്റ് നഷ്‍ടത്തിൽ വിജയം പിടിച്ചെടുത്തു. കെഎൽ രാഹുൽ അർധ സെഞ്ച്വറി നേടി ഡൽഹിയെ മുന്നിൽ നിന്ന് നയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications