Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗുജറാത്തിന്റെ ഹീറോ, മുംബൈയുടെ വില്ലന്‍! ഹാര്‍ദിക്കിന്റെ വലിയ വീഴ്ചയുടെ നാല് കാരണങ്ങള്‍

വലിയ പ്രതീക്ഷകളുമായാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മടങ്ങിയത്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി, ആ സ്ഥാനത്തേക്കാണ് മുംബൈ ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ കൊണ്ടു വരുന്നത്. ക്രിക്കറ്റ് ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനമുണ്ടായ തീരുമാനമായിരുന്നു അത്. ഇന്നും മുംബൈയുടെ ആരാധകരില്‍ ഒരു വിഭാഗം ഹാര്‍ദിക്കിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

മുംബൈയുടെ സ്വന്തം തട്ടകത്തില്‍ പോലും ആരാധകര്‍ ഹാര്‍ദിക്കിനെ വരവേറ്റത് കൂവലുകളോടെയായിരുന്നു. മത്സരങ്ങള്‍ വിജയിച്ച് ആരാധകരുടെ വിശ്വാസം നേടിയെടുക്കാനുള്ള ഹാര്‍ദിക്കിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുംബൈ തുടര്‍ പരാജയങ്ങളില്‍ വലയുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെടുകയാണ്.

IPL 2024

ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ നായകനായിരുന്നു ഹാര്‍ദിക്. രണ്ടാം സീസണിലും ഫൈനലിലെത്തിച്ചു. എന്നാല്‍ ഈ വിജയം മുംബൈയില്‍ ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും ഗുജറാത്തിലെ വിജയം ഹാര്‍ദിക്കിന് മുംബൈയുടെ നായകനായപ്പോള്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയത്? നാല് കാരണങ്ങള്‍ പരിശോധിക്കാം.

1. ഗ്യാലറിയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാമുള്ള കൂവലുകളും അധിക്ഷേപങ്ങളും ട്രോളുകളുമെല്ലാം ഹാര്‍ദിക് പാണ്ഡ്യയെ ബാധിച്ചിട്ടുണ്ടാകാം. മാനസികമായി ഹാര്‍ദിക് പാണ്ഡ്യയെ തളര്‍ത്താന്‍ തക്ക ശക്തമാണ് താരം നേരിടുന്ന വെറുപ്പ്. പാണ്ഡ്യയുടെ പ്രകടനത്തെ ഈ പ്രതികരണങ്ങള്‍ സാരമായി തന്നെ ബാധിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്.

2. 2022 ലാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലെത്തുന്നത്. ഗുജറാത്തിന്റെ ആദ്യ സീസണായിരുന്നു അത്.സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മെഗാ ഓക്ഷന്‍ മുതല്‍ക്കു തന്നെ ഹാര്‍ദിക് തിരഞ്ഞെടുത്തവരായിരിക്കും ഗുജറാത്തിന്റെ താരങ്ങളില്‍ ഏറിയപങ്കും. എന്നാല്‍ മുംബൈയില്‍ സംഭവിച്ചത് അതല്ല. മുന്നേ തയ്യാറാക്കപ്പെട്ടൊരു ടീമിലേക്ക് ഹാര്‍ദിക് പാണ്ഡ്യയെ നായകനായി പ്രതിഷ്ഠിക്കുകയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍, രോഹിത് ശര്‍മയുടെ ടീമിനെ ഹാര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കേണ്ടി വരികയായിരുന്നു.

3. ഗുജറാത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തിരുന്നത് നാലാം നമ്പറിലായിരുന്നു. ബാറ്റിംഗിള്‍ ആങ്കറിംഗ് റോളിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നത്. ബൗളിംഗ് ഓപ്പണ്‍ ചെയ്തിരുന്നതും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ മുംബൈയിലേക്ക് എത്തുമ്പോള്‍ ബാറ്റര്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ റോള്‍ എന്തെന്നതില്‍ വ്യക്തതയില്ല.

4. ഗുജറാത്തിന്റെ പരിശീലകന്‍ ആശിഷ് നെഹ്‌റയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഉണ്ടായിരുന്നത്. ഇരുവരുടേയും ഈ ആത്മബന്ധം അവരുടെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബന്ധം ഹാര്‍ദിക്കും മുംബൈയുടെ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും തമ്മിലില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്.

നിലവില്‍ പോയന്റ് ടേബളില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈയുള്ളത്. മുംബൈയ്ക്ക് പിന്നിലുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാത്രമാണ്. പത്ത് മത്സരങ്ങള്‍ കളിച്ച മുംബൈ മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ബാക്കി ഏഴിലും മുംബൈ പരാജയപ്പെടുകയായിരുന്നു.

Story first published: Thursday, May 2, 2024, 15:12 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+