ഐപിഎല്ലിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനവുമായി പോയിന്റ് പട്ടികയുടെ മുൻനിരയിൽ ഇടം പിടിച്ച അവർ അഞ്ചാം മത്സരത്തിൽ തോൽവി വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ നേടിയ സൂപ്പർ ഓവർ ത്രില്ലർ ജയം ടീമിന് നിർണായകമായ രണ്ട് പോയിന്റുകളും ഒന്നാം സ്ഥാനവുമാണ് സമ്മാനിച്ചത്.
ജയത്തിൽ നിർണായക പങ്കുവഹിച്ചത് മിച്ചൽ സ്‌റ്റാർക്ക് ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനമാണ്. എന്നാൽ ഡൽഹിക്ക് വേണ്ടി മികച്ച ഫോമിലുണ്ടായിരുന്ന കെഎൽ രാഹുലിന് പക്ഷേ ഈ മത്സരത്തിൽ വിചാരിച്ചത് പോലെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 32 പന്തുകൾ നേരിട്ട താരത്തിന് വെറും 38 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. താരത്തിന്റെ ബാറ്റിങിലെ മെല്ലെപ്പോക്ക് പക്ഷേ ഈ മത്സരത്തിലും ചർച്ചകൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ്.

ടി20യിൽ പോലും സ്കോറിംഗ് മികവ് കാണിക്കുന്നതിൽ രാഹുലിന്റെ മെല്ലെപ്പോക്ക് പലപ്പോഴും വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ടീം നിരന്തരം മത്സരങ്ങൾ ജയിക്കുമ്പോഴും രാഹുലിനെതിരെ വിമർശനം ശക്തമാവുകയാണ്. ലോകകപ്പ് ഫൈനലിലെ തോൽവിയിൽ അന്ന് ഏറ്റവും കൂടുതൽ പഴികേട്ടത് രാഹുലിനായിരുന്നു. എങ്കിലും ഐപിഎല്ലിൽ പൊന്നുംവിലയ്ക്കാണ് ഡൽഹി താരത്തെ സ്വന്തമാക്കിയത്.
അതിനിടെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെ താരം പുറത്തെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിന് എതിരായ നിർണായക മത്സരത്തിൽ കുറഞ്ഞ സ്കോറിംഗ് വേഗമാണ് രാഹുലിന് വിനയായത്. ഭേദപ്പെട്ട ടോട്ടൽ എന്ന റോയൽസിന്റെ സ്വപ്‌നം സാധ്യമായത് അവസാന നിമിഷം ആഞ്ഞടിച്ച അക്‌സർ പട്ടേലിന്റെയും സ്‌റ്റബസിന്റെ ബാറ്റിംഗ് കൊണ്ടാണ്.
ഇപ്പോഴിതാ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഒരു പോസ്‌റ്റ് മാച്ച് പരിപാടിയിലാണ് രാഹുലിന്റെ ബാറ്റിംഗ് ശൈലിയെ കടുത്ത ഭാഷയിൽ പൂജാര വിമർശിച്ചത്. ഒരു സീനിയർ തരാമെന്ന് നിലയിൽ രാഹുൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അൽപ്പം കൂടി അക്രമണാത്മക ശൈലിയിൽ ബാറ്റ് വീശണമെന്നുമാണ് പൂജാര ആവശ്യപ്പെടുന്നത്.
'കെഎൽ രാഹുൽ സീനിയർ കളിക്കാരൻ ആയതിനാൽ, 15-20 പന്തുകൾ കളിച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. എന്നാൽ, അതേസമയം തന്നെ അദ്ദേഹം കുറച്ചുകൂടി ആക്രമിച്ച് കളിക്കണമായിരുന്നു, കാരണം അദ്ദേഹം സജ്ജനായിരുന്നു. പിച്ചിലേക്ക് ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന് ധാരാളം അവസരമുണ്ടായിരുന്നു, അപ്പോഴേക്കും സാഹചര്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു' പൂജാര ചൂണ്ടിക്കാട്ടി.
'അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓർഡറിലും മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട്, അദ്ദേഹം കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണ്. സാധാരണയായി പവർപ്ലേയിൽ അദ്ദേഹം കഠിനാധ്വാനം ചെയ്യാറുണ്ട്, പക്ഷേ അതിനുശേഷം, ആ സമയത്താണ് അദ്ദേഹം കുറച്ചുകൂടി ആക്രമണാത്മകമായി കളിക്കേണ്ടത്. തന്റെ സ്വാഭാവിക ഗെയിം കളിക്കുന്നതിനുപകരം തന്റെ വിക്കറ്റ് സംരക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു' പൂജാര കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹി തോറ്റ കഴിഞ്ഞ കളിയിൽ മുംബൈയ്‌ക്കെതിരെ രാഹുലിന് കാലുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല, 13 പന്തിൽ നിന്ന് 15 റൺസ് മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞുള്ളൂ. എങ്കിലും രാജസ്ഥാനെതിരായ സൂപ്പർ ഓവറിൽ, സന്ദീപ് ശർമ്മയുടെ വേഗത കുറഞ്ഞ പന്തുകൾ എറിയാനുള്ള പ്രവണത മുതലെടുത്ത് രാഹുൽ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
188/5 എന്ന സ്കോറാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി നേടിയത്. മിച്ചൽ സ്‌റ്റാർക്ക് മികച്ചു നിന്നതോടെ റോയൽസ് റൺ-ചേസിൽ 188/4 എന്ന സ്കോർ നേടി തുല്യത പാലിച്ചു. തുടർന്ന് സൂപ്പർ ഓവറിലും സ്‌റ്റാർക്കിന്റെ വീരോചിതമായ പ്രകടനം ഡിസിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ഡൽഹിക്ക് വേണ്ടി കെഎൽ രാഹുൽ പുറത്താവാതെ മൂന്ന് പന്തിൽ 7 റൺസാണ് നേടിയത്.