IPL 2025: ഭുവിയെ പൊന്നുംവിലയ്ക്ക് ടീമിൽ എത്തിച്ച് ആർസിബി; ഈ നീക്കം പാളിയോ? 10.75 കോടിക്ക് ഇല്ലെന്ന് വിമർശനം
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലം പുരോഗമിക്കുകയാണ്. ലേലം അവസാനഘട്ടത്തോട് അടുക്കുമ്പഴേക്കും ഒട്ടുമിക്ക ടീമുകളും തങ്ങളുടെ പണപ്പെട്ടി ഏതാണ്ട് കാലിയാക്കിയ നിലയിലാണ് ഉള്ളത്. അതിനിടയിൽ ഇന്നത്തെ ചില ടീമുകളുടെ സർപ്രൈസ് നീക്കങ്ങളും വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. അതിൽ ചില ടീമുകൾ താരങ്ങൾക്കായി മുടക്കിയ വലിയ തുകയും മറുവശത്ത് ചെറിയ വിലയ്ക്ക് വൻ താരങ്ങളുടെ വാങ്ങലുകളും ഒക്കെ ഉൾപ്പെടുന്നു.
അത്തരത്തിൽ പലരെയും ഞെട്ടിച്ചൊരു നീക്കം നടത്തിയത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമായിരുന്നു. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ വലിയ തുക മുടക്കിയാണ് അവർ ടീമിൽ എത്തിച്ചിരിക്കുന്നത്. ബൗളിങ് നിരയിൽ കാലങ്ങളായി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ആർസിബിയെ സംബന്ധിച്ച് ഒറ്റനോട്ടത്തിൽ വലിയ മീൻ തന്നെയാണ് വലയിൽ കുടങ്ങിയതെന്ന് പറയാം.

ടൂർണമെന്റിന്റെ ചരിത്രം എടുത്ത് നോക്കിയാൽ നമുക്ക് കാണാവുന്നത് എക്കാലവും ബാറ്റിങ് മികവ് കൊണ്ട് ആറാടുന്ന ആർസിബി ടീമിനെയാണ്. വിരാട് കോലി, ക്രിസ് ഗെയ്ൽ, എബിഡി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിങ്ങനെ ലോക ക്രിക്കറ്റിലെ മഹാരഥൻമാരായ ബാറ്റർമാർ വലിയൊരു ശതമാനമാനവും ആർസിബിയിലാണ് കളിച്ചിരുന്നത്.
എന്നാൽ ആ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താൻ അവരുടെ ബൗളിങ് യൂണിറ്റ് പരാജയപ്പെട്ടപ്പോഴാണ് കിരീടം അകന്ന് നിന്നത്. എന്നാൽ ഭുവനേശ്വർ കുമാറിലൂടെ ആ വിടവ് നികത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് മാനേജ്‌മെന്റ് പങ്കുവയ്ക്കുന്നത്. എങ്കിലും എത്ര കണ്ട് വിജയിക്കുമെന്ന കാര്യത്തിൽ ധാരാളം സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ഭുവി വളരെ പ്രതിഭാധനനായ ബൗളർ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അടുത്ത കാലത്തായി താരത്തിന്റെ ഫോമിലുണ്ടായ ഇടിവാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകം. ലീഗിലെ ഏറ്റവും വിജയകരമായ ബൗളർ തന്നെയാണ് ഭുവി. ആകെ 176 മത്സരങ്ങൾ കളിച്ച തരാം 181 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാൽ സൺ റൈസേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണിൽ വേണ്ടത്ര ശോഭിക്കാൻ ഭുവിക്ക് കഴിഞ്ഞിരുന്നില്ല.
കൂടാതെ താരത്തിന്റെ എക്കണോമിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. മുൻ സീസണുകളിൽ ഒക്കെയും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്ന താരമിപ്പോൾ ധാരാളമായി റൺസ് വിട്ട് നൽകുന്നുണ്ട്. കൂടാതെ താരത്തിന്റെ പ്രായവും മുഖ്യഘടകമാണ്. നിലവിൽ ഭുവിക്ക് 34 വയസ് പിന്നിട്ട് കഴിഞ്ഞു. പേസർമാരുടെ കാര്യം പറയുമ്പോൾ ഇതൊരു അധിക പ്രായം തന്നെയാണ്.
കൂടാതെ യാഷ് ദയാൽ, ഹേസൽവുഡ് പോലെയുള്ള പേസർമാർ ഉള്ളിടത്ത് എന്തിനാണ് പത്ത് കോടിക്ക് മുകളിൽ നൽകി ഭുവിയെ കൊണ്ട് വന്നത് എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. ഈ ബൗളിങ് നിരയ്‌ക്കൊപ്പം ഭുവി പിടിച്ചുനിൽക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെ സാധിച്ചാൽ അത് വിമർശകർക്ക് കിട്ടുന്ന വലിയ തിരിച്ചടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications