മുംബൈ: ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചു കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായക സ്ഥാനത്തു നിന്നും മാറ്റുന്നത്. പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി തിരികെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കുകയായിരുന്നു മുംബൈ. ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കുകയും രണ്ടാം സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത നായകനായിരുന്നു ഹാര്‍ദിക്.
എന്നാല്‍ രോഹിത്തിന്റെ പകരക്കാരനായി മുംബൈയിലേക്കുള്ള ഹാര്‍ദിക്കിന്റെ തിരിച്ചുവരവിന് പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല ആരാധകരില്‍ നിന്നും ലഭിച്ചത്. ആരാധകരുടെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. ക്രിക്കറ്റ് പണ്ഡിതര്‍ക്കും ഈ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ഐപിഎല്‍ 2024 പകുതി ദൂരം പിന്നിടാനിരിക്കെ ഈ ചോദ്യം ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആരാധകര്‍. എന്തിന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കി?

മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റേയും നായകന്‍. ഇന്ത്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ചതിന് പിന്നാലെയാണ് രോഹിത്തിന്റെ സ്ഥാന ചലനം എന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന വസ്തുതകളായിരുന്നു. മുംബൈ ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
ഈ വിഷയത്തില്‍ മൂന്ന് കാഴ്ചപ്പാടുകളുണ്ടെന്നാണ് ഉത്തപ്പ പറയുന്നത്. ആദ്യത്തേത് മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റേതാണ്. രണ്ടാമത്തേത് പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടേതും. മൂന്നാമത്തേത് മുന്‍ നായകന്‍ രോഹിത് ശര്‍മയുടേതും. 2013 ലാണ് രോഹിത് ശര്‍മയെ മുംബൈയുടെ നായകനാക്കുന്നത്. റിക്കി പോണ്ടിംഗിനെ മാറ്റിയാണ് രോഹിത്തിനെ നായകനാക്കിയത്. ആ തീരുമാനത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകരും ടീമിലെ സീനിയര്‍ താരങ്ങളു സ്വീകരിച്ചതെന്ന് ഉത്തപ്പ പറയുന്നുണ്ട്.
''ഹാര്‍ദിക് പാണ്ഡ്യ അവരുടെ കണ്ടെത്തലാണ്. അവരുടെ സ്‌കൗട്ടിംഗ് വഴികളിലൂടെയായിരുന്നു അവനെ കണ്ടെത്തിത്. അവര്‍ നോക്കിയത് ഒരു യഥാര്‍ത്ഥ മുംബൈക്കാരന്‍ പയ്യനെയായിരുന്നു. സീസണിന്റെ മധ്യത്തിലാണ് റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത് ശര്‍മയെ മുംബൈയുടെ നായകനാക്കുന്നത്. അതേ ഫ്രാഞ്ചൈസ് തന്നെയാണിത്. സച്ചിനും ഹര്‍ഭജനും റിക്കി പോണ്ടിംഗുമുള്‍പ്പടെ എല്ലാ സീനിയേഴ്‌സും അന്ന് രോഹിത്തിനെ പിന്തുണച്ചിരുന്നു'' ഉത്തപ്പ പറയുന്നു.
''കഴിഞ്ഞ നാല് വര്‍ഷമായി കണക്കുകള്‍ പ്രകാരം. ഞാന്‍ രോഹിത് ശര്‍മ എന്ന ബാറ്ററുടെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല, പക്ഷെ ഫ്രാഞ്ചൈസിയുടെ കാഴ്ച്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍. 2020 ല്‍ അവര്‍ വിജയിച്ചു. പക്ഷെ കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ വിജയിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും രോഹിത് 300 ല്‍ കുറവാണ് സ്‌കോര്‍ ചെയ്തത്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും പരാജയപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ മാത്രമാണിത്, ബാക്കിയെല്ലായിടത്തും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്'' എന്നാണ് ഉത്തപ്പ പറയുന്നത്.
അതേസമയം 2019 ന് ശേഷം രോഹിത് ഒരിക്കല്‍ പോലും 400 ന് മുകളില്‍ ഒരു സീസണിലും നേടിയിട്ടില്ല. തന്റെ കരിയറിലെ ഏറ്റവും മോശം ഐപിഎല്‍ സീസണ്‍ ആയിരുന്നു രോഹിത്തിന് 2022. 268 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് 120 മാത്രമാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ പോയന്റ് ടേബിളില്‍ അവസാനം സ്ഥാനത്തെത്തിയാണ് ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷം പ്ലേ ഓഫിലെത്തി. പക്ഷെ ഇത്തവണയും ബാറ്റിംഗിലെ രോഹിത്തിന്റെ പ്രകടനം മോശമായിരുന്നു. 132 സ്‌ട്രൈക്ക് റേറ്റില്‍ 332 റണ്‍സാണ് രോഹിത് നേടിയത്.
''അതുകൊണ്ടാണ് മുംബൈ ഇതുപോലൊരു തീരുമാനത്തിലെത്തിയത്. നമ്മള്‍ രോഹിത്തിനേയും കടന്നു വേണം അതേക്കുറിച്ച് ചിന്തിക്കാന്‍. ഒരുപക്ഷെ കഴിഞ്ഞ സീസണിന്റെ അവസാനമായിരിക്കാം ഈ ചര്‍ച്ച ഉടലെടുത്തത്. പല ഡയറക്ഷനിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം. പിന്നാലെയാണ് ഏകദിന ലോകകപ്പില്‍ രോഹിത് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. നായകനായും ബാറ്ററായുമുള്ള അദ്ദേഹത്തിന്റെ മഹത്വം അവിടെ എല്ലാവരും കണ്ടതാണ്'' എന്നും ഉത്തപ്പ പറയുന്നു.
''അവരുടെ കാഴ്ചപ്പാടില്‍ അവര്‍ ശരിയായിരുന്നിരിക്കണം. അവര്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന രീതിയും ഇപ്പോഴത്തെ രീതിയും ഒന്നു തന്നെയാണ്. അപ്പോള്‍ പിന്നെ അവരെ എങ്ങനെ കുറ്റം പറയാനാകും?'' എ്ന്നാണ് ഉത്തപ്പ ചോദിക്കുന്നത്.