IPL 2025: ആരാധകരേ ശാന്തരാകുവിൻ..; ഐപിഎൽ വീണ്ടും തുടങ്ങുന്നു, മെയ് 17ന് ആദ്യ മത്സരം, ഫൈനൽ എപ്പോൾ?
ഇന്ത്യ-പാക് സംഘർഷം മൂലം താൽക്കാലികമായി നിർത്തിവച്ച ഐപിഎൽ മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ അതിർത്തി സംസ്ഥാനങ്ങളിൽ അടക്കം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയും സംഘർഷാവസ്ഥയിൽ കുറവുണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐപിഎൽ പുനരാരംഭിക്കുന്നത്. മത്സരങ്ങൾ മെയ് 17 മുതലായിരിക്കും വീണ്ടും ആരംഭിക്കുക എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
എന്നാൽ ശേഷിക്കുന്ന മത്സരങ്ങൾ തിരഞ്ഞെടുത്ത വേദികളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. ബാക്കിയുള്ള 17 മത്സരങ്ങൾ 6 വേദികളിലായി (ബെംഗളൂരു, ജയ്‌പൂർ, ഡൽഹി, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ്) നടക്കും. കൂടാതെ ഐപിഎൽ 2025 ഫൈനൽ മെയ് 25ന് പകരം ജൂൺ 3ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരാഴ്‌ചയോളമാണ് ഐപിഎൽ മത്സരങ്ങൾ ഇക്കുറി നിർത്തിവച്ചത്.

ഐപിഎൽ 2025 പുതുക്കിയ ഷെഡ്യൂൾ
മെയ് 18, മെയ് 25 എന്നീ ഞായറാഴ്‌ചകളിൽ മാത്രമേ രണ്ട് മത്സരങ്ങൾ നടക്കൂ. മെയ് 29ന് ക്വാളിഫയർ 1, മെയ് 30ന് എലിമിനേറ്റർ 2, ജൂൺ 1ന് ക്വാളിഫയർ 2 എന്നിവ നടക്കും. നേരത്തെ നിശ്ചയിച്ചതിലും ഒരാഴ്‌ചത്തെ താമസമാണ് മത്സരങ്ങൾക്ക് ഉണ്ടാവുക. പ്രധാനമായും മത്സരങ്ങൾ പ്രത്യേക വേദികളിലായി മാത്രം പരിമിതപ്പെടുത്തിയതോടെ ചില ടീമുകൾക്ക് ശേഷിക്കുന്ന ഹോം മത്സരങ്ങൾ നഷ്‍ടമാവും എന്നതാണ് ശ്രദ്ധേയമായ കാര്യം.
കൂടാതെ നേരത്തെ പാതിവഴിയിൽ നിർത്തേണ്ടി വന്ന ഡൽഹി-പഞ്ചാബ് മത്സരം വീണ്ടും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സീസണിലെ 58-ാമത്തെ മത്സരമായിരുന്ന പഞ്ചാബ് കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ മത്സരം ആരംഭിച്ച് 10.2 ഓവറുകൾ കഴിഞ്ഞപ്പോൾ അത് റദ്ദാക്കിയിരുന്നു. മെയ് 24ന് ജയ്‌പൂരിൽ വെച്ച് ഇത് ആദ്യം മുതൽ നടക്കുമെന്നാണ് സൂചന.
ഐപിഎൽ പുനരാരംഭിക്കുമ്പോൾ ആദ്യം ഏറ്റുമുട്ടുക കിരീട പ്രതീക്ഷയുള്ള ടീമായ ആർസിബിയും ഏതാണ്ട് പ്ലേ ഓഫ് കാണാതെ പുറത്താവലിന്റെ വക്കിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ്. ബെംഗളൂരുവിൽ വച്ചാണ് ഈ മത്സരം നടക്കുക. ശനിയാഴ്‌ച ഒരു മത്സരം മാത്രമാണ് നടക്കുക. ഞായറാഴ്‌ച രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സിനെയും രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെയും ആയിരിക്കും നേരിടുക.
അതേസമയം, നിലവിൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികൾ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് അറിയിക്കുമെന്നാണ് ബോർഡ് വ്യക്തമാക്കിയത്. നേരത്തെ പ്രഖ്യാപിച്ച വേദികളിൽ ആയിരിക്കില്ല മത്സരങ്ങൾ നടക്കുക എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. നിലവിൽ സുരക്ഷാ കാരണങ്ങളാൽ നിരവധി വിദേശതാരങ്ങൾ രാജ്യം വിട്ടിരുന്നു.
ഇവരിൽ ആരൊക്കെയാണ് തിരിച്ചെത്തുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഓസീസ് താരങ്ങളിൽ ഒരുപാട് പേർ ഇന്ത്യ വിട്ടിരുന്നു. ഇവർ തിരിച്ചെത്തുമോ എന്നാണ് ഇനി അറിയേണ്ടത്. താൽക്കാലിക വെടിനിർത്തൽ നീട്ടിയ സാഹചര്യത്തിൽ താരങ്ങൾ തിരിച്ചെത്തുന്നതിന് തടസങ്ങൾ ഒന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
അതിനിടെ ഇക്കുറി ഐപിഎൽ മുടങ്ങിയതോടെ നിരാശയിലായ ആരാധകർക്ക് സന്തോഷം പകരുന്നതാണ് പുതിയ വാർത്ത. കന്നിക്കിരീടം നേടാനുള്ള സുവർണാവസരമായാണ് ഇതിനെ ആർസിബി കാണുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ മുൻനിരയിൽ തന്നെയാണ് അവർ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഒന്നാമതുള്ള ഗുജറാത്തിനും ആർസിബിക്കും 16 പോയിന്റുകൾ വീതമുണ്ട്.
ആദ്യഘട്ടത്തിൽ പിന്നിലേക്ക് പോയി വമ്പൻ തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യൻസ് ആണ് പട്ടികയിൽ നാലാമതുള്ളത്. ആർസിബിയെ പോലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിട്ട് എത്തിയ പഞ്ചാബ് കിംഗ്‌സ് മൂന്നാമതും ഇടം നേടി. ഇപ്പോഴും സാധ്യതകൾ അവശേഷിക്കുന്ന ഡൽഹിയും കൂടി ശക്തമായി ഇറങ്ങിയാൽ ഐപിഎൽ അവസാന ഭാഗം കടുത്ത പോരാട്ടത്തിന്റെ വേദിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications