ഐപിഎല്ലിൽ പോയിന്റ് ടേബിളിൽ പിന്നിലായിരുന്ന വമ്പന്മാർ തിരിച്ചുവരുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും അവസാന മത്സരങ്ങൾ ജയിച്ചു കഴിഞ്ഞു. ഇന്നലെ നടന്ന ലോ സ്കോറിംഗ് ത്രില്ലറിൽ എൽഎസ്‌ജിയെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് മലർത്തിയടിച്ചത്. ഇതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനെതിരെ വിമർശനം ശക്തമാവുകയാണ്.
താരത്തിന്റെ മോശം പ്രകടനത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ കളിയിൽ അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ സ്കോറിംഗ് വേഗത ഉയർത്താൻ ഒരു ഘട്ടത്തിലും പന്തിന് സാധിച്ചിരുന്നില്ല. പുറത്താവുമ്പോൾ 49 പന്തിൽ 63 റൺസാണ് താരം നേടിയിരുന്നത്. എങ്കിലും ഇപ്പോഴത്തെ വിമർശങ്ങൾ അധികവും റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ളതാണ്. പന്തിന്റെ തെറ്റായ തീരുമാനങ്ങളാണ് ചെന്നൈക്ക് ജയിക്കാൻ വഴിയൊരുക്കിയത് എന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.

അത് ഒന്നുകൂടി കടുപ്പിച്ചു പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് പന്തിനെതിരെ ചോപ്ര ആഞ്ഞടിച്ചത്. മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും, റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയിട്ടും രവി ബിഷ്ണോയിയെ നാലാം ഓവർ എറിയാൻ പന്ത് അനുവദിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്രയുടെ വിമർശനം.
'ക്യാപ്റ്റൻസിയിൽ ഋഷഭ് പന്തിന് പിഴവ് പറ്റിയതായി എനിക്ക് തോന്നുന്നു. രവി ബിഷ്ണോയിയുടെ ഓവർ എറിയേണ്ടതായിരുന്നു. നിങ്ങൾ അദ്ദേഹത്തിനെ മുഴുവൻ ഓവറുകളും എറിയാൻ അനുവദിച്ചില്ലെങ്കിൽ പിന്നെ നിങ്ങൾ അത് എങ്ങനെ ചെയ്യും? രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ, മൂന്ന് ഓവറിൽ കാര്യമായി റൺസ് പോലും വഴങ്ങാത്ത ഒരാളായിരുന്നു അദ്ദേഹം, പക്ഷേ നിങ്ങൾ അദ്ദേഹത്തെ തടഞ്ഞു' ആകാശ് ചോപ്ര പറയുന്നു.
'ആ ഓവർ അദ്ദേഹത്തിന് നൽകിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. അദ്ദേഹത്തിന്റെ ഈ തന്ത്രം പിഴച്ചുവെന്ന് ഞാൻ കരുതുന്നു. ഗ്രൗണ്ടിൽ എത്ര മഞ്ഞുണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. മഞ്ഞുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്, പക്ഷേ രവി ബിഷ്‌ണോയി ഒരു ഓവർ കൂടി എറിയണമായിരുന്നു' ചോപ്ര ചൂണ്ടിക്കാട്ടി.
ഇതേ വീഡിയോയിൽ തന്നെ പന്തിന്റെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ചും ആകാശ് ചോപ്ര മനസ് തുറക്കുകയുണ്ടായി. 'ഈ മത്സരത്തിൽ അദ്ദേഹം റൺസ് നേടി എന്നത് ശരിയാണ്, പക്ഷേ അദ്ദേഹം അത്ര വേഗത്തിൽ സ്കോർ ചെയ്‌തില്ല എന്നതാണ് സത്യം. അവർക്ക് 15 മുതൽ 20 വരെ റൺസ് കുറവായിരുന്നു. ആദ്യ മൂന്ന് ബാറ്റർമാർ പുറത്തായാൽ അവരുടെ ടീം അൽപ്പം ബുദ്ധിമുട്ടിലാവും. ഇത്തവണ അവർ പെട്ടെന്ന് പുറത്തായി, ടീം സമ്മർദ്ദത്തിലായി' ആകാശ് ചോപ്ര പറഞ്ഞു.
മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് സിഎസ്കെ ജയിച്ചത്. ഒരു ഘട്ടത്തിൽ ലഖ്‌നൗ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ചെന്നൈ പതറിയിരുന്നു, പ്രത്യേകിച്ച് സ്‌പിന്നർമാർക്ക് മുന്നിൽ. എന്നാൽ പന്ത് പേസർമാരെ രംഗത്ത് കൊണ്ടുവന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായി. ഒടുവിൽ 11 പന്തിൽ 26 റൺസ് എടുത്ത ധോണി ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.