ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ലഖ്‌നൗവും ആർസിബിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ കാണികൾക്ക് അതൊരു വിരുന്നായി. കൂറ്റൻ സ്‌കോർ ചേസ് ചെയ്‌ത ടീമിന് പക്ഷേ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നേടാനും ഒടുവിൽ ജയം കൈവരിക്കാനും സാധിച്ചു എന്നതാണ് ആർസിബിയെ സന്തോഷിപ്പിക്കുന്ന കാര്യം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റൺ ചേസാണ് ടീം വിജയകരമായി പൂർത്തിയാക്കിയത്.
എന്നാൽ കേവലം അവരുടെ മികച്ച പ്രകടനം കൊണ്ട് മാത്രമല്ല ടീം ജയിച്ചതെന്നാണ് ഇപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല അവരുടെ ചില താരങ്ങളുടെ തുടർ പിഴവുകൾ ആർസിബി മുതലാക്കിയെന്നും അതുകൊണ്ട് മാത്രമാണ് ജയിക്കാൻ കഴിഞ്ഞതെന്ന് ആരോപിക്കുമ്പോഴും ബാംഗ്ലൂരിന്റെ പോരാട്ടവീര്യം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ലഖ്‌നൗ സൂപ്പർ ജയൻറ്സ് നിരയിലെ ഒരു താരത്തിന്റെ പ്രകടനമാണ്. വിൽ ഒറൂർക്കിനെയാണ് ഇന്നലത്തെ തോൽവിയിൽ എൽഎസ്‌ജി ആരാധകർ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഒന്നോ രണ്ടോ പിഴവുകൾ അല്ല താരം വരുത്തിയതെന്നും മത്സരം തോൽക്കാൻ കാരണമായ എല്ലാ വീഴ്‌ചകളും സംഭവിച്ചത് താരത്തിന് ആണെന്നും ആരാധകർ ആരോപിക്കുന്നു.
എൽഎസ്‌ജിയുടെ വില്ലൻ,ആർസിബിയുടെ നായകൻ
കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനമാണ് താരം കാഴ്‌ചവച്ചത് എന്നത് മാത്രമല്ല പ്രശ്‌നം, മത്സരം വരുതിയിലാക്കാൻ സാധിക്കുമായിരുന്ന ഘട്ടത്തിൽ തുടർച്ചയായ പിഴവുകൾ വരുത്തിയാണ് ആർസിബിക്ക് ജയം ഒരുക്കി കൊടുത്തത്. മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ ന്യൂസിലാൻഡ് പേസർ അതിൽ വഴങ്ങിയത് 74 റൺസുകളാണ്. അത് തന്നെ മത്സരത്തിൽ ലഖ്‌നൗവിനെ ഏറ്റവും വലിയ രീതിയിൽ പിന്നോട്ട് വലിക്കുന്ന ഘടകമായിരുന്നു.
അതുകൊണ്ട് മാത്രം തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി, മത്സരത്തിൽ ഉടനീളം മിസ് ഫീൽഡുകളുടെ ഘോഷ യാത്രയാണ് താരം നടത്തിയത്. അതും രണ്ട് വട്ടമാണ് ബൗണ്ടറി ലൈനിൽ നിന്നുള്ള മോശം ഫീൽഡിങിലൂടെ രക്ഷിക്കാമായിരുന്നു മൂന്നോ നാലോ റൺസ് വിട്ടുകൊടുത്തത്. ആ റൺസ് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവർക്ക് മത്സരത്തിൽ ജയിക്കാൻ കഴിയുമായിരുന്നു എന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ഇതുകൂടാതെ ഒരു ഈസി റൺ ഔട്ട് ചാൻസും താരം നഷ്‌ടപ്പെടുത്തി കളഞ്ഞിരുന്നു. അങ്ങനെ നോക്കുമ്പോൾ ലഖ്‌നൗവിന്റെ തോൽവിയിൽ താരത്തിന് വലിയ പങ്കുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എങ്കിലും ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ എൽഎസ്‌ജിയെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ വിജയ പരാജയങ്ങൾ അവരെ ഒരുതരത്തിലും ബാധിക്കുന്നതായിരുന്നില്ല. മറിച്ച് ആർസിബിക്ക് ആവട്ടെ അത് അനിവാര്യവും ആയിരുന്നു.
ഇതോടെയാണ് പലരും ആർസിബിക്ക് വേണ്ടിയാണ് താരം കളിച്ചതെന്നുള്ള പരിഹാസവുമായി രംഗത്ത് വന്നത്. എന്നാൽ മറ്റ് ചിലരാവട്ടെ താരത്തെ ന്യായീകരിക്കുകയാണ് ചെയ്‌തത്. താരതമ്യേന ഇന്ത്യൻ അന്തരീക്ഷത്തിൽ പുതുമുഖമായ ഒറൂർക്കിന് മത്സര പരിചയം കുറവാണെന്നും അതുകൊണ്ട് ഉണ്ടാവുന്ന വീഴ്‌ചകൾ മാത്രമാണ് ഇതെന്നും അതിനാൽ തന്നെ താരത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും ആളുകൾ പറയുന്നു.
അതേസമയം, നിർണായക മത്സരത്തിൽ ബൗളിംഗിൽ അമ്പേ പരാജയപ്പെട്ടുവെങ്കിലും ബാറ്റിങ് മികവിലൂടെയാണ് ആർസിബി മത്സരം തിരിച്ചുപിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്നോ സൂപ്പർ ജയൻറ്സ് സെഞ്ച്വറി നേടിയ പന്തിന്റെ ബലത്തിൽ കൂറ്റൻ സ്‌കോർ ആണ് ഉയർത്തിയത്. 227 റൺസായിരുന്നു അവർ സ്‌കോർ ബോർഡിൽ ചേർത്തത്. എന്നാൽ ജിതേഷ് ശർമ്മ, കോലി എന്നിവരുടെ അർധസെഞ്ച്വറികളുടെ ബലത്തിൽ ഈ ലക്ഷ്യം ആർസിബി മറികടന്നു.