Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പുതുചരിത്രം കുറിച്ച് കിങ് കോലി; ഐപിഎല്ലില്‍ 8000 റണ്‍സ് നേടുന്ന ആദ്യ താരം!

ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ കോലിയ്‌ക്കൊരു പുതുമയല്ല. ഇന്നിതാ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിലെന്നതു പോലെ തന്നെ ഐപിഎല്ലിലും റണ്‍മെഷീനായി തുടരുന്ന കോലി ഇന്ന് കുറിച്ചത് സമാനതകളില്ലാത്ത ചരിത്രമാണ്. ഐപിഎല്ലില്‍ 8000 റണ്‍സ് എന്ന കടമ്പ കടക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് വിരാട് കോലി.

2016 ലെ ഐക്കോണിക് സീസണിന് ശേഷം സമാനമായ രീതിയില്‍ കോലി സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചൊരു സീസണാണ് ഇപ്പോള്‍ നടക്കുന്നത്. 700 ല്‍ പരം റണ്‍സുമായി ഈ സീസണിലെ ഓറഞ്ച് ക്യാപ്പിനുള്ളില്‍ മത്സരത്തില്‍ മുന്നില്‍ തന്നെയുണ്ട് വിരാട് കോലി. നാല് അര്‍ധ സെഞ്ചുറികളാണ് ഈ സീസണില്‍ കോലി നേടിയത്. തുടര്‍ പരാജയങ്ങളില്‍ നിന്നും തുടര്‍ വിജയത്തിലേക്കുള്ള ആര്‍സിബിയുടെ ഐതിഹാസികമായ തിരിച്ചുവരവിന്റെ ഇന്ധനം കോലിയുടെ ബാറ്റിംഗ് മികവു തന്നെയാണ്.

IPL 2024

ഐപിഎല്ലില്‍ ഇതുവരെ എട്ട് സെഞ്ചുറികളും 55 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട് വിരാട് കോലി. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരത്തിലും കോലിയെ തേടിയൊരു റെക്കോര്‍ഡ് എത്തിയിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രം 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോലി കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇതാദ്യമായിട്ടാണ് ഐപിഎല്‍ താരം ഒരു ഗ്രൗണ്ടില്‍ വച്ച് മാത്രമായി 3000 റണ്‍സ് നേടുന്നത്.

ഇതിന് പിന്നാലെയാണ് കോലി ഇന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചത്. രാജസ്ഥാനെതിരായ മത്സരത്തിലൂടെ 8000 ഐപിഎല്‍ റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് വിരാട് കോലി. രസകരമായ വസ്തുത എന്തെന്നാല്‍ ഐപിഎല്ലില്‍ ആദ്യം 4000, 5500, 6000, 7000, 7500, 8000 എന്നീ നാഴികക്കല്ലുകള്‍ പിന്നിടുന്ന താരം കൂടിയാണ് വിരാട് കോലി.

അതേസമയം രാജസ്ഥാനെതിരെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം അത് നിലനിര്‍ത്താന്‍ കോലിയ്ക്ക് സാധിച്ചില്ല. 24 പന്തില്‍ 33 റണ്‍സുമായാണ് കോലി പുറത്താകുന്നത്. യുസ്വേന്ദ്ര ചാഹലാണ് കോലിയെ പുറത്താകുന്നത്. നേരത്തെ കോലിയും നായകന്‍ ഡുപ്ലെസിസും ചേര്‍ന്ന് ബാംഗ്ലൂരിന് നല്ലൊരു തുടക്കം നല്‍കിയിരുന്നു. 14 പന്തില്‍ 17 റണ്‍സെടുത്താണ് ഡുപ്ലെസിസ് പുറത്താകുന്നത്. ട്രെന്റ് ബോള്‍ട്ടാണ് ഡുപ്ലെസിസിനെ പുറത്താക്കുന്നത്.

അതേസമയം ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് എതിരാളികളില്ല. 708 റണ്‍സാണ് ഈ സീസണില്‍ കോലി നേടിയിട്ടുള്ളത്. രണ്ടാമതുള്ള റുതുരാജ് ഗെയ്ഗ്വാദിന് 583 റണ്‍സാണുള്ളത്. ചെന്നൈ നേരത്തെ തന്നെ പുറത്താവുകയും ചെയ്തു. മൂന്നാമതുള്ള ട്രാവിസ് ഹെഡ്ഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കോലിയുള്ളത്.

പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയിലാണ്. തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ ഇന്നിറങ്ങിയിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പരാജയപ്പെട്ട് സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന മൊമന്റം കൈവിട്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫിനെത്തിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുക എന്നത് ഇരു ടീമുകള്‍ക്കും ജീവന്‍മരണ പോരാട്ടമാണ്. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ അടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍.

Story first published: Wednesday, May 22, 2024, 20:29 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+