ക്രിക്കറ്റ് ലോകത്തെ കിരീടം വെക്കാത്ത രാജാവാണ് വിരാട് കോലി. ആരാധകര്‍ അദ്ദേഹത്തെ കിങ് കോലി എന്ന് വിളിക്കുന്നത് വെറുതെയല്ല. കളിക്കളത്തില്‍ കോലിയ്ക്ക് പകരക്കാരനില്ല. എതിരാളികളുടെ പേടി സ്വപ്നം. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസും ഊര്‍ജ്ജവുമായി കോലി ഇന്ത്യന്‍ ടീമിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും പ്രചോദനമായി മുന്നില്‍ തന്നെ നില്‍ക്കുന്നു. ക്രിക്കറ്റില്‍ വിരാട് കോലിയ്ക്ക് നേടാനോ തെളിയിക്കാനോ ഇനിയെന്നും ബാക്കിയില്ല.
ക്രിക്കറ്റ് കളിക്കളത്തില്‍ വിരാട് കോലിയെ ഭയപ്പെടുത്തുന്ന ഒന്നും തന്നെയില്ല. പക്ഷെ ഓഫ് ഫീല്‍ഡില്‍ അങ്ങനെയല്ല, വിരാട് കോലിയെന്ന വ്യക്തിയ്ക്ക് ചില്ലറ പേടികളൊക്കെയുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് എന്തെന്ന് വെളിപ്പെടുത്തിയിക്കുകയാണ് വിരാട് കോലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിരാട് കോലി മനസ് തുറന്നത്.

തന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ടര്‍ബുലന്‍സ് ആണെന്നാണ് വിരാട് കോലി പറയുന്നത്. ''എനിക്ക് ടര്‍ബുലന്‍സ് ഭയമാണ്. ആ സമയം ഞാനൊരു വിഡ്ഢിയെ പോലെയാകും കാണപ്പെടുക. വളരെ മോശമായൊരു ടര്‍ബുലന്‍സ് വന്നാല്‍ ആദ്യം സീറ്റിന്റെ സൈഡില്‍ പിടിക്കുന്നത് ഞാനായിരിക്കാം. ഞാന്‍ തീര്‍ന്നെന്നാകും തോന്നുക'' എന്നാണ് വിരാട് കോലി പറയുന്നത്.
അതേസമയം ഐപിഎല്ലില്‍ മികച്ച ഫോമിലാണ് വിരാട് കോലിയുള്ളത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട മത്സരത്തിലടക്കം കോലി തിളങ്ങിയിരുന്നു. സീസണിലെ ആദ്യ സെഞ്ചുറിയാണ് കോലി രാജസ്ഥാനെതിരെ നേടിയത്. 72 പന്തുകളില്‍ നിന്നും 113 റണ്‍സാണ് വിരാട് കോലി നേടിയത്. നാല് സിക്‌സുകളും 12 ഫോറുകളും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിംഗ്‌സ്.
ഐപിഎല്ലില്‍ ഈ സീസണിലും ആര്‍സിബിയെ മുന്നില്‍ നിന്ന് നയിക്കുന്നത് വിരാട് കോലിയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നും വിരാട് കോലിയുടെ സമ്പാദ്യം 316 റണ്‍സാണ്. ഇതില്‍ രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടും. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലും കോലിയെ ഒഴിച്ച് ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാനാകില്ല. അതേസമയം വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ട് വാദം നിലനില്‍ക്കുമ്പോഴും ലോകകപ്പ് ടീമില്‍ കോലി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മറിച്ച് ചിന്തിക്കുക തന്നെ അസാധ്യമാണ്. കോലിയുടെ അനുഭവ സമ്പത്തും മികച്ച ഫോമുമൊന്നും പരിഗണിക്കാതിരിക്കാനാകില്ല. നിലവില്‍ ഐപിഎല്ലിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ കൂടിയാണ് വിരാട് കോലി എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ നില നിലവില്‍ മോശമാണ്. പോയന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. ഇതുവരെ കളിച്ച അഞ്ച് കളികളില്‍ ഒന്നില്‍ മാത്രമാണ് ബാംഗ്ലൂരിന് വിജയിക്കാന്‍ സാധിച്ചത്. പോയന്റ് ടേബിളില്‍ പിന്നിലുള്ളത് ഡല്‍ഹി മാത്രമാണ്. തിങ്കളാഴ്ചയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. വിജയ വഴിയിലേക്ക് തിരികെ വരേണ്ടത് ബാംഗ്ലൂരിന് നിര്‍ണായകമാണ്.