Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇങ്ങനുണ്ടോ ഒരു തോല്‍വി! കലിതുള്ളി മുതലാളി; രാഹുലിന് 'ധോണിയുടെ അവസ്ഥ' ആകുമോ?

വിജയങ്ങളും പരാജയങ്ങളുമെല്ലാം ക്രിക്കറ്റില്‍ സാധാരണയാണ്. ഒരു ടീം വിജയിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് പരാജയപ്പെട്ടേ പറ്റൂ. ഇന്നലെ വരെ എല്ലാവരേയും പരാജയപ്പെടുത്തി, ആധിപത്യം ഉറപ്പിച്ച നടന്നവര്‍ ഇന്ന് ചെറിയവരോട് പരാജയപ്പെട്ടേക്കാം. ചില വിജയങ്ങള്‍ പ്രതീക്ഷിച്ചതാകുമ്പോള്‍ ചില പരാജയങ്ങള്‍ അപ്രതീക്ഷിതമാകും. വിജയ പരാജയങ്ങളെ അവിടെ ഉപേക്ഷിച്ച്, അടുത്ത മത്സരത്തിലേക്ക് കടക്കുക എന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്.

എന്നാല്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള പരാജയം അടുത്ത കാലത്തൊന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മറക്കാന്‍ ഇടയില്ല. എന്താണ് സംഭവിച്ചതെന്ന് പോലും ലഖ്‌നൗവിന് ചിന്തിച്ചെടുക്കാന്‍ സാധിക്കും മുമ്പ് തന്നെ ഹൈദരാബാദ് വിജയം നേടി കളി തീര്‍ത്തിരുന്നു. ലഖ്‌നൗ 20 ഓവറില്‍ നേടിയ 165 റണ്‍സ് മറി കടക്കാന്‍ ഹൈദരാബാദിന് വേണ്ടി വന്നത് വെറും 9.4 ഓവറുകള്‍ മാത്രമാണ്.

IPL 2024

അസാധാരണമാണെങ്കിലും കളിക്കളത്തില്‍ ഇതൊക്കെ സംഭവ്യമാണ്. പക്ഷെ കളിക്ക് ശേഷം ഇന്നലെ നടന്ന രംഗങ്ങള്‍ അതിലും നാടകീയമായിരിക്കുന്നു. ലഖ്‌നൗവിന്റെ ഉടമ സഞ്ജീവ് ഗോയങ്ക മത്സര ശേഷം ഗ്രൗണ്ടില്‍ വച്ച് തന്നെ ലഖ്‌നൗവിന്റെ നായകന്‍ കെഎല്‍ രാഹുലിന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ലഖ്‌നൗ ഉടമയില്‍ നിന്നുണ്ടായ ഈ വികാര പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ടോസ് നേടിയ ലഖ്‌നൗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ആ തീരുമാനത്തോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല ലഖ്‌നൗവിന്റെ ബാറ്റിംഗ് പ്രകടനം. ആദ്യ ആറ് ഓവറുകള്‍ അവസാനിക്കുമ്പോള്‍ ലഖ്‌നൗ നേടിയത് 27 റണ്‍സ് മാത്രമായിരുന്നു. രണ്ട് വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. നായകന്‍ കെഎല്‍ രാഹുല്‍ 33 പന്തുകൡ നിന്നും നേടിയത് 29 റണ്‍സായിരുന്നു. അവസാന ഓവറുകളില്‍ 26 പന്തില്‍ നിക്കോളാസ് പൂരാന്‍ നേടിയ 48 റണ്‍സും ആയുഷ് ബദോനി നേടിയ 33 പന്തുകളിലെ 55 റണ്‍സുമാണ് ലഖ്‌നൗലിനെ രക്ഷിച്ചെടുത്തത്.

എന്നാല്‍ ഇതൊന്നും സണ്‍റൈസേഴ്‌സിന് ഒരു വെല്ലുവിളിക്കുന്ന സ്‌കോര്‍ പോലുമായില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് പവര്‍പ്ലേയില്‍ മാത്രം 107 റണ്‍സാണ് നേടിയത്. പത്താമത്തെ ഓവറില്‍ വിക്കറ്റൊന്നും പോകാതെ ഹൈദാരാബാദ് വിജയിക്കുകയും ചെയ്തു. ലഖ്‌നൗ ഒരിക്കലും മറക്കാത്ത പ്രഹരമായിരുന്നു ട്രാവിസും അഭിഷേകും ചേര്‍ന്ന് നല്‍കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതുപോലൊരു അടി ഇതുവരെ കണ്ടിട്ടുണ്ടാകില്ല.

ബാറ്റിംഗിലും ബൗളിംഗിലും സമ്പൂര്‍ണ പരാജയമായി മാറുകയായിരുന്നു ലഖ്‌നൗ. ടീമിന്റെ ഇത്ര മോശം പ്രകടനമാണ് ഉടമയെ കലിപിടിപ്പിച്ചത്. മത്സര ശേഷം തന്റെ ദേഷ്യം ഗോയങ്ക നായകന്‍ കെഎല്‍ രാഹുലിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഗോയങ്കയുടെ പ്രതികരണം അതിരുകടന്നു പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ക്രിക്കറ്റില്‍ ഇതൊക്കെ സാധാരണയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഗോയങ്കയുടെ ദേഷ്യം കണ്ട ആരാധകര്‍ ചിന്തിക്കുന്നത് എന്തായിരിക്കും കെഎല്‍ രാഹുലിന്റെ ഭാവി എന്നാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മെഗാ ഓക്ഷനില്‍ രാഹുലിനെ ലഖ്‌നൗ നിലനിര്‍ത്താതിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ആശങ്ക. നേരത്തെ ഇതേ ഉടമകളുടെ ടീമായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിന്റെ നായകസ്ഥാനത്തു നിന്നും എംഎസ് ധോണിയെ പുറത്താക്കിയ സംഭവവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

IPL 2024

2016 ല്‍ ധോണി നയിച്ച ടീം പോയന്റ് ടേബിളില്‍ ഏറെ താഴെയാണ് ഫിനിഷ് ചെയ്തത്. പിന്നാലെ ധോണിയെ മാറ്റി സ്റ്റീവ് സ്മിത്തിനെ നായകനാക്കിയാണ് അടുത്ത വര്‍ഷം പൂനെ കളിക്കാനിറങ്ങിയത്. നായകന്‍ ധോണിയെ മാറ്റാനുള്ള തീരുമാനം സഞ്ജീവ് ഗോയങ്കയുടേതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ധോണിയ്ക്ക് വേണ്ടി ഭാര്യ സാക്ഷി ധോണി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

അന്ന് ധോണിയ്ക്ക് നേരിടേണ്ടി വന്ന അതേ വിധിയാകുമോ രാഹുലിനെ കാത്തിരിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിലവില്‍ പോയന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ലഖ്‌നൗ. 12 പോയന്റുകളുണ്ട്. ലഖ്‌നൗവിനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ ഇതുപോലൊരു പരാജയത്തില്‍ നിന്നും ടീം എങ്ങനെ തിരിച്ചുവരും എന്നതും കണ്ടറിയണം.

Story first published: Thursday, May 9, 2024, 17:20 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+